ഉളുന്തൂർപ്പേട്ട: ഉളുന്തൂർപ്പേട്ടയിലെ ഉൾഗ്രാമവാസികൾ സാധാരണഗതിയിൽ രാത്രി എട്ടുമണിയോടെ വീട്ടുവാതിൽ കൊട്ടിയടയ്ക്കാറാണ് പതിവ്. എന്നാൽ, ഇപ്പോൾ ശീലങ്ങളൊക്കെ മാറി. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളിൽ പലരും രാത്രിയിലാണ് വോട്ടുതേടിയിറക്കം. ഏതുസമയത്തും അവരുടെ വരവു പ്രതീക്ഷിക്കാം.

രാവിലെ പണിക്കുപോകുന്നവരെ നേരിൽക്കണ്ട് വോട്ടുചോദിക്കണമെങ്കിൽ യാത്ര രാത്രിയാക്കുന്നതാണ് സ്ഥാനാർഥികൾക്കും സുഖം. ഉളുന്തൂർപ്പേട്ടയിലെ ഗ്രാമങ്ങളിൽ രാത്രികാല വോട്ടുപിടിത്തത്തിൽ മുഖ്യൻ ഡി.എം.ഡി.കെ. നേതാവ് വിജയകാന്താണ്.
ഉളുന്തൂർപ്പേട്ട ടൗണിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള ശരവണപ്പാക്കം ഗ്രാമം.

സമയം രാത്രി 9.15. ആഘോഷലഹരിയിലാണ് ഗ്രാമം മുഴുവൻ. വിജയകാന്തിനെ കാത്തിരിക്കുകയാണ് നാട്ടുകാർ. റോഡരികിൽ കൊടിതോരണങ്ങൾ അലങ്കരിച്ചിരുന്നു. ഡപ്പാംകൂത്ത് നൃത്തവുമായി ഒരു സംഘം ചെറുപ്പക്കാർ. ഉച്ചഭാഷിണിയിൽ മുഴങ്ങുന്ന പ്രചാരണഗാനവും അനൗൺസ്‌മെന്റും.  

പൊടുന്നനെ ഒരു ജിപ്‌സി കാർ അതിവേഗത്തിൽ ആൾക്കൂട്ടത്തിനു നേരെയെത്തി. വിജയകാന്തിന്റെ ഭാര്യാസഹോദരൻ എൽ.കെ. സുധീഷും രണ്ടു മൂന്നു പേരുമാണ് അതിൽ. ക്യാപ്റ്റൻ വരുന്നുണ്ടെന്ന് സുധീഷ് പ്രാദേശികനേതാക്കളോട് പറയുന്നു. കവലയിൽ തമ്പടിച്ചിരുന്ന പോലീസും അർധസൈനികരും ഉഷാറോടെ രംഗത്തിറങ്ങി.

ആർപ്പുവിളികൾ മുഴങ്ങി... ‘ക്യാപ്റ്റൻ... വാഴ്‌കൈ, ക്യാപ്റ്റൻ വാഴ്‌കൈ...’ കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കങ്ങൾ ചീറിപ്പൊട്ടി. അന്തരീക്ഷം പുകയിൽ മുങ്ങി. പുകപടലങ്ങൾക്കുള്ളിലൂടെ ഒരു രൂപം തെളിഞ്ഞുവന്നു. തുറന്നവാഹനത്തിൽ കൂപ്പുകൈയോടെ പുഞ്ചിരിച്ചുനിൽക്കുന്ന വിജയകാന്ത്. വെള്ള മുണ്ടും ഷർട്ടും വേഷം. മുഖത്ത് പ്രഭാവലയം സൃഷ്ടിക്കുന്നതരത്തിലായിരുന്നു വാഹനത്തിൽ പ്രകാശക്രമീകരണം.

മൈക്രോഫോൺ കൈയിലെടുത്ത്, കൂടിനിന്നവർക്ക് കൈവീശി നന്ദിയറിയിച്ചുകൊണ്ടാണ് സംസാരം തുടങ്ങിയത്. ‘‘ഞാൻ വന്ന ഈ വഴികളിലൂടെയാണ് നിങ്ങൾ എന്നും സഞ്ചരിക്കുന്നത്. നോക്കൂ, ഈ റോഡുകൾ. കുണ്ടും കുഴിയുമായിക്കിടക്കുന്നു. പത്തുവർഷം നിങ്ങൾ തിരഞ്ഞെടുത്ത എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. വരുത്തിവെച്ച ദുരന്തമാണിത്.

റോഡു നന്നാക്കാനുള്ള പണം സ്വന്തം കീശയിലേക്കു പോയാൽ ഇതല്ല, ഇതിലപ്പുറമാവും അവസ്ഥ. ബിരുദധാരികളായ ആയിരക്കണക്കിനുപേർ ഇവിടെ പണിയില്ലാതെ വിഷമിക്കുന്നു. എന്നെ വിജയിപ്പിച്ചാൽ ഞാൻ ഇവിടെ ഒരു മെഡിക്കൽ കോളേജ് കൊണ്ടുവരാം.

റോഡുകൾ നന്നാക്കാം, കുടിവെള്ളം തരാം, ജോലിതരാം’’. ആർത്തുവിളിച്ച ജനങ്ങൾക്കുമുന്നിൽ ഒരു നിമിഷം വിജയകാന്ത് മൗനംപാലിച്ചു. പിന്നെ തുടർന്നു. ‘‘നിങ്ങളുടെ ചിഹ്നമേത്?’’ ജനങ്ങൾ ഉത്തരം നൽകി - ‘മുരസ്’. പുഞ്ചിരിതൂകി കൈകൾ വീണ്ടും ജനങ്ങൾക്കുനേരെ വീശി വിജയകാന്ത്. പ്രചാരണവാഹനം മുന്നോട്ടുനീങ്ങി.

അതെ, ഉളുന്തൂർപ്പേട്ടയിൽ ക്യാപ്റ്റൻ ഹാപ്പിയാണ്. എതിരാളികൾ ശക്തരും ഒരു പരിധിവരെ ജനപ്രിയരുമാണ്. എങ്കിലും വിജയം ഉറപ്പിച്ചിരിക്കുകയാണ് വിജയകാന്ത്. ‘‘ഞാൻ ഇതിനകംതന്നെ ജയിച്ചുകഴിഞ്ഞു. വോട്ടുകളുടെ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. തമിഴകം ഇതുവരെ കാണാത്ത ശക്തമായ മുന്നണിയാണ് ജനക്ഷേമമുന്നണി.

ഇതിൽ സഖ്യകക്ഷികളായ ഒരു പാർട്ടിയും അഴിമതിയുടെ കറപുരണ്ടതല്ല. അതുകൊണ്ടുതന്നെ മികച്ച ഭരണമാഗ്രഹിക്കുന്ന, മാറ്റമാഗ്രഹിക്കുന്ന ജനങ്ങൾ എനിക്കൊപ്പം നിൽക്കും.’’ നേരിട്ടു സംസാരിക്കാൻ സമയക്കുറവുണ്ടെന്നറിയിച്ച വിജയകാന്ത് തന്റെ അനുയായിവഴി ചോദ്യാവലിക്ക് നൽകിയ ഉത്തരം ഇതായിരുന്നു.

ഉളുന്തൂർപ്പേട്ടയിൽ എ.ഐ.എ.ഡി.എം.കെ. രംഗത്തിറക്കിയത് സിറ്റിങ് എം.എൽ.എ. കുമാരഗുരുവിനെയാണ്. മണ്ഡലത്തിലെ പല അടിസ്ഥാനപ്രശ്നങ്ങളും അദ്ദേഹത്തിന് പരിഹരിക്കാനായില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

വണ്ണിയാർ സമുദായക്കാർക്ക് മുൻതൂക്കമുള്ള സ്ഥല മാണ് ഉളുന്തൂർപ്പേട്ടയെങ്കിലും ഈ വിഭാഗ ത്തിൽ ഉൾപ്പെടുത്താത്തവരുടെ വോട്ടുകളും ഇവിടെ ധാരാളമുണ്ട്. ജി.ആർ. വസ ന്തവേൽ ആണ് ഡി.എം.കെ. സ്ഥാനാർഥി.