ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ ആരാധകക്കൂട്ടമായ മക്കള്‍ ഇയക്കം ഇത്തവണത്തെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ നല്‍കുന്നില്ല. സംഘടനയുടെ സെക്രട്ടറി എന്‍. ആനന്ദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. വിജയ് ആരാധകര്‍ ഇത്തവണ ഡി.എം.കെയ്ക്ക് പിന്തുണ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിജയ് ആരാധകര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

വിജയ്‌യുടെ പേരോ സംഘടനയുടെ പതാകയോ അംഗങ്ങള്‍ ആരും രാഷ്ട്രീയ പിന്തുണയുടെ പേരില്‍ ദുരുപയോഗം ചെയ്യരുതെന്നും ആനന്ദ് അഭ്യര്‍ത്ഥിച്ചു. വിജയ് ആരാധകര്‍ എല്ലാവരും വോട്ടു ചെയ്യുമ്പോള്‍ സ്വയംനിര്‍ണയ പ്രകാരമായിരിക്കണം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

വിജയ്‌യോ അദ്ദേഹത്തിന്റെ ആരാധകരോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.