ചെന്നൈ: രാധാകൃഷ്ണൻ ശാലൈയിൽ പോലീസ് നിരന്നുകഴിഞ്ഞു. വഴിയോരത്തു കിടക്കുന്ന വണ്ടികൾക്കെല്ലാം പൊടുന്നനെ ജീവൻവയ്ക്കുന്നു. ''ശീഘ്രമാ പോ'' സൈറൺ മുഴങ്ങുന്ന ജീപ്പിൽനിന്ന് തല വെളിയിലിട്ട് പോലീസുകാരൻ ഒച്ചവയ്ക്കുന്നു. 'തലൈവി' വരികയാണ്. 

സ്വന്തം മണ്ഡലമായ ആർ.കെ. നഗറിൽ വോട്ടുതേടിയാണ് ജയലളിതയുടെ വരവ്. പടത്തിലും ടി.വി.യിലും മാത്രമല്ലേ കണ്ടിട്ടുള്ളൂ എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ജയലളിത ഈ തിരഞ്ഞെടുപ്പിൽ നടത്തുന്ന ഒരേയൊരു റോഡ്‌ഷോയ്ക്ക് തുടക്കമാവുകയാണ്.

ആർ.കെ. നഗറിലേക്കുള്ള റോഡിനിരുവശവും എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ അണിനിരന്നുതുടങ്ങി. റോയപുരത്തെ എസ്.എൻ. ചെട്ടി സ്ട്രീറ്റിലാണ് ജയലളിതയുടെ ആദ്യ സ്റ്റോപ്. മൊത്തം അഞ്ചിടങ്ങളിലാണ് ജയലളിത ആർ.കെ. നഗറിൽ റോഡുമാർഗം എത്തുന്നത്.

സ്ത്രീകളാണ് ജയലളിതയെ കാണാനെത്തിയിരിക്കുന്നവരിൽ ഭൂരിഭാഗവും. തമിഴകത്ത് മറ്റൊരു നേതാവിനും ഇത്രമാത്രം വനിതാ ആരാധകരില്ല. റോഡിന്റെ ഇരുവശങ്ങളിലും പോലീസ് ബാരിക്കേഡുകളുയർത്തിയിട്ടുണ്ട്. അതിനുമേലെ 
വലിയ കയർകൊണ്ട് കെട്ടിവരിഞ്ഞിരിക്കുന്നു. 

തൊട്ടടുത്തുതന്നെയുള്ള മാരിയമ്മൻ കോവിലിൽ സ്ത്രീകൾ ജയലളിതയ്ക്കായി ആരതിയുഴിയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരെയും വഹിച്ചുള്ള വാഹനം ചീറിപ്പാഞ്ഞുവന്നു. വണ്ടിയിൽനിന്ന് ഒരുദ്യോഗസ്ഥൻ ജനക്കൂട്ടത്തിനടുത്തേക്കു വന്ന് സ്ത്രീകളോടു സംസാരിക്കുന്നു. യോഗത്തിനെത്താൻ ആരെങ്കിലും കാശ് തന്നിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥനറിയേണ്ടത്.

അമ്മയെക്കാണാൻവേണ്ടി സ്വയം വന്നതാണെന്ന മറുപടിയിൽ ഉദ്യോഗസ്ഥൻ തൃപ്തനല്ല. സ്ത്രീകൾക്ക് 200 രൂപയും പുരുഷന്മാർക്ക് 250 രൂപയുമാണ് റാലിയിലും യോഗത്തിലും പങ്കെടുക്കാൻ നൽകുന്നതെന്നാണ് അണികൾ പറയുന്നത്. പക്ഷേ, തലൈവിയെ കാണാൻ വരുന്നതിന് തനിക്ക് കാശു തരേണ്ടതില്ലെന്നാണ് ആൾക്കൂട്ടത്തിനിടയിൽനിന്നു കസ്തൂരി പറഞ്ഞത്. 

ആദ്യം വന്നത് ജയ ടി.വി.യുടെ വണ്ടിയാണ്. പിന്നാലെ മാധ്യമപ്രവർത്തകരെ വഹിച്ചുള്ള വാൻ. തൊട്ടുപിന്നാലെയുള്ള വണ്ടിയിൽനിന്ന് കരിമ്പൂച്ചകൾ ചാടിയിറങ്ങി. ജയലളിത വരികയാണ്. ‘‘വീര തിരുമകൾ, അമ്മാ വരുക വരുക. എങ്കൾ ഇദയമേ, പുകഴിൻ ഇമയമേ, പുരട്ചി തലൈവിയേ വരുക വരുക...’’ ജയലളിതയെ വരവേൽക്കുന്ന പാട്ട്, അന്തരീക്ഷം പിളർക്കുന്നു.

‘‘അമ്മാ, അമ്മാ’’ ജനം ആർത്തുവിളിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ ടെമ്പോ ട്രാവലറിന്റെ മുൻസീറ്റിൽ ജയലളിത. തൊട്ടുപിന്നിലായി തോഴി ശശികല. ഇടയ്ക്കൊന്ന് ചില്ലുതാഴ്ത്തി ജയലളിത ജനത്തെ അഭിവാദ്യംചെയ്യുന്നു. ജനം ഇപ്പോൾ ആവേശത്തിമർപ്പിലാണ്. 

ടെമ്പോ ട്രാവലറിന്റെ മേൽമൂടി ഇരുവശങ്ങളിലേക്കു മാറുന്നു. ജയലളിതയുടെ സീറ്റ് പതുക്കെ മേലോട്ടുയരുന്നു. ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂടിനുള്ളിൽ ഇപ്പോൾ ജയലളിതയെ ജനക്കൂട്ടത്തിന് വ്യക്തമായി കാണാം. ‘‘എം.ജി.ആറിൻ രക്തത്തിൻ രക്തമാർന്ന അൻപാർന്ന ഉടൻ പിറപ്പുകളേ...’’ ജയലളിത പ്രസംഗം തുടങ്ങുകയാണ്.

എഴുതിത്തയ്യാറാക്കിയ പ്രസംഗം. പറയുന്ന കാര്യത്തിൽ ഒരക്ഷരംപോലും തെറ്റരുതെന്ന് ജയലളിതയ്ക്കു നിർബന്ധമുണ്ട്. പ്രളയത്തിന്റെ മുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ചെന്നൈയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രസംഗം. ‘‘ഇനിയൊരു പെരുമഴയ്ക്കും ചെന്നൈയെ മുക്കാനാവില്ല. അതിനുള്ള നടപടികളെടുത്തുകൊണ്ടിരിക്കുകയാണ്.

ഒരുതവണകൂടി നിങ്ങളെ സേവിക്കാൻ നിങ്ങളുടെ ഈ പ്രിയപ്പെട്ട സഹോദരിക്ക് അവസരം തരണം.’’ ഇതിലും കൂടുതൽ വിനീതയാവാൻ ജയലളിതയ്ക്കാവില്ല. പ്രളയം വന്നപ്പോൾ താൻ നേരിട്ട് ആർ.കെ. നഗറിൽ വന്ന കാര്യം ജയലളിത ഓർമിപ്പിക്കുന്നു. ഈ മണ്ഡലത്തിൽ മാത്രം 48 കോടി രൂപയുടെ ദുരിതാശ്വാസസഹായം വിതരണംചെയ്തത് എടുത്തുപറയുന്നു. 

‘‘നിങ്ങളാലാണ് ഞാൻ. നിങ്ങൾക്കുവേണ്ടിയാണ് ഞാൻ. എനിക്ക് നിങ്ങളുടെമേൽ അളവറ്റ വിശ്വാസമുണ്ട്. നിങ്ങൾക്ക് എന്റെമേൽ വിശ്വാസമില്ലേ?’’ ചോദ്യം പൂർത്തിയാവുംമുമ്പുതന്നെ ജനം വിശ്വാസമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്നു. ധർമം വിജയിക്കുമെന്നും അധർമം തോൽക്കുമെന്നും പറഞ്ഞുകൊണ്ട് ജയലളിത പാർട്ടിചിഹ്നമായ ഇരട്ട ഇലയെ ഓർമിപ്പിച്ചുകൊണ്ട് മുകളിലേക്ക് കൈകളുയർത്തുന്നു.

മുന്നിൽ കരിമ്പൂച്ചകളുടെ വാഹനം പതുക്കെ മുന്നോട്ട്. ടെമ്പോ ട്രാവലറിന്റെ മുൻസീറ്റിൽ ജയലളിത ഒരിക്കൽക്കൂടി ഡോറിന്റെ ചില്ലുതാഴ്ത്തുന്നു. കൈ പുറത്തേക്കിട്ട് അഭിവാദ്യംചെയ്യുന്നു. 1.52 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ആർ.കെ. നഗർ കഴിഞ്ഞ വർഷം ജയലളിതയ്ക്കു നൽകിയത്. പ്രളയത്തിനുശേഷമുള്ള ആർ.കെ. നഗറിൽ ഭൂരിപക്ഷം കുറഞ്ഞേക്കാം. പക്ഷേ, ജയലളിത ഇവിടെ വിജയിക്കുമെന്ന കാര്യത്തിൽ ഡി.എം.കെ.യ്ക്കുപോലും സംശയമില്ല.