ചെന്നൈ: ‘‘സ്റ്റാലിൻ ഇങ്ങനെ സ്മാർട്ടായതിനു പിന്നിൽ ആരാണ്?’’ ഡൽഹിയിൽനിന്നെത്തിയ പത്രപ്രവർത്തകയുടെ ചോദ്യത്തിനു മുന്നിൽ ഡി.എം.കെ. കൊടിയേന്തിയ പ്രവർത്തകൻ ഒന്നു പരുങ്ങി. ‘‘ദളപതി എപ്പളും സ്മാർട്ട് താനേ.’’ അറുപത്തിമൂന്നുവയസ്സുകാരനാണ് മുന്നിൽ നിൽക്കുന്നതെന്ന് സ്റ്റാലിനെ കണ്ടാൽ പറയില്ല.

ആകാശത്തിന്റെ നിറമുള്ള ഷർട്ടും ചാരനിറമാർന്ന പാന്റ്‌സും ധരിച്ച് ടെമ്പോട്രാവലറിൽനിന്ന്‌ ജനങ്ങൾക്കുനേരേ കൈവീശുന്ന സ്റ്റാലിൻ എല്ലാ അർഥത്തിലും ഡി.എം.കെ.യിലെ രാജകുമാരനാണ്. നേരത്തേ, 
കറുപ്പും ചുവപ്പും കരകളുള്ള വെള്ളമുണ്ടും വെള്ള ഷർട്ടുമായിരുന്നു സ്റ്റാലിന്റെ വേഷം.

മകളുടെ ഭർത്താവ് ശബരീശനാണ് പാന്റ്‌സിലേക്കും നിറമാർന്ന ഷർട്ടിലേക്കുമുള്ള സ്റ്റാലിന്റെ വേഷപ്പകർച്ചയ്ക്കു പിന്നിൽ. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞവർഷം സ്റ്റാലിൻ തമിഴകത്തിലൂടെ ‘നമുക്കു നാമേ’ എന്നപേരിൽ ജനസമ്പർക്കപരിപാടി നടത്തിയിരുന്നു.

ഈ യാത്രയിലാണ് തമിഴകം പുതിയൊരു സ്റ്റാലിനെ കണ്ടത്. സ്പോർട്‌സ് ഷൂസും ബ്രാന്റഡ് ഷർട്ടുമണിഞ്ഞ് സൈക്കിളിലും ഓട്ടോയിലും സഞ്ചരിക്കുന്ന നേതാവ്. ജനങ്ങൾക്കിടയിലേക്കുള്ള സ്റ്റാലിന്റെ സഞ്ചാരമായിരുന്നു അത്. ഈ യാത്രയുടെ രൂപകല്പന നിർവഹിച്ചത് ശബരീശനാണ്. 

മൈലാപ്പൂരിലെ ലസ്‌കോർണറിൽ സ്റ്റാലിന്റെ പ്രസംഗം കേൾക്കാൻ തരക്കേടില്ലാത്ത ആളുണ്ട്. സഖ്യകക്ഷിയായ കോൺഗ്രസാണ് മൈലാപ്പൂരിൽ മത്സരിക്കുന്നത്. മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ അടുത്ത അനുയായിയായ കരാട്ടെ ത്യാഗരാജനാണ് ഇവിടെ സ്ഥാനാർഥി.

മുൻ ഡി.ജി.പി.യും മുൻ ചെന്നൈ പോലീസ് കമ്മിഷണറുമായ ആർ.നടരാജനാണ് ഇവിടെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി. ടെമ്പോ ട്രാവലറിൽ ഒപ്പമുള്ള ത്യാഗരാജെന്റ തോളിൽ കൈയിട്ട് സ്റ്റാലിൻ ജനക്കൂട്ടത്തോടു പറഞ്ഞു- ‘‘ദാ... ഇങ്ങനെയാണ് ഞങ്ങൾ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നത്, സഹോദരങ്ങളെപ്പോലെ. അപ്പുറത്ത് ജയലളിതാമ്മ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നതെങ്ങനെെയന്ന് നിങ്ങൾക്കറിയാം.

’’ മുന്നിൽ നിൽക്കുന്ന ഡി.എം.കെ. പ്രവർത്തകർ തൊഴുതുകൊണ്ട് കുനിയുന്നു. ജയലളിതയുടെ മുന്നിൽ സ്ഥാനാർഥികൾ കുനിഞ്ഞുനിൽക്കുന്നതിനെയാണ് കളിയാക്കുന്നത്. ‘‘മുൻ ഡി.ജി.പി.യാണ് ഇവിടെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി. അദ്ദേഹം ജയലളിതയുടെ മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ലജ്ജ തോന്നി.

ഇങ്ങനെയൊരാളെ നിങ്ങൾ ഇവിടെനിന്നു ജയിപ്പിച്ചുവിടുമോ?’’ ‘‘ഇല്ല, ഇല്ല’’ ജനം ആർത്തുവിളിക്കുന്നു. സുഹൃത്തുക്കളോടു സംസാരിക്കുന്നതുപോലെ നേർക്കുനേരെയുള്ള ഭാഷണമാണ് സ്റ്റാലിന്റേത്. ജനങ്ങളുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ജനക്കൂട്ടത്തിന്റെ ശ്രദ്ധ കണ്ടപ്പോൾ മനസ്സിലായി. ജയലളിത എന്തുകൊണ്ടാണ് ഇനിയും പ്രകടനപത്രിക ഇറക്കാത്തതെന്ന് സ്റ്റാലിൻ ചോദിക്കുന്നു.

ജയലളിതയുടെ സൗജന്യപദ്ധതികളെ നിശിതമായി വിമർശിക്കുന്നു. 2006-ൽ ഡി.എം.കെ.യാണ് സൗജന്യപദ്ധതികൾക്ക് തുടക്കമിട്ടതെന്ന കാര്യം സൗകര്യപൂർവം മറക്കുന്നു. ജയലളിത എപ്പോഴെങ്കിലും കാണാൻ വന്നിട്ടുണ്ടോയെന്ന് സ്റ്റാലിൻ ചോദിക്കുന്നു. ‘‘ജയലളിത മഹാറാണിയാണ്. മഹാറാണി ഒരു സ്ഥലത്തേക്കു മാത്രമേ സ്ഥിരമായി പോവാറുള്ളൂ. എവിടെയാണത്?’’ ‘‘കോടനാട്’’ -ജനം ആവേശത്തോടെ പ്രതികരിക്കുന്നു.

ഊട്ടിയിലെ കോടനാട്ടുള്ള ബംഗ്ലാവിലേക്ക് ജയലളിത ഇടയ്ക്കിടെ പോവുന്നതിനെയാണ് സ്റ്റാലിൻ ഉന്നംവെയ്ക്കുന്നത്. ചെന്നൈയെ പ്രളയംമുക്കിയതിനു പിന്നിൽ ജയലളിതസർക്കാറാണെന്നു മറക്കരുതെന്ന് സ്റ്റാലിൻ ഓർമിപ്പിക്കുന്നു. ‘‘ചെമ്പരമ്പാക്കം അണയിൽനിന്ന്‌ കൃത്യമായി വെള്ളം തുറന്നുവിടാതിരുന്നതാണ് പ്രളയമുണ്ടാക്കിയത്.

345പേരാണു മരിച്ചത്. നാശനഷ്ടങ്ങൾക്കു കണക്കില്ല. ഇതിനു നിങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുപടികൊടുക്കില്ലേ?’’ ജനത്തിന്റെ മനസ്സറിഞ്ഞാണ് സ്റ്റാലിൻ ചോദിക്കുന്നത്. 1953 മാർച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. നാലു ദിവസം കഴിഞ്ഞപ്പോഴാണ് റഷ്യൻ കമ്യൂണിസ്റ്റ് നേതാവ് സാക്ഷാൽ ജോസഫ് സ്റ്റാലിൻ മരിച്ചത്.

സ്റ്റാലിനോട് കടുത്ത ആരാധനയുണ്ടായിരുന്ന കരുണാനിധി മകന് സ്റ്റാലിൻ എന്നു പേരിടുകയായിരുന്നു. ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും സ്റ്റാലിൻതന്നെയാണ് ഇപ്പോഴും ഡി.എം.കെ.യുടെ യുവജനനേതാവ്. കുടുംബംതന്നെ കഴകമായി മാറുമ്പോൾ തലൈവരുടെ മകന് ഒരിക്കലും പ്രായമേറുന്നില്ല.  

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുമ്പോൾ സ്റ്റാലിന് 22 വയസ്സായിരുന്നു. ഒരുകൊല്ലത്തോളം ജയിലിലായിരുന്നു. അവിടെ ക്രൂരമായി മർദിക്കപ്പെട്ടു. സ്റ്റാലിൻ ജയിലിൽ പോവുമ്പോൾ ജയലളിത രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഇക്കഴിഞ്ഞ ഫിബ്രവരി 24-നാണ് ജയലളിത 68-ാം പിറന്നാളാഘോഷിച്ചത്.

ജയലളിതയെക്കാൾ അഞ്ചുവയസ്സിനിളയതാണെങ്കിലും രാഷ്ട്രീയത്തിൽ സ്റ്റാലിൻ എത്രയോ മുമ്പേ ഇറങ്ങിയിരുന്നു. മൂന്നരദശകത്തെ രാഷ്ട്രീയജീവിതത്തിനിടയിൽ ജയലളിത അഞ്ചുവട്ടം മുഖ്യമന്ത്രിയായി. സ്റ്റാലിന്റെ പ്രസംഗം എങ്ങനെയുണ്ട്? സ്റ്റാലിൻ സ്ഥലംവിട്ടപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു സ്ത്രീയോട് ചോദിച്ചു. ‘‘സൂപ്പർ’’- മറുപടിക്ക് താമസമുണ്ടായില്ല.

‘‘സ്റ്റാലിനാണോ കലൈഞ്ജറാണോ മുഖ്യമന്ത്രിയാവേണ്ടത്?’’ സ്ത്രീ ഒരുനിമിഷം ഒന്നാലോചിച്ചു. ‘‘കലൈഞ്ജർ. അവർക്കുശേഷം സ്റ്റാലിൻ.’’ യയാതിക്ക് യൗവനം പകർന്നുനൽകിയ മകനെപ്പോലെ സ്റ്റാലിൻ ഇക്കുറിയും കലൈഞ്ജർക്കുവേണ്ടിയാണ് വോട്ടുചോദിക്കുന്നത്.