മധുരയിൽ സി.പി.എം. സ്ഥാനാർഥി യു. വാസുകിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട്ചെയ്യാൻ പോകുംവഴിയാണ് പ്രായമായവരുടെ ഒരു കൂട്ടം കണ്ടത്. ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന വൃദ്ധരുടെ നീണ്ട നിര. സംസ്ഥാനസർക്കാർ നൽകുന്ന വാർധക്യപെൻഷൻ വാങ്ങാൻ രാവിലെ എട്ടുമണിയോടെത്തന്നെ എത്തിയവരാണിവർ.

ഇത്തവണ പെൻഷൻതുക വരാൻ കുറച്ച് വൈകി. അതുകൊണ്ടാണ് ഇത്രയും വലിയ കൂട്ടമെന്ന് നിരയുടെ മുന്നിലുണ്ടായിരുന്ന ഒരു കാരണവർ പറഞ്ഞു. 2011-ൽ അധികാരത്തിലെത്തിയ ഉടനെയാണ് ജയലളിത വാർധക്യപെൻഷൻ 500 രൂപയിൽനിന്ന് ആയിരം രൂപയാക്കിയത്.

പെൻഷൻ എത്താൻ വൈകിയതിൽ ആർക്കും പ്രതിഷേധം കണ്ടില്ല. ഇത്‌ വലിയൊരു സഹായമാണെന്നും ജയലളിത വീണ്ടും മുഖ്യമന്ത്രിയാവണമെന്നുമാണ് 75-കാരിയായ കൗസല്യ പറഞ്ഞത്. 2006-ലെ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടർന്നാണ് ജയലളിത ജനക്ഷേമപദ്ധതികളുടെ വഴിയിലേക്ക് തിരിഞ്ഞത്.

2006-ൽ കരുണാനിധി സർക്കാർ നടപ്പാക്കിയ ഒരു രൂപയ്ക്ക് ഒരു കിലോ അരിയും സൗജന്യ കളർടെലിവിഷൻ പദ്ധതിയും ജയലളിതയ്ക്ക് വിലയേറിയ പാഠങ്ങളായി. വിദ്യാർഥികൾക്ക് സൗജന്യ സൈക്കിളും സൗജന്യ ലാപ്‌ടോപ്പും വീട്ടമ്മമാർക്ക് സൗജന്യമായി മിക്സിയും ഗ്രൈൻഡറും നൽകി 2011-ൽ ജയലളിത ജനത്തെ കൈയിലെടുത്തു.

മിതമായ നിരക്കിൽ ഭക്ഷണംനൽകുന്ന അമ്മ കാന്റീനുകളാണ് ജയലളിത സർക്കാറിന്റെ ജനക്ഷേമപദ്ധതികളിലെ നക്ഷത്രം. 20 രൂപയ്ക്ക് ഒരു ദിവസം സുഖമായി ഭക്ഷണം കഴിക്കാമെന്ന അവസ്ഥയാണ് ഈ കാന്റീനുകൾ സൃഷ്ടിച്ചത്. ഇവയ്ക്കൊപ്പം അമ്മ ഉപ്പുമുതൽ അമ്മ സിമന്റ്‌വരെയുള്ള പദ്ധതികൾകൂടിയായപ്പോൾ ജയലളിത സർക്കാറിനോടുള്ള ജനങ്ങളുടെ പ്രിയം ഇരട്ടിയായി.

നിങ്ങൾ ചോദിക്കാത്തതും ഞാൻ തന്നെന്നും മക്കളുടെ വിഷമങ്ങൾ അറിയുന്ന അമ്മയായതുകൊണ്ടാണ് ഇതൊക്കെ തനിക്ക് ചെയ്യാനാവുന്നതെന്നുമാണ് ജയലളിത മധുരയിൽ തിരഞ്ഞെടുപ്പുറാലിയിൽ പറഞ്ഞത്. കാസർകോട് സ്വദേശിയും സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഉമാനാഥിന്റെ മകളായ വാസുകി നിലവിൽ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമാണ്.

വാസുകിയുടെ അമ്മ പാപ്പാ ഉമാനാഥും സി.പി.എമ്മിന്റെ മുൻനിര നേതാവായിരുന്നു. മധുര വെസ്റ്റിൽ എ.ഐ.എ.ഡി.എം.കെ. മന്ത്രി സെല്ലൂർ രാജുവാണ് വാസുകിയുടെ മുഖ്യ എതിരാളി. വിജയകാന്തിന്റെ ഡി.എം.ഡി.കെ., വൈകോയുടെ എം.ഡി.എം.കെ., ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ്, തിരുമാവളവന്റെ വിടുതലൈ ചിറുതൈകൾ കച്ചി, സി.പി.ഐ. എന്നീ പാർട്ടികൾക്കൊപ്പമാണ് തമിഴകത്ത് ഇക്കുറി സി.പി.എം. ഒരു മുന്നണിയായി മത്സരിക്കുന്നത്.

മൂന്നാംമുന്നണിയെന്ന അവകാശവാദം ഉയർത്തുന്നുണ്ടെങ്കിലും ഡി.എം.കെ.യ്ക്കും എ.ഐ.എ.ഡി.എം.കെ.യ്ക്കും ശക്തമായ ഒരു ബദലുയർത്താൻ ഇനിയും ഈ മുന്നണിക്കായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. അവസാനനിമിഷം വൈകോ മത്സരരംഗത്തുനിന്ന്‌ പിന്മാറിയത് മുന്നണിക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. തോൽവി ഒഴിവാക്കാനുള്ള നാടകമാണ് വൈകോ കളിച്ചതെന്നാണ് എതിരാളികൾ പരിഹസിക്കുന്നത്.

സ്റ്റാലിനായിരുന്നെങ്കിൽ 

തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായി ഡി.എം.കെ. ട്രഷററും പാർട്ടി പ്രസിഡന്റ് എം.കരുണാനിധിയുടെ മകനുമായ എം.കെ.സ്റ്റാലിൻ നടത്തിയ ‘നമുക്ക് നാമെ’ എന്ന ജനസമ്പർക്കപരിപാടി വിജയമായിരുന്നു. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുമായി നേർക്കുനേർ സംവദിക്കുന്ന പ്രക്രിയയായിരുന്നു നമുക്ക് നാമെ.

ജനങ്ങളിൽനിന്ന്‌ അകന്നുകഴിയുന്ന ഒരു മുഖ്യമന്ത്രിയുള്ള തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ ഈ ജനസമ്പർക്കപരിപാടി ശരിക്കും പുതുമയാർന്നതായിരുന്നു. സൈക്കിൾ ചവിട്ടിയും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചും സ്റ്റാലിൻ ജനങ്ങളിലേക്ക് നേരിട്ടെത്തി. പക്ഷേ, നമുക്ക് നാമെയ്ക്ക് ഒരു തുടർച്ചയുണ്ടാക്കാൻ ഡി.എം.കെ.യ്ക്കായില്ല.

സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ചുകൊണ്ട്  ചടുലമായ പ്രചാരണം അഴിച്ചുവിട്ടിരുന്നെങ്കിൽ ജയലളിതയ്ക്കെതിരെ വ്യക്തമായൊരു ബദൽ ഉയർത്തിക്കാട്ടാൻ ഡി.എം.കെ.യ്ക്കാവുമായിരുന്നു എന്ന നിരീക്ഷണം വെറുതെയല്ല.

ഡി.എം.കെ.യുടെ മുഖ്യമന്ത്രി സ്ഥാനാർഥി 93-കാരനായ കലൈഞ്ജർ കരുണാനിധിതന്നെയാണെന്നത് ജനത്തെ ഡി.എം.കെ.യോട് കൂടുതലായി അടുപ്പിക്കുന്നില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ തെളിയിക്കുന്നത്. സ്റ്റാലിനായിരുന്നു ഡി.എം.കെ.യുടെ മുഖ്യമന്ത്രിസ്ഥാനാർഥിയെങ്കിൽ തിരഞ്ഞെടുപ്പുചിത്രം മാറിമറിയുമായിരുന്നു എന്നാണ് ഡി.എം.കെ.യ്ക്കുള്ളിൽത്തന്നെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.

വിഘടിച്ചുനിൽക്കുന്ന പ്രതിപക്ഷം

നാലായി പിരിഞ്ഞുനിൽക്കുന്ന പ്രതിപക്ഷമാണ് ജയലളിതയ്ക്ക് ആശ്വാസം പകരുന്ന വലിയൊരു ഘടകം. ഡി.എം.കെ. -കോൺഗ്രസ് സഖ്യം, ഡി.എം.ഡി.കെ.- ജനക്ഷേമ മുന്നണി സഖ്യം, ബി.ജെ.പി., പി.എം.കെ. എന്നിങ്ങനെ നാലായി വേർതിരിഞ്ഞാണ് തമിഴ്‌നാട്ടിൽ പ്രതിപക്ഷം വോട്ടുതേടുന്നത്.

സർക്കാറിനെതിരെയുള്ള വോട്ടുകൾ ഇങ്ങനെ പിരിഞ്ഞുപോവുമ്പോൾ അതിന്റെ ആത്യന്തിക ഗുണഭോക്താവ് എ.ഐ.എ.ഡി.എം.കെ.യാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിജയകാന്തും ജനക്ഷേമമുന്നണിയും തമ്മിലുള്ള കൂട്ടുകെട്ടിനുപിന്നിൽ ജയലളിതയാണെന്ന് ഡി.എം.കെ.യും കോൺഗ്രസ്സും ആരോപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഇത്തവണ 234 സീറ്റിലും എ.ഐ.എ.ഡി.എം.കെ. ചിഹ്നമുണ്ട്. 227 സീറ്റിൽ പാർട്ടി നേരിട്ടും ബാക്കി ഏഴുസീറ്റിൽ പാർട്ടിചിഹ്നത്തിൽ സഖ്യകക്ഷികളും മത്സരിക്കുന്നു. 174 സീറ്റിലാണ് ഡി.എം.കെ.യുടെ പോരാട്ടം. 41 സീറ്റിൽ സഖ്യകക്ഷിയായ കോൺഗ്രസ്സും മത്സരിക്കുന്നു. മുസ്‌ലിംലീഗിനും മനിതനേയ മക്കൾ കച്ചിക്കും അഞ്ചുസീറ്റുവീതം ഡി.എം.കെ. നൽകിയിട്ടുണ്ട്.

2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് 38.4 ശതമാനവും ഡി.എം.കെ.യ്ക്ക് 22.4 ശതമാനവും വോട്ടാണ് കിട്ടിയത്. 7.9 ശതമാനമായിരുന്നു ഡി.എം.ഡി.കെ.യുടെ വിഹിതം. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 39 മണ്ഡലങ്ങളിലും തനിച്ചുമത്സരിച്ച എ.ഐ.എ.ഡി.എം.കെ. 44.3 ശതമാനം വോട്ടുനേടിയപ്പോൾ ഡി.എം.കെ.യ്ക്ക് കിട്ടിയത് 23.4 ശതമാനം വോട്ടാണ്.

ഡി.എം.ഡി.കെ.യുടെ വോട്ടാണെങ്കിൽ 5.1 ശതമാനമായി കുറഞ്ഞു. കൂടുതൽ സീറ്റിൽ മത്സരിച്ചതുകൊണ്ടാണ് എ.ഐ.എ.ഡി.എം.കെ.യുടെ പെട്ടിയിൽ കൂടുതൽ വോട്ട് വീണതെങ്കിലും വിഘടിച്ചുനിന്ന പ്രതിപക്ഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ നില സുഭദ്രമാക്കിയത്. ഏകദേശം അതേ അവസ്ഥതന്നെയാണ് ഇത്തവണയും തമിഴ്‌നാട്ടിലുള്ളത്.

ഗ്രാനൈറ്റ് കുംഭകോണം

2011-ൽ ഡി.എം.കെ. വീണത് 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ വഴുക്കുന്ന തറയിൽ ചവിട്ടിയാണ്. അഞ്ചുവർഷത്തിനിപ്പുറം തമിഴ്‌നാട്ടിൽ മറ്റൊരു കൂറ്റൻ അഴിമതി അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞെങ്കിലും അത്‌ ആയുധമാക്കാൻ ഡി.എം.കെ.യ്ക്ക് കഴിയുന്നില്ല.

1,16,000 കോടി രൂപയുടെയെങ്കിലും അഴിമതിയാണ് അനധികൃത ഗ്രാനൈറ്റ് കുംഭകോണത്തിലുണ്ടായിട്ടുള്ളതെന്നാണ് ഇതേക്കുറിച്ച്‌ അന്വേഷിച്ച സഹായം കമ്മിഷൻ റിപ്പോർട്ട്ചെയ്തിട്ടുള്ളത്. നാലുവർഷംമുമ്പ് സഹായം മധുര കളക്ടറായിരിക്കെയാണ് ഈ കുംഭകോണത്തെക്കുറിച്ച് ആദ്യറിപ്പോർട്ട് പുറത്തുവന്നത്.

അന്ന് ഇതേക്കുറിച്ച് സൂചിപ്പിച്ച് റവന്യു സെക്രട്ടറിക്ക് കത്തെഴുതിയ സഹായത്തിനെ മൂന്നുദിവസത്തിനുള്ളിൽ ജയലളിത സർക്കാർ സ്ഥലംമാറ്റി. മുഖ്യമന്ത്രി ജയലളിതയുടെ ജനാധിപത്യവിരുദ്ധതയാണ് പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്ന മുഖ്യ ആരോപണം.

‘പടത്തിലും ടി.വി.യിലും കാണാം. പക്ഷേ, നേരിട്ടുകണ്ടിട്ടുണ്ടോ’ എന്നാണ് ജയലളിതയെക്കുറിച്ച് ഡി.എം.കെ. ചോദിക്കുന്നത്. ജയലളിത മഹാറാണിയെപ്പോലെയാണെന്നും പ്രളയം ആഞ്ഞടിച്ചപ്പോൾപോലും അവർ ജനത്തിനടുത്തേക്ക്‌ എത്തിയില്ലെന്നും കരുണാനിധി കുറ്റപ്പെടുത്തുന്നുണ്ട്. തമിഴ് മക്കൾ ഈ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുമോ എന്നതിനുള്ള ഉത്തരം മെയ് 16-നുണ്ടാവും.