കെ.എന്‍.നെഹ്‌റു
കെ.എന്‍.നെഹ്‌റു

തിരുച്ചി: തിരുച്ചിയിലെ തില്ലൈനഗറിൽ കെ.എൻ. നെഹ്രുവിന്റെ ഓഫീസിനു മുന്നിൽ ചെറിയൊരു യോഗത്തിനുള്ള ആൾക്കൂട്ടമുണ്ട്. ‘അമൈച്ചർ(മന്ത്രി) ഉള്ളിലുണ്ട്.’ ഡി.എം.കെ. പ്രവർത്തകൻ ഗണേശൻ ഭയഭക്തിബഹുമാനത്തോടെ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായെങ്കിലും തിരുച്ചിക്കാർക്ക് നെഹ്രു ഇപ്പോഴും മന്ത്രിയാണ്.

2006-’11 കാലത്ത് കരുണാനിധി സർക്കാറിൽ ഗതാഗതമന്ത്രിയായിരുന്നു നെഹ്രു. നടൻ നെപ്പോളിയനെക്കുറിച്ച് ചോദിച്ചപ്പോൾ ഗണേശൻ ഗൗരവം പൂണ്ടു. ‘അമൈച്ചർക്ക് അവരെ പുടിക്കാത്.’ നെപ്പോളിയനെ നടനാക്കിയതും ഡി.എം.കെ.യിൽ കൊണ്ടുവന്നതും കേന്ദ്ര മന്ത്രിയാക്കിയതും എല്ലാം അമ്മാവൻ നെഹ്രുവാണ്.

ഒടുവിൽ  അമ്മാവനെതിരെ തിരിഞ്ഞതോടെ പാർട്ടിവിട്ട് നെപ്പോളിയന് ബി.ജെ.പി.യിലേക്ക് പോവേണ്ടിവന്നു. തിരുച്ചിയിൽ നെഹ്രു കഴിഞ്ഞേ മറ്റൊരു നേതാവുള്ളൂ. 2011-ലെ തിരഞ്ഞെടുപ്പിൽ തിരുച്ചി വെസ്റ്റിൽ തോറ്റെങ്കിലും നെഹ്രുവിന്റെ പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല.

നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയുടെ ഉടമയായിരുന്ന തെലുഗു  വംശജൻ നാരായണസാമി റെഡ്ഡ്യാരുടെ കനിഷ്ഠ പുത്രന് ഇപ്പോഴും തിരുച്ചിയിൽ ഒരു നാടുവാഴിയുടെ പ്രൗഢിയാണ്. നാരായണസാമി ആദ്യം കോൺഗ്രസ്സുകാരനായിരുന്നു. അങ്ങനെയാണ് മൂത്തമകന് നെഹ്രുവെന്നും മകൾക്ക് ഗാന്ധിയെന്നും പേരുവീണത്. പിന്നീട് ഡി.എം.കെ.യിലേക്ക് കൂടുമാറി.

2014-ൽ ഡി.എം.കെ.യുടെ സംസ്ഥാനസമ്മേളനം തിരുച്ചിയിൽ നടന്നപ്പോൾ ജില്ലാ സെക്രട്ടറി കൂടിയായ നെഹ്രുവായിരുന്നു സംഘാടകൻ. സമ്മേളനത്തിനെത്തിയ ജനക്കൂട്ടം കണ്ട് കരുണാനിധി പ്രസംഗത്തിൽ പത്തുമിനിറ്റ് നെഹ്രുവിനെ പ്രശംസിക്കാനാണ് ചെലവഴിച്ചത്. ഇക്കുറി തിരുച്ചി സെൻട്രലിൽ നിന്നാണ് നെഹ്രുവിന്റെ പോരാട്ടം. 

മുഖം കഴുകി പൗഡറിട്ട് മിനുക്കി ട്രേഡ്മാർക്ക് മീശ ചെറുതായൊന്നു പിരിച്ചുനിർത്തി നെഹ്രു ഓഫീസ് മുറിയിലേക്ക് വന്നപ്പോൾ കസേരയിലിരുന്നിരുന്ന എല്ലാവരും എഴുന്നേറ്റുനിന്നു. സുസ്‌മേരവദനനായി കൈ തന്ന് സ്വീകരിച്ച  നെഹ്രു കേരളത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

നെഹ്രു നിന്നുകൊണ്ട് സംസാരിച്ചതിനാൽ അണികളും നില്പ് തുടർന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പലതവണ ദർശനം നടത്തി. ശബരിമലയിൽ പത്തുതവണ പോയി. ഗുരുവായൂരും കാടാമ്പുഴയിലും വന്നിട്ടുണ്ട്. പെരിയാറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും യുക്തിവാദവഴിയിലല്ല നെഹ്രു.

2012 മാർച്ചിൽ ഇളയ സഹോദരൻ രാമജയം കൊല്ലപ്പെട്ടതാണ് നെഹ്രുവിനെ ഉലച്ചത്. റിയൽ എസ്റ്റേറ്റിലും വിദ്യാഭ്യാസമേഖലയിലും നിരവധി ബിസിനസ് സംരംഭങ്ങളുണ്ടായിരുന്ന രാമജയത്തെ എതിരാളികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

നെഹ്രുവിന്റെ ഓഫീസിൽ അണ്ണാദുരൈയുടെയും കരുണാനിധിയുടെയും സ്റ്റാലിന്റെയും ചിത്രങ്ങൾക്കിടയിൽ രാമജയത്തിന്റെ ഫോട്ടോയുണ്ട്. അനിയനെക്കുറിച്ച് ഓർക്കുമ്പോൾ വികാരാധീനനാവും.

ഇക്കുറി ഡി.എം.കെ. അധികാരത്തിൽ തിരിച്ചുവരുമെന്ന് നെഹ്രു തറപ്പിച്ചു പറയുന്നു. ‘‘ജയലളിതസർക്കാറിന്റെ സൗജന്യ പദ്ധതികളൊന്നും ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കില്ല.’’ തമിഴ്‌നാട്ടിൽ തൊഴിലില്ലായ്മ വർധിച്ചെന്നും യുവതലമുറയിലേറെപ്പേരും തൊഴിൽരഹിതരാണെന്നും നെഹ്രു പറയുന്നു.

തമിഴ്‌നാടിനെ മുന്നോട്ടുനയിക്കാൻ കലൈഞ്ജർ തന്നെ വരണം.സ്റ്റാലിനായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയെങ്കിൽ ഡി.എം.കെ. കുറച്ചുകൂടി മുന്നേറ്റമുണ്ടാക്കുമായിരുന്നുവെന്ന നിരീക്ഷകമതം ചൂണ്ടിക്കാട്ടിയപ്പോൾ നെഹ്രു പറഞ്ഞു- ‘‘തലൈവർ ഉള്ളപ്പോൾ മറ്റാരാണ് മുഖ്യമന്ത്രിയാവുക’’ പുതിയ വോട്ടർമാർ ഡി.എം.കെ.യ്ക്ക് വോട്ടുചെയ്യുമെന്നാണ് നെഹ്രുവിന്റെ വിശ്വാസം. ‘‘മെയ് 19-ന് ഫലം വരുമ്പോൾ എന്റെ വാക്കുകൾ ഓർക്കണം’’- ചിരിച്ചുകൊണ്ട് നെഹ്രു പറയുന്നു.

കൃഷിയെക്കുറിച്ച് പറയാൻ നെഹ്രുവിന് നൂറുനാവാണ്. വാഴയും തെങ്ങും നെല്ലും കൃഷിചെയ്യുന്ന ഏക്കർ കണക്കിന് ഭൂമി നെഹ്രുവിനുണ്ട്. ഇതിനു പുറമേയാണ് റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ സംരംഭങ്ങൾ. കഴിഞ്ഞതവണത്തെ തോൽവിയെക്കുറിച്ച് സംസാരിക്കാൻ നെഹ്രുവിന് ഇഷ്ടമല്ല. ‘‘അതൊക്കെ കഴിഞ്ഞുപോയില്ലേ, നമുക്ക് മുന്നോട്ടുനോക്കാം’’- മീശയിൽ പതുക്കെ തലോടി നെഹ്രു  മൃദുവായി ചിരിച്ചു.