തിരുച്ചി: മധുരൈയിൽനിന്ന് തിരുച്ചിക്ക് തിരിക്കുംമുമ്പ് കോവനെ മൊബൈലിൽ വിളിച്ചു. കോവൻ എന്നുപറഞ്ഞാൽ തിരുച്ചിയിലെ നാടൻപാട്ടുകാരൻ കോവൻ. തീവ്ര ഇടതുപക്ഷസംഘടനയായ മക്കൾ കലൈ ഇളക്കിയ കഴകത്തിന്റെ പ്രവർത്തകനായ കോവനെയാണ് 2015 ഒക്ടോബർ 30-ന് പുലർച്ചെ രണ്ടരയ്ക്ക് തമിഴ്‌നാട് പോലീസ് ഒരു ഭീകരപ്രവർത്തകനെ വേട്ടയാടുന്നതുപോലെ അതിരഹസ്യമായി വീട്ടിലെത്തി അറസ്റ്റുചെയ്തത്.

ഫോൺചെയ്തപ്പോൾ കോവന് ആദ്യമറിയേണ്ടത് നമ്പർ എങ്ങനെ കിട്ടിയെന്നാണ്. തുടർന്ന് കോവൻ മറ്റൊരു നമ്പർ തന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ മറ്റൊരു നമ്പറിലേക്കു ബന്ധപ്പെടുത്തി. ഒടുവിൽ കോവനുമായുള്ള കൂടിക്കാഴ്ചയ്ക്കുമുമ്പ് പല ഫോൺനമ്പറുകൾ മാറിമാറിവന്നു.

കോവനും സഹപ്രവർത്തകരും കുറച്ച് കരുതലെടുക്കുകയാണെന്ന് ഈ നീക്കങ്ങളിൽ വ്യക്തമായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ട ശേഷം 16 ദിവസം കോവൻ ജയിലിലുണ്ടായിരുന്നു. ഒടുവിൽ മദ്രാസ് ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്.

ജയലളിതയെപ്പോലെ പ്രബലയായ ഒരു മുഖ്യമന്ത്രി നയിക്കുന്ന സർക്കാറിനെതിരെ കടുത്ത വിമർശമുയർത്തുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കോവനും സംഘത്തിനും നന്നായറിയാം. അതുകൊണ്ടുതന്നെ മുൻപരിചയമില്ലാത്തവർ ആരു വിളിച്ചാലും എടുക്കേണ്ട കരുതലെടുക്കാൻ കോവൻ ശ്രദ്ധിക്കുന്നുണ്ട്.

ഓലമേഞ്ഞ ചെറിയൊരു വീട്ടിലാണ് കോവനും കൂട്ടരും കാത്തിരുന്നത്. ‘‘ഇത് ഞങ്ങളുടെ സംഘം ഒത്തുചേരുന്ന സ്ഥലമാണ്. ഇവിടെവെച്ചാണ് ഞങ്ങൾ പാട്ടെഴുതുന്നതും ഈണമിടുന്നതും അതിനുള്ള നൃത്തച്ചുവടുകൾ ആവിഷ്കരിക്കുന്നതും’’ - കോവൻ പറഞ്ഞു.

തിരുച്ചിറപ്പിള്ളിയിലെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിൽ ജീവനക്കാരനായിരുന്ന കോവൻ ജോലി രാജിവെച്ചാണ് രാഷ്ട്രീയ-കലാ-സാംസ്കാരിക പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പണ്ട് നക്സലുകൾ നടന്ന വഴികളിലൂടെയാണ് കോവനും കൂട്ടരും ഇപ്പോൾ സഞ്ചരിക്കുന്നത്.

ജയലളിതസർക്കാറിന്റെ മദ്യനയത്തിനെതിരെ തമിഴകത്ത് ഏറ്റവും ശക്തമായി പ്രതികരിക്കുന്നത് കോവന്റെ സംഘടനയാണ്. നാടുമുഴുവൻ മദ്യവിൽപ്പനശാലകൾ തുറന്ന ജയലളിതസർക്കാറിനെതിരെ ‘ഉൗരുക്കൂരു ചാരായം’ എന്ന പാട്ടിലൂടെ കോവൻ ആഞ്ഞടിച്ചു. 

മദ്യനിരോധനത്തെക്കുറിച്ച് ജയലളിത ഒടുവിൽ ഒരു നയമെടുക്കാൻ നിർബന്ധിതയായതിനു പിന്നിൽ തങ്ങളുടെ നിലപാടാണെന്ന് കോവൻ പറയുന്നത് വെറുതെയല്ല. ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമ്പോൾ പരിപ്പുവില നൂറുരൂപയാകുന്നതിനെക്കുറിച്ചും പഠിക്കുന്നതിന് ലക്ഷങ്ങൾ മുടക്കേണ്ടിവരുന്നതിനെക്കുറിച്ചും കോവൻ പാട്ടിലൂടെ ജനങ്ങളെ ഓർമിപ്പിക്കുന്നു.

ജയലളിതയുടെ ഉറ്റതോഴി ശശികലയ്ക്ക് ബന്ധമുള്ള മിഡാസ് എന്ന മദ്യനിർമാണക്കമ്പനി തമിഴകത്തെ മദ്യവിൽപ്പനയെ നിയന്ത്രിക്കുന്നതും ഉറക്കെ വിളിച്ചുപറയാൻ കോവന് പേടിയില്ല.

‘‘പേടിപ്പിക്കാൻ പലവഴിക്കും നോക്കുന്നുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തുകയെന്നതാണ് ഈ സർക്കാറിന്റെ നയം. പേടിപ്പിച്ച് നിശ്ശബ്ദരാക്കുക. പക്ഷേ, ഞങ്ങൾ പേടിക്കില്ല. ഇനിയിപ്പോൾ ജയലളിത തിരിച്ച് അധികാരത്തിലെത്തിയാലും ഞങ്ങൾ പേടിക്കില്ല. ഈ പോരാട്ടം തുടരുകതന്നെ ചെയ്യും’’ -പതറാത്ത ശബ്ദത്തിൽ കോവൻ പറയുന്നു.

എന്നിട്ട്, ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന ജയലളിതയുടെ നയത്തെ കളിയാക്കി എഴുതിയ പുതിയ പാട്ട് പാടുന്നു: ‘‘അമ്മാ ബോങ്കേ, അമ്മാ ബോങ്കേ, ബോങ്കാട്ടം ആടിറേങ്കേ...’’(അമ്മയുടെ പറ്റിക്കൽ, അമ്മയുടെ പറ്റിക്കൽ... പറ്റിക്കൽ ആട്ടം ആടുകയാണ്...)