ചെന്നൈ: മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും കർഷകരുടെ അവകാശങ്ങൾ സംരക്ഷിച്ച്  പരിഹാരം കാണുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പു  പ്രകടനപത്രിക. എ.ഐ.എ.ഡി.എം.കെ.യെയും ഡി.എം.കെ.യെയുംപോലെ സമ്പൂർണ മദ്യനിരോധനമെന്നതാണ് പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനം.

ചെന്നൈയിൽ പാർട്ടി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മുതിർന്ന  നേതാവ് മുകുൾ വാസ്‌നിക് ആണ് തിരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കിയത്. പ്രമുഖ കായിക വിനോദമായ ജെല്ലിക്കെട്ട് തിരികെ കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. 

ബി.ജെ.പി. പുറത്തിറക്കിയ പ്രകടന പത്രികയിലെ ചില കാര്യങ്ങൾ കോൺഗ്രസിന്റേതിലും കാണുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടതാണ് സമ്പൂർണ മദ്യനിരോധനം, ജെല്ലിക്കെട്ട്, പുനഃസ്ഥാപിക്കൽ, പ്രത്യേക ലോകായുക്ത രൂപവത്കരണം, സേതസമുദ്രം കപ്പൽ കനാൽ പദ്ധതി തുടങ്ങിയവ.  

ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂർ വൈദ്യുതി നൽകുമെന്നുമാണ് മറ്റൊരു വാഗ്ദാനം. കർഷകച്ചന്തകളിൽ കൂടുതൽ സാങ്കേതികസൗകര്യം ഏർപ്പെടുത്തൽ, 60 വയസ്സിൽക്കൂടുതലുള്ള കർഷകർക്ക് പ്രതിമാസം 2,000 രൂപ സഹായധനം, എല്ലാ ജില്ലകളിലും ലോകനിലവാരത്തിലുള്ള ലൈബ്രറിയും മെഡിക്കൽകോളേജും ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കൽ, നദീസംയോജനം തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടു വെക്കുന്നു.

ട്രോളിങ് നിരോധനസമയത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിനം 150 രൂപ നിരക്കിൽ 40 ദിവസത്തേക്ക്  സഹായം നൽകും. ഡി.എം.കെ. മുന്നണിയിലുള്ള കോൺഗ്രസ് 41 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ചു സീറ്റിൽ  ജയിച്ചിരുന്നു.