ചെന്നൈ: സെയ്ദാപെട്ടിൽ ആലന്തൂർ റോഡിലെ അഞ്ചുവിളക്കിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ എത്തുമ്പോൾ ഡി.എം.കെ. പ്രവർത്തകരുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇവിടെനിന്നാണ് ഡി.എം.കെ.യുടെ കുലപതി കലൈഞ്ജർ കരുണാനിധി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്.  രണ്ടാഴ്ചമുമ്പ് ജയലളിത പ്രചാരണത്തിന് തുടക്കമിട്ടത് ഐലൻഡ് ഗ്രൗണ്ട്‌സിലെ വിശാലവേദിയിൽനിന്നാണ്. ഏറ്റവും കൂടിയത് പതിനായിരം പേരെ ഉൾക്കൊള്ളാനേ അഞ്ചുവിളക്കിലെ നിരത്തിനാവൂ. പക്ഷേ, അഞ്ചുവിളക്ക് ഡി.എം.കെ.യുടെ രാശിയാർന്ന വേദിയാണ്. കലൈഞ്ജറുടെ വരവറിയിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്ത സെയ്ദാപെട്ട് സ്ഥാനാർഥിയും മുൻ ചെന്നൈ മേയറുമായ എം. സുബ്രഹ്മണ്യൻ പറഞ്ഞതുപോലെ ഇവിടെനിന്ന്‌ കലൈഞ്ജർ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോഴൊക്കെ ഡി.എം.കെ. തമിഴകത്ത് അധികാരത്തിലെത്തിയിട്ടുണ്ട്. 

അധികാരത്തിന്റെ ഇടനാഴികളിലൂടെയല്ല കലൈഞ്ജർ ഇപ്പോൾ സഞ്ചരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ സ്ഥാനംപോലും ഇപ്പോൾ കലൈഞ്ജർക്കില്ല. മുഖ്യമന്ത്രി ജയലളിത പ്രചാരണയാത്രയ്ക്ക് തുടക്കംകുറിച്ച ഐലൻഡ് ഗ്രൗണ്ട്‌സിൽനിന്ന്‌ സെയ്ദാപെട്ടിലേക്കുള്ള ദൂരം അധികാരത്തിന്റേതാണ്. ഐലൻഡ് ഗ്രൗണ്ട്‌സിൽ പോലീസ് നിറസാന്നിധ്യമായിരുന്നെങ്കിൽ സെയ്ദാപെട്ടിൽ വിരലിലെണ്ണാവുന്ന പോലിസുകാരേയുള്ളൂ. 1967-ലും 71-ലും കലൈഞ്ജർ നിയമസഭയിലെത്തിയത് സെയ്ദാപെട്ടിലെ ഈ മണ്ണിൽനിന്നാണ്. വേദിയിൽ ഡി.എം.കെ.യുടെ ആസ്ഥാനഗായകനായ കുത്തൂസ് ഘനഗംഭീര ശബ്ദത്തിൽ കലൈഞ്ജറെ വാഴ്ത്തുന്നു. നാലു മണിക്കെത്തേണ്ട കലൈഞ്ജർ പക്ഷേ, അഞ്ചു മണിയായിട്ടും വന്നിട്ടില്ല. 

ജയലളിതയെ കളിയാക്കിക്കൊണ്ടുള്ള പാട്ടാണ് ഇപ്പോൾ കുത്തൂസ് പാടുന്നത്. ‘നമ്മ വീട്ടുക്ക് പവർ പോനാ യു.പി.എസ്., അമ്മ ജയാവുക്ക് പവർ പോനാ ഒ.പി.എസ്.’ പൊടുന്നനെ സുബ്രഹ്മണ്യൻ വീണ്ടും മൈക്ക് കൈയിലെടുത്തു. ‘തലൈവർ കലൈഞ്ജർ വാഴ്ക’. അഞ്ചുവിളക്ക് ഒന്നാകെ ഇപ്പോൾ കലൈഞ്ജറെ വരവേൽക്കുകയാണ്. പ്രത്യേകം തയ്യാറാക്കിയ ടെമ്പോ ട്രാവലറിൽനിന്ന്‌ ചക്രക്കസേരയിൽ കലൈഞ്ജർ വേദിയിലേക്ക്. ജനം ഒന്നടങ്കം ജയ്‌വിളിക്കുന്നു. മകൾ കനിമൊഴിയും പേരക്കിടാവ് ദയാനിധിമാരനും ഒപ്പമുണ്ട്. ചെന്നൈയിൽ ഡി.എം.കെ. മുന്നണിയുടെ സ്ഥാനാർഥികൾ ഒന്നൊന്നായി കലൈഞ്ജറെ പൊന്നാടയണിയിക്കുന്നു. ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ജയലളിതയ്ക്ക് മാത്രമേ കസേരയുണ്ടാവൂ. പക്ഷേ, കലൈഞ്ജർ ജനാധിപത്യവാദിയാണ്. എല്ലാ സ്ഥാനാർഥികൾക്കും വേദിയിൽ കസേരയുണ്ട്.

93-കാരനായ കലൈഞ്ജർ ചക്രക്കസേരയിൽ ഇരുന്നുതന്നെയാണ് പ്രസംഗിക്കുന്നത്. സ്ഥാനാർഥികളെയും പാർട്ടിയുടെയും മുന്നണിയുടെയും ഭാരവാഹികളെയും പേരെടുത്തു പറഞ്ഞുതുടങ്ങി. ഇപ്പോൾ അഞ്ചുവിളക്ക് മിക്കവാറും നിശ്ശബ്ദം. ‘‘എൻ ഉയിരിനും മേലാന ഉടൻ പിറപ്പുകളേ...’’ കലൈഞ്ജറുടെ ശബ്ദം ഒന്നിടറിയപോലെ. ഈ നിമിഷമാണ് ജനം കാത്തിരുന്നത്. വിസിലടിയും ആർപ്പുവിളികളുമായി അവർ ഇളകിമറിഞ്ഞു. ആവേശം ആറുംവരെ കലൈഞ്ജർ ക്ഷമയോടെ കാത്തു. പക്ഷേ, കാലവും സമയവുമായുള്ള പോരാട്ടത്തിലാണ് കലൈഞ്ജർ എന്ന് പ്രസംഗം വ്യക്തമാക്കുന്നുണ്ടായിരുന്നു. തമിഴകരാഷ്ട്രീയത്തിന്റെ അടരുകൾ ചികയുന്ന ക്ലാസിക് പ്രസംഗങ്ങളുടെ നിഴലായിരുന്നു ശനിയാഴ്ച അഞ്ചുവിളക്ക് കണ്ടതും കേട്ടതും. ചെന്നൈയെ വിഴുങ്ങിയ പ്രളയത്തിലൂന്നിയുള്ള 20 മിനിറ്റ് മാത്രം നീണ്ട പ്രസംഗം ഒരു മഹാപോരാട്ടത്തിനുള്ള ശംഖൊലിയായില്ല.

മഹാറാണിയെപ്പോലെ ജീവിക്കുന്ന ജയലളിത പ്രളയം വന്നപ്പോൾപ്പോലും ജനങ്ങളുടെ അടുത്ത് വരാതിരുന്നത് ഓർമിപ്പിച്ചുകൊണ്ട് ഭരണമാറ്റം വന്നേതീരൂവെന്ന് കലൈഞ്ജർ പറഞ്ഞു.പലപ്പോഴും ശബ്ദം ഇടറുന്നുണ്ടായിരുന്നു. ജനത്തെ ഇളക്കിമറിക്കുന്ന ആ പഴയ കലൈഞ്ജർ എവിടെയാണെന്ന ചോദ്യം അഞ്ചുവിളക്കിനുമേൽ അനാഥമായി അലഞ്ഞു. ആറുമണിയോടെ പ്രസംഗം അവസാനിപ്പിക്കുമ്പോൾ, കലൈഞ്ജറിനുമേൽ പ്രായം അതിന്റെ തണുത്ത കരങ്ങൾകൊണ്ട് തലോടുന്നത് കാണാതിരിക്കാനാവുമായിരുന്നില്ല.