ചെന്നൈ : കലൈഞ്ജർ കരുണാനിധി ചെന്നൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച  തുടങ്ങിവെയ്ക്കുമ്പോൾ ജയലളിത തിരുച്ചിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരിക്കും. മിക്കവാറും എ.ഐ.എ.ഡി.എം.കെയുടെ പ്രകടനപത്രികയുടെ പ്രകാശനവും തിരുച്ചിയിൽ ഇതേവേദിയിൽ നടക്കുമെന്നാണ് സൂചന. മാധ്യമങ്ങളിൽ കലൈഞ്ജറുടെ പടപ്പുറപ്പാട് മാത്രം നിറഞ്ഞുനിൽക്കരുതെന്ന കണക്ക്കൂട്ടലിലാണ് ശനിയാഴ്ച തന്നെ പ്രകടനപത്രിക പുറത്തിറക്കാൻ ജയലളിത തീരുമാനിച്ചിരിക്കുകയെന്നാണറിയുന്നത്. ഒരു തരത്തിലും ഡി.എം.കെ പ്രസിഡന്റ് തനിക്ക് മുന്നിൽ കയറിപ്പോകുന്നത് അനുവദിക്കാൻ ജയലളിതയ്ക്കാവില്ല. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്കാണ് സെയ്ദാപെട്ടിൽ നിന്നും കലൈഞ്ജറുടെ പ്രചാരണ വാഹനം ചലിച്ചുതുടങ്ങുക. 

അതേ സമയത്തുതന്നെയാണ് തിരുച്ചിയിൽ ജയലളിതയുടെ റാലി തുടങ്ങുന്നതും. കലൈഞ്ജറെയും ഡി.എം.കെയെയും സംബന്ധിച്ചിടത്തോളം അതീവ നിർണായകമായ തിരഞ്ഞെടുപ്പാണിത്. ഇക്കുറിയും ജയലളിതയെ പിടിച്ചുകെട്ടാനാവുന്നില്ലെങ്കിൽ ഡി.എം.കെയുടെ അടിത്തറയിൽ കാര്യമായ വിള്ളലുകൾ വീഴുമെന്നുറപ്പാണ്. 93 കാരനായ കലൈഞ്ജർ പാർട്ടിയുടെ ചുക്കാൻ മകൻ സ്റ്റാലിന് കൈമാറാൻ ഒരുങ്ങിക്കഴിഞ്ഞു. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ യെ മുന്നിലെത്തിച്ച് ആറാംവട്ടവും തമിഴകത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത് കലൈഞ്ജറുടെ ആഗ്രഹവും വാശിയുമാണ്.

കലൈഞ്ജറുടെ ചില സ്വപ്ന പദ്ധതികൾ ജയലളിത 2011 ൽ അധികാരത്തിലേറിയ ഉടനെ മാറ്റിമറിച്ചിരുന്നു. പുതിയൊരു സെക്രട്ടറിയേറ്റ് സമുച്ചയ നിർമാണമായിരുന്നു അതിൽ മുഖ്യം. പണി മുഴുവനായും പൂർത്തിയാവുംമുമ്പുതന്നെ കലൈഞ്ജർ ഇവിടെ നിയമസഭാസമ്മേളനം കൂടിയത് ജയലളിത ഈ പദ്ധതിയുടെ മേൽ കോടാലി വെയ്ക്കാതിരിക്കാനായിരുന്നു. പക്ഷേ, കലൈഞ്ജറെ ഞെട്ടിച്ചുകൊണ്ട് ജയലളിത ഈ സെക്രട്ടറിയേറ്റ് മന്ദിരം തമിഴകത്തെ ഏറ്റവും മികച്ച സൂപ്പർ സ്പെഷാലിറ്റി ആസ്പത്രിയാക്കി മാറ്റി. തമിഴിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിന്റെ ഓർമയ്ക്കായാണ് കലൈഞ്ജർ ചെന്നൈയിൽ ജെമിനി മേൽപാലത്തിനടുത്ത് ചെമ്മൊഴി പൂങ്കാ തീർത്തത്.

പക്ഷേ, ജയലളിത അധികാരത്തിലെത്തിയ ശേഷം ചെമ്മൊഴി പൂങ്കാ അവഗണിക്കപ്പെട്ടു. കോട്ടൂർപുരത്ത് കലൈഞ്ജർ ഏറെ താത്‌പര്യമെടുത്തു തീർത്ത അണ്ണാ വായനശാല കുട്ടികളുടെ ആസ്പത്രിയാക്കാനുള്ള ജയലളിതയുടെ നീക്കം വിജയിക്കാതെ പോയത് കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ്. കലൈഞ്ജറുടെ മാനസസന്താനമായിരുന്ന സമച്ചിർ കൽവി പദ്ധതിയും ജയലളിത ഉടച്ചുവാർത്തു. അനശ്വരത കലൈഞ്ജറുടെ ദൗർബല്യമാണ്. ഭാവിതലമുറ തന്നെ ഓർത്തിരിക്കണമെന്ന് കലൈഞ്ജർക്ക് നിർബന്ധമുണ്ട്. കാലവും ചരിത്രവും ഓർക്കണമെങ്കിൽ അധികാരം സുപ്രധാനമാണെന്ന് കലൈഞ്ജർക്കറിയാം. ഈ തിരിച്ചറിവാണ് 93-ാം വയസ്സിൽ ചക്രക്കസേരയിലിരുന്നുകൊണ്ട് ഡി.എം.കെയുടെ പടനയിക്കാൻ കലൈഞ്ജറെ പ്രേരിപ്പിക്കുന്നത്.

2010 ൽ ജയലളിത തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റാലികൾ വൻ ജനമുന്നേറ്റമുണ്ടാക്കിയിരുന്നു. 2ജി സ്പെക്‌ട്രം കുംഭകോണത്തിന്റെ കരിനിഴലിൽ ഡി.എം.കെ നിൽക്കവെ തിരുച്ചിയിലും കോയമ്പത്തൂരും മധുരൈയിലും ജയലളിത സംഘടിപ്പിച്ച റാലികളിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഡി.എം.കെയ്ക്കെതിരെ അലയടിച്ചുയർന്ന ജനവികാരത്തിന്റെ സാമ്പിൾ വെടിക്കെട്ടുകളാണ് ഈ റാലികളിൽ കണ്ടത്. ഇക്കുറി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ  തമിഴകത്തുടനീളം നടത്തിയ ജനസമ്പർക്കപരിപാടിയായ നമുക്ക് നാമേയിൽ പക്ഷേ, ഇത്തരം ജനവികാരത്തിന്റെ പ്രകമ്പനം ദൃശ്യമായിരുന്നില്ല.

ജയലളിത സർക്കാരിനെതിരെ ഒരു ഓളമുണ്ടാക്കാൻ സ്റ്റാലിനായില്ല എന്നതാണ് വാസ്തവം. ശനിയാഴ്ച സെയ്ദാപെട്ടിൽ  അടർക്കളത്തിലിറങ്ങുമ്പോൾ കലൈഞ്ജർ ലക്ഷ്യമിടുന്നത് ജയലളിതയ്ക്കെതിരായ ജനമുന്നേറ്റമാണ്. മെയ് 14 വരെ നീളുന്ന പ്രചാരണ പരിപാടികൾക്കിടയിൽ 17 പൊതുയോഗങ്ങളിൽ കലൈഞ്ജർ പ്രസംഗിക്കും. മൂന്നാഴ്ച മാത്രമാണ് കലൈഞ്ജറുടെയും ഡി.എം.കെയുടെയും കൈയിലുള്ളത്. ഈ കാലയളവിനുള്ളിൽ തമിഴകത്തെ ഇളക്കിമറിക്കാൻ കലൈഞ്ജർക്കാവുമോയെന്നത് ഡി.എം.കെയെ സംബന്ധിച്ചിടത്തോളം തീർച്ചയായും നിർണായകമാണ്.