ചെന്നൈ: വീണ്ടും അധികാരത്തിലെത്തിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. പ്രകടനപത്രിക. സൗജന്യങ്ങളുടെ പെരുമഴയും ജയലളിത വാഗ്ദാനം ചെയ്യുന്നു. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ മൊബൈൽ ഫോണും വിദ്യാർഥികൾക്ക് സൗജന്യ വൈഫൈയും നൽകും.

78 ലക്ഷം ഉപഭോക്താക്കൾക്ക് സൗജന്യമായി 100 യൂണിറ്റ് വൈദ്യുതിയും സ്ത്രീകൾക്ക് ഗർഭകാല സഹായമായി 18,000 രൂപയും ഉറപ്പുനൽകുന്നുണ്ട്. സ്കൂട്ടർ വാങ്ങുന്നതിന് 50 ശതമാനം ഇളവും വാഗ്ദാനംചെയ്യുന്ന പ്രകടന പത്രിക ഇറക്കിക്കൊണ്ട് ജയലളിത വ്യാഴാഴ്ച പ്രതിപക്ഷപാർട്ടികളെ ഞെട്ടിച്ചു.

136 അടിക്കുമുകളിൽ ജലനിരപ്പുയരുന്നത് അപകടകരമാണെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാൽ  പരമാവധി ജലനിരപ്പ് 142 അടി വരയാകാമെന്ന തമിഴ്‌നാടിന്റെ വാദം സുപ്രിം കോടതി അംഗീരിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് ഇനിയും അധികാരത്തിലെത്തിയൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് ജയലളിത പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നത്.

എല്ലാ കാർഷിക കടങ്ങളും എഴുതിതള്ളുമെന്നും സാധാരണക്കാർക്ക് അമ്മ ബാങ്കിങ് കാർഡ് നൽകുമെന്നും സ്ത്രീകളുടെ പ്രസവാവധി ഒമ്പതു മാസമായി വർധിപ്പിക്കുമെന്നും ജയലളിത വാഗ്ദാനം ചെയ്തു. 40,000 കോടി രൂപയുടെ കാർഷികവായ്പ 2016-നും 2021-നുമിടയിൽ നൽകുമെന്നും  ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ പട്ടിക വർഗക്കാരായി പരിഗണിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും ജയലളിത വാഗ്ദാനം ചെയ്യുന്നു.

തൊഴിലില്ലാത്ത യുവാക്കളുടെ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളും. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും. തമിഴ്‌നാട്ടിലെ എല്ലാ നദികളും സംയോജിപ്പിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും സൗജന്യമായി നാല് ആടുകൾ, കല്യാണ സഹായമായി ഒരു പവൻ താലി എന്നിവയും ജയയുടെ വാഗ്ദാനങ്ങളിൽ പെടുന്നു.

തമിഴ്‌നാട്ടിൽ ചില്ലറ വില്പനശാല മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും ജയലളിത പ്രഖ്യാപിച്ചു.