മധുര: ഡി.എം.കെ. കോൺഗ്രസ് സഖ്യത്തിനെതിരെ ശക്തമായ വിധിയെഴുത്ത് നടത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ ജയലളിത  ആഹ്വാനംചെയ്തു.‘‘ഡി.എം.കെ.- കോൺഗ്രസ് മുന്നണി കൊള്ളക്കൂട്ടമാണ്. ഇനിയും തമിഴകത്തെ കൊള്ളയടിക്കാൻ വോട്ട് ചോദിച്ച് അവർ വരും.

അപ്പോൾ 2011- ലും 2014- ലും നൽകിയതിനേക്കാൾ ശക്തമായ പ്രഹരം അവർക്കു നൽകണം. നിങ്ങൾ നൽകില്ലേ?  ‘‘ബുധനാഴ്ച മധുരയിൽ എ.ഐ.എ.ഡി.എം.കെ.യുടെ ദക്ഷിണ മേഖലാ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജയലളിത.

ജയലളിതയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അനുകൂലമായി  ‘ശെയ്‌വോം’ എന്ന് ജനക്കൂട്ടം ആർത്തിരമ്പി മറുപടിപറഞ്ഞു. മുല്ലപ്പെരിയാർ അണയുടെ ജലനിരപ്പ് ഉയർത്താൻ സർക്കാർ എടുത്ത നടപടികൾ ഒന്നൊന്നായി എടുത്തുപറഞ്ഞാണ് ജയലളിത പ്രസംഗം തുടങ്ങിയത്. ജലനിരപ്പ് 152 അടിയിൽ നിന്ന് 136 അടിയായി കുറച്ച കേരള സർക്കാറിന്റെ നടപടിക്കെതിരെ കേന്ദ്രം ഭരിച്ച   കോൺഗ്രസ്-ഡി.എം.കെ. സർക്കാറോ തമിഴ്‌നാട്ടിൽ ഭരണം കൈയാളിയ ഡി.എം.കെ. സർക്കാറോ ഒന്നും ചെയ്തില്ലെന്ന് ജയലളിത കുറ്റപ്പെടുത്തി.

സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചശേഷം തന്റെ സർക്കാറാണ് ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയതെന്ന് ജയലളിത പറഞ്ഞു. അടുത്ത ഘട്ടത്തിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും അവർ പ്രഖ്യാപിച്ചു.പറഞ്ഞ വാഗ്ദാനങ്ങളെല്ലാംതന്നെ നിറവേറ്റിയ സർക്കാറാണ് തന്റെതെന്ന് അവർ പറഞ്ഞു.

‘‘നിങ്ങൾ വിചാരിക്കാതിരുന്ന, ഭാവനയിൽ പോലും കാണാതിരുന്ന കാര്യങ്ങളും എന്റെ സർക്കാർ  നടപ്പാക്കി. അമ്മ ഉണവകവും അമ്മ ഉപ്പും മുതൽ അമ്മ സിമന്റ് വരെയുള്ള പദ്ധതികൾ ഇങ്ങനെ നേരത്തെ വാഗ്ദാനം ചെയ്യാതിരുന്നവയായിരുന്നു.

എന്നിട്ടും അവ നടപ്പാക്കി. കാരണം അമ്മയ്ക്ക് മാത്രമേ മക്കളുടെ വിഷമങ്ങളും ആവശ്യങ്ങളും അറിയുകയുള്ളൂ. ഇക്കുറിയും നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ ഇതിലും ഗംഭീരമായ പദ്ധതികൾ നടപ്പാക്കും.’മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് അവർ  ആവർത്തിച്ചു. മദ്യനിരോധന വിഷയത്തിൽ കരുണാനിധിയുടെ നിലപാട് ആത്മാർഥതയില്ലാത്തതാണെന്നും ജയലളിത കുറ്റപ്പെടുത്തി.

ഗ്രാനൈറ്റ് കുംഭകോണത്തിനുത്തരവാദികൾ ഡി.എം.കെ.യാണെന്നും മധുരയിലും പരിസരങ്ങളിലും നിയമവിരുദ്ധമായി ഗ്രാനൈറ്റ് ഖനനം ചെയ്തതിന് പ്രതിസ്ഥാനത്തുള്ള കമ്പനികളിലൊന്നായ ഒളിമ്പസ് ഗ്രാനൈറ്റ് കരുണാനിധിയുടെ മകൻ അഴഗിരിയുടെ മകൻ ദയാനിധിയുടെതാണെന്ന് മറക്കരുതെന്ന് ജയലളിത പറഞ്ഞു.'' സ്വന്തം കുടുംബത്തിന് താത്‌പര്യമുള്ള പദ്ധതികളിലേ കരുണാനിധിക്കും ഡി.എം.കെക്കും താത്‌പര്യമുള്ളൂ.''

മധുരയുടെ സ്വന്തം കായിക വിനോദമായ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിക്കാൻ കാരണം മുൻ യു.പി.എ. സർക്കാർ കാളകളെ പ്രദർശിപ്പിക്കാൻ അനുമതിയില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ പെടുത്തിയതുകൊണ്ടാണെന്നും അടുത്ത കൊല്ലം മുതൽ ജെല്ലിക്കെട്ട് പുനരുജ്ജീവിപ്പിക്കാൻ എ.ഐ.എ.ഡി.എം.കെ. എല്ലാതലത്തിലും ശ്രമിക്കുമെന്നും അവർ പറഞ്ഞു. ജനങ്ങളിലാണ് താനെന്നും ജനങ്ങൾക്കുവേണ്ടിയാണ് ജീവിതമെന്നും ജയലളിത പറഞ്ഞു.

മധുരയിലും പരിസര ജില്ലകളിലും നിന്നായി പതിനായിരങ്ങളാണ് ജയലളിതയെ കാണാനും കേൾക്കാനുമായി ബുധനാഴ്ച റിങ്‌റോഡിലെ വിശാലമായ മൈതാനത്തേക്കെത്തിയത്. ബോഡിനായ്ക്കനൂരിൽ മത്സരിക്കുന്ന ഒ. പനീർശെൽവവും തിരുച്ചെന്തൂരിൽ മത്സരിക്കുന്ന ശരത്കുമാറും ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ ജയലളിത ജനക്കൂട്ടത്തിന് പരിചയപ്പെടുത്തി.

നേരത്തെ വിരുദാചലത്തും സേലത്തും നടന്ന റാലികളിൽ നാല് പാർട്ടി പ്രവർത്തകർ സൂര്യതാപമേറ്റ് മരിച്ചതിനാൽ വെയിലൊതുങ്ങിയ ശേഷം വൈകീട്ട് ആറു മണിയോടെയാണ് മധുരയിൽ യോഗം തുടങ്ങിയത്.