വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകനുമൊന്നിച്ച് തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തൊട്ടടുത്തു തന്നെയുള്ള ചന്തയില്‍ നിന്നെത്തിയ തൊഴിലാളികള്‍ അവിടെയിരുന്നു പൊറോട്ടയും ബീഫും ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു. ഓരോ പ്ലേറ്റിലും കൂമ്പാരം പോലെ പൊറോട്ടകള്‍ അതിനു മീതെ അതിനൊത്ത ബീഫ് കറിയും. 

ഈ കാഴ്ച കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു, 'ഇത്തരം പരുക്കന്‍ ജീവിതമാണ് എനിക്കിഷ്ടംട.  സുഹൃത്തിനെ ആകര്‍ഷിച്ചത് ചുമട്ടുതൊഴിലാളികള്‍ രസകരമായി ഭക്ഷണം കഴിക്കുന്നതാണ്. പക്ഷേ, ഇത്രയും പൊറോട്ടയും ബീഫും സുഖമായി കഴിക്കണമെങ്കില്‍ അതിനു പറ്റിയ വിശപ്പുണ്ടാവണമെന്നും ചന്തയില്‍  നടുവൊടിയുവോളം പണിയെടുക്കുന്നതുകൊണ്ടാണ് തൊഴിലാളികള്‍ക്ക് ഇങ്ങനെ കഴിക്കാനാവുന്നതെന്നും അദ്ദേഹം ഓര്‍ത്തില്ല.

കഴിഞ്ഞ ദിവസം മധുരയില്‍ നിന്നും അളകാനല്ലൂരിലേക്ക് പോകുംവഴി ഒരു കൗതുകത്തിനാണ് എസ്തറിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ സാധാരണക്കാരായവര്‍ എന്തു നിലപാടാണ് എടുക്കുകയെന്ന് അറിയുകയായിരുന്നു ഉദ്ദേശ്യം. പുറത്തു നിന്നു നോക്കുമ്പോള്‍ ലേശം കാല്‍പനികതയൊക്കെ തോന്നിപ്പിച്ചേക്കാവുന്ന വൃത്തിയും വെടിപ്പുമുള്ള പരിസരം. രണ്ടു മുറികളുള്ള ചെറിയ വീടായിരുന്നു അത്. വീടിനുള്ളിലേക്ക് കടക്കണമെങ്കില്‍ ശരിക്കും കുനിയണം.അത്രയ്ക്ക് ഉയരമേ വീടിനുള്ളൂ. കുടിലിനേക്കാള്‍ ലേശം ഭേദമെന്നേ പറയാനാവൂ.

വീടിനുള്ളില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു. മെലിഞ്ഞുണങ്ങിയ അവരുടെ ശരീരത്തില്‍ ദാരിദ്ര്യം കൂടുകൂട്ടിയിരുന്നു. മധുര ആണ് എസ്തറിന്റെ സ്വദേശം. ഇടക്കാലത്ത് മതപരിവര്‍ത്തനം നടത്തി കൃസ്ത്യാനിയായതാണ് എസ്തര്‍. ഭര്‍ത്താവ് നാഗരാജന്‍ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. രണ്ടു മക്കള്‍.നാഗരാജന്‍ വീട്ടിലിരുന്ന് തയ്ച്ചുകിട്ടുന്നതിലൂടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ വീട് അവരുടെ സ്വന്തമല്ല. 30,000 രൂപകൊടുത്ത് മൂന്നു കൊല്ലത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്. ജയലളിത സര്‍ക്കാരിന്റെ സൗജന്യ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ എസ്തറും നാഗരാജനും വാചാലരായി. തങ്ങളെപ്പേലുള്ള പാവങ്ങള്‍ക്ക് അനുഗ്രഹമാണ് ഈ പദ്ധതികളെന്ന് രണ്ടുപേരും പറഞ്ഞു.

കുടിവെള്ള ക്ഷാമമാണ് എസ്തറിന്റെ കുടുംബം നേരിടുന്ന വലിയൊരു പ്രശ്‌നം. വീട്ടുപറമ്പില്‍ കിട്ടുന്നത് ഉപ്പുവെള്ളമാണ്. നിത്യേന വന്നുപോകുന്ന ടാങ്കര്‍ലോറികളില്‍ നിന്നുമാണ് കുടിവെള്ളം കിട്ടുന്നത്. ഒരു ദിവസം എന്തുമാത്രം കുടിവെള്ളം വാങ്ങുമെന്ന് ചോദിച്ചപ്പോള്‍ രണ്ടുകുടം എന്നായിരുന്നു ഉത്തരം. ഒരു കുടം വെള്ളത്തിന് നാലുരൂപയാണ് വില. എട്ടു രൂപയ്ക്ക് കിട്ടുന്ന രണ്ടുകുടം വെള്ളം കൊണ്ട് എസ്തറിന്റെ കുടുംബത്തിന്റെ ഒരു ദിവസത്തെ കുടിവെള്ള ആവശ്യം നിറവേറുന്നു, അല്ലെങ്കില്‍ അതുകൊണ്ട് അവര്‍ തൃപ്തിപ്പെടുന്നു. ദാരിദ്ര്യത്തിന്റെ കടുത്ത പിടിയിലാണെങ്കിലും എസ്തര്‍ ഒരു ദുരിതവും പങ്കുവെച്ചില്ല, ഒരു കഷ്ടപ്പാടിനെക്കുറിച്ചും വിലപിച്ചില്ല. സ്വന്തം ജീവിതത്തിന്റെ ഇല്ലായ്മകള്‍ വിളിച്ചുപറയേണ്ട കാര്യമില്ലെന്ന് അവര്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെ തോന്നി.

എസ്തറിനെ കാണുംമുമ്പാണ് ത്യാഗരാജനെ കണ്ടത്. മധുരൈ സെന്‍ട്രലിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് ത്യാഗരാജന്‍. പരമ്പരാഗത ജന്മികുടുംബത്തില്‍ നിലവിലുള്ള ഏക അംഗം. എസ്തറിന്റെ വീടിന് ത്യാഗരാജന്റെ വീട്ടിലെ സ്വീകരണമുറിയുടെ വലിപ്പമുണ്ടാവില്ല. മധുരൈയിലും പരിസരങ്ങളിലും തന്റെ കുടുംബത്തിന് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ത്യാഗരാജന് തന്നെ നല്ല നിശ്ചയമില്ലെന്ന് തോന്നി. പിതാവ് പിടിആര്‍ പഴനിവേല്‍ രാജന്‍ പെട്ടെന്ന് മരിക്കുമ്പോള്‍ ത്യാഗരാജന്‍ വിദേശത്തായിരുന്നു. അമേരിക്കയില്‍ ഉന്നതവിദ്യാഭ്യാസം നടത്തിയ ത്യാഗരാജന്‍ അവിടെത്തന്നെയായിരുന്നു കൂടുതല്‍ കാലം ജോലി ചെയ്തതും. അമേരിക്കക്കാരി മാര്‍ഗരറ്റിനെയാണ് ത്യാഗരാജന്‍ കല്ല്യാണം കഴിച്ചത്. ഇപ്പോള്‍ രണ്ടു മക്കളും ഭാര്യയും ത്യാഗരാജനൊപ്പം മധുരൈയിലുണ്ട്.

രാഷ്ട്രീയപ്രവര്‍ത്തനം ത്യാഗരാജന്‍ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. എസ്തറിനും ത്യാഗരാജനുമിടയിലുള്ള വലിയൊരു വ്യത്യാസം തിരഞ്ഞെടുക്കുന്നതിനുള്ള ഈ സ്വാതന്ത്ര്യമാണ്. ആപ്പിള്‍ എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യം നേരിട്ടു കണ്ടു. ചെരിപ്പിടാതെ നടക്കുന്ന പാവങ്ങളെ കണ്ടപ്പോള്‍ സ്റ്റീവ് ജോബ്‌സ് കുറിച്ചിട്ടത് ഇതാണ്: 'അമേരിക്കയില്‍ ഞാന്‍ ചെരിപ്പിടാതെ കീറിയ വസ്ത്രങ്ങളുടുത്ത് നടന്നിട്ടുണ്ട്.പക്ഷേ, അത് ഞാന്‍ തിരഞ്ഞെടുത്തതായിരുന്നു. എനിക്ക് വേണമെങ്കില്‍ ചെരിപ്പിടാമായിരുന്നു, വേണമെങ്കില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കാമായിരുന്നു. പക്ഷേ, ഇവിടെ ഈ സാധാരണക്കാര്‍ക്ക് അങ്ങിനെ തിരഞ്ഞെടുക്കാനാവില്ല. അവരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമില്ല. ചെരിപ്പിടണമെന്ന് വിചാരിച്ചാലും അതിനവര്‍ക്കാവില്ല'.

 എസ്തറും കുടുംബവും പരമ്പരാഗതമായി എംജിആറിന്റെ ആരാധകരാണ്. ത്യാഗരാജനും കുടുംബത്തിനും ഡിഎംകെയുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജയലളിത സര്‍ക്കാരിന്റെ സൗജന്യപദ്ധതികളെ വളരെ കൃത്യമായാണ് ത്യാഗരാജന്‍ വിമര്‍ശിക്കുന്നത്. കുടിവെള്ളം ഉറപ്പാക്കാനാവാത്ത ഒരു സര്‍ക്കാരിന് എങ്ങിനെയാണ് ഇത്തരം സൗജന്യ പദ്ധതികളെക്കുറിച്ച് അഭിമാനിക്കാനാവുകയെന്ന ത്യാഗരാജന്റെ ചോദ്യം പ്രസക്തമാണ്. പക്‌ഷേ, എസ്തറിനെപ്പോലുളളവര്‍ക്ക് അവരുടെ നിത്യജിവിതത്തില്‍ സൗജന്യ മിക്‌സിയും അമ്മാ കാന്റിനും പകര്‍ന്നു നല്‍കുന്ന സാന്ത്വനത്തിന്റെ വില പറഞ്ഞറിയിക്കാനാവില്ല.

ത്യാഗരാജനെപ്പോലുള്ളവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. കോടികള്‍ ശമ്പളം കിട്ടുന്ന ബഹുരാഷ്ട്രകമ്പനി ഉദ്യോഗം വേണ്ടെന്നു വെച്ചാണ് ത്യാഗരാജന്‍ മധുരൈയില്‍ വോട്ടുപിടിക്കാനിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വന്നില്ലെങ്കില്‍ ത്യാഗരാജനെപ്പോലുള്ളവര്‍ക്ക് അവരുടെ കാര്യം നോക്കി നടന്നാല്‍ മതി. ഇനിയിപ്പോള്‍ ത്യാഗരാജന് ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. സമൂഹത്തോട് കടപ്പാടും ബാദ്ധ്യതയുമുള്ളവരായി മാറുന്നു എന്നതാണ് പൊതുപ്രവര്‍ത്തനത്തിന്റെ നല്ല വശം.

ഈ കുറിപ്പ് തുടങ്ങിയത് ശക്തന്‍ തമ്പുരാന്‍ ബസ്സ്റ്റാന്റിനടുത്തുള്ള ചായക്കടയിലെ കാര്യം പറഞ്ഞുകൊണ്ടാണ്. റോഡിലൂടെ കാറില്‍ പോവുമ്പോള്‍ വഴിയരികില്‍ കാണുന്ന ചെറിയ വീടുകള്‍ സുന്ദരവും കാല്‍പനികവുമാണ്. സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ 'പരുക്കന്‍ ജിവിതത്തിന്റെ  സൗന്ദര്യം'. പക്‌ഷേ, ഈ ജീവിതം അവര്‍ തിരഞ്ഞെടുത്തതല്ല, അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതാണ്. എസ്തറിനു മുന്നില്‍ തിരഞ്ഞെടുക്കാന്‍ പല വഴികളൊന്നുമില്ല, ത്യാഗരാജന്റെ മുന്നിലാണെങ്കില്‍ സാദ്ധ്യതകളുടെ അനന്ത ലോകമാണുള്ളത്. എസ്തറിനെപ്പോലുള്ളവരുടെ മുന്നിലും അവസരങ്ങളുടെ വ്യത്യസ്തമായ വഴികള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ത്യാഗരാജന്‍ സംസാരിച്ചത്. മെയ് 16 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നത് ത്യാഗരാജനെ പോലുള്ള ചില സ്ഥാനാര്‍ത്ഥികള്‍ കൂടിയാണെന്നതില്‍ സംശയമില്ല.