SPUവള്ളിയൂർ(തിരുനെൽവേലി): ‘‘ജയിച്ചാൽ രാധാപുരത്തെ കുളങ്ങളെല്ലാം നന്നാക്കും. ഇല്ലെങ്കിൽ അടുത്തതവണ വോട്ടുചേദിക്കാൻ വരുമ്പോൾ ഞങ്ങളെ അടിച്ചോടിച്ചോ...’’ വള്ളിയൂർ ബസ് സ്റ്റാൻഡിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് വെള്ളത്തിനും പ്രകൃതിക്കുംവേണ്ടി പോരാളിയുടെ ആവേശത്തോടെ വോട്ടുചോദിക്കുന്നത്  കൂടംകുളം ആണവനിലയത്തിനെതിരെ ജനകീയസമരം നയിക്കുന്ന എസ്.പി. ഉദയകുമാർ. 

ഉദയകുമാർ പോരാട്ടം തുടരുകയാണ്. തിരുനെൽവേലിയിലെ രാധാപുരം നിയോജകമണ്ഡലത്തിൽ  താൻ രൂപവത്‌കരിച്ച ‘പച്ചൈ തമിഴകം’ എന്ന പാർട്ടിയുടെ സ്ഥാനാർഥിയാണ് ഇപ്പോൾ അദ്ദേഹം. തമിഴ്നാട്ടിലെ ആദ്യത്തെ ഹരിതപാർട്ടിയാണിത്. പാന(കുടം)യാണ് ഉദയകുമാറിന്റെ ചിഹ്നം.

‘‘പാനയിൽ തണ്ണീർ നിറയട്ടും പാൽ പൊന്തട്ടും...’’ തമിഴിന്റെ വശ്യതാളത്തിൽ വികാരതീവ്രമായി ഉദയകുമാർ ഇത് പറയുമ്പോൾ പൊങ്കലിന്റെ ആഹ്ലാദം കേൾവിക്കാരന്റെ മനസ്സിൽ തിളച്ചുപൊങ്ങും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ഉദയകുമാർ ജനവരിയിലാണ് ‘പച്ചൈ തമിഴകം’ രൂപവത്കരിച്ചത്.  

ഈ പാർട്ടിയുടെ തമിഴ്‌നാട്ടിലെ ഏക സ്ഥാനാർഥിയുമാണ് ഉദയകുമാർ . ‘വളം, വാഴ്‌വ്, വരുംകാലം’ ഇതാണ് പച്ചൈ തമിഴകത്തിന്റെ മുദ്രാവാക്യം. വളമെന്നാൽ  പ്രകൃതി. വാഴ്‌വ് എന്നാൽ, ജീവിതം. വരുംകാലം ഭാവിയും.  പ്രകൃതിചൂഷണം തടഞ്ഞ്  തമിഴ് ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തി അവർക്കൊരു നല്ല ഭാവിയാണ് വാഗ്ദാനം.  

ഡി.എം.കെ.യും  എ.ഐ.എ.ഡി.എം.കെ.യും  മാറിമാറി ഭരിക്കുന്ന തമിഴകത്തിലെ ജനതയുടെ അവസ്ഥയ ഉദയകുമാർ വരച്ചുവെക്കുന്നത് ഇങ്ങനെ: ‘‘ഇരുവശവും കത്തിപ്പടരുന്ന കൊള്ളിയിലെ ഉറുമ്പുകൾ.

പണമെറിഞ്ഞ് അധികാരം നേടുകയും അധികാരംകൊണ്ട് പണമുണ്ടാക്കുകയും ചെയ്യുന്ന ഈ ചൂഷകരിൽ നിന്ന് തമിഴകത്തിനുമോചനം വേണം. മഹാത്മാഗാന്ധി, തിരുവള്ളുവർ, സുബ്രഹ്മണ്യഭാരതി, കാമരാജ്...’’ ഇവരുടെയെല്ലാം ചിന്തകളെ പുതുകാലത്തിലേക്ക് കോർത്തുവെച്ച വാക്കുകളിലാണ് ഉദയകുമാർ മാറ്റത്തിനായുള്ള ദാഹം പകരുന്നത്. 

ആഘോഷരഹിതമായ പ്രചാരണത്തിലെ ഒറ്റപ്പെട്ട ഈ ശബ്ദം കേൾക്കാൻ മുന്നിൽ ആൾക്കൂട്ടമില്ല. പക്ഷേ, കേൾക്കേണ്ടവർ അത് കേൾക്കുന്നുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ ഉദയകുമാറിന് അടുത്തേക്കുവന്നവരിൽ മാറ്റത്തിനുവേണ്ടിയുള്ള ചിന്തയാൽ എരിയുന്ന ചെറുപ്പക്കാർ ഉണ്ടായിരുന്നു.

‘‘ഞങ്ങൾക്ക് വിതയ്ക്കാനേ കഴിയൂ. നിങ്ങൾ കൊയ്തുകൊള്ളൂ.’’ ഉദയകുമാർ അവരോട് പറഞ്ഞു. ജനങ്ങളുമായി കരാർ ഒപ്പിട്ടിട്ടാണ് ഉദയകുമാർ മത്സരിക്കുന്നത്. എല്ലാവർഷവും സ്വത്ത്, നികുതി വിവരങ്ങൾ ജനങ്ങളെ അറിയിക്കും. വോട്ടിനായി ആർക്കും പണം നൽകില്ല. ജാതിയും മതവും പറഞ്ഞ് വോട്ടുതേടില്ല. ഇവയൊക്കെയാണ്  വ്യവസ്ഥകൾ. കൂടംകുളം സമരത്തിന്റെ പേരിൽ ഉദയകുമാറിനെതിരെ  ഇനിയും 140 കേസുകളുണ്ട് .

13 രാജ്യദ്രോഹ കേസുകൾ. 13 എണ്ണം രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന്. ‘‘കേസുകൾ കാരണം ഇടിന്തകരൈയിലെ ജനങ്ങൾക്കൊന്നും  പാസ്പോർട്ട് ലഭിക്കുന്നില്ല. തൊഴിലിനായി അവർക്കെങ്ങും പോകാൻ പറ്റുന്നില്ല. കൂടംകുളം നിലയത്തിൽ  ഇന്ന് എന്തുനടക്കുന്നുവെന്ന് ആർക്കും അറിയില്ല. പെരുംനുണയുടെ ആ നിലയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആരും സത്യം പറയുന്നില്ല.’’- അദ്ദേഹം പറഞ്ഞു.