TNകൊയമ്പത്തൂർ: 'പൻരണ്ടാം വകുപ്പ് മാണവ മാണവികൾക്ക് മടിക്കനണ്ണിക്കൊടുത്ത്‌ അളകു പാർത്തവൾ അമ്മ'(പന്ത്രണ്ടാം ക്ളാസ്സിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലാപ് ടോപ് കൊടുത്ത സുന്ദരമായ മനസ്സിന്റെ ഉടമ അമ്മ)... ഉച്ചയോടെ ഗൂഡല്ലൂരിലെത്തുമ്പോൾ മൈക്കിലൂടെ കവിതപോലെ ഒഴുകിയെത്തുന്ന മുദ്രാവാക്യം. എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിക്കുവേണ്ടിയുള്ള കൊട്ടിക്കയറൽ.

ഏറെനേരത്തെ തിരച്ചിലിനൊടുവിൽ സ്ഥാനാർഥി കലൈസെൽവത്തെ കണ്ടെത്തി. പ്രചാരണവാഹനത്തിൽ നിന്നുകൊണ്ട് അമ്മയുടെ അപദാനങ്ങൾ വാഴ്ത്തുകയാണ്. പത്തുമിനിട്ടു പ്രസംഗം കഴിഞ്ഞ്‌ വാഹനത്തിൽനിന്നിറങ്ങി കൈകൂപ്പി ആളുകൾക്കിടയിലേക്ക്. 

പത്രത്തിൽനിന്നാണ്, അല്പനേരം സംസാരിക്കാമെന്നു പറഞ്ഞപ്പോൾ സ്ഥാനാർഥി ഞെട്ടിമാറി. ‘‘പേട്ടി വേണ്ട സർ, പേട്ടി വേണ്ട.’’ സംഭാഷണം വേണ്ടെന്ന്. കാര്യം തിരക്കിയപ്പോൾ എല്ലാം അമ്മ പറഞ്ഞിട്ടുണ്ടെന്ന്, അമ്മ പറയുമെന്ന്. എഐ.എ.ഡി.എം.കെ.യിൽ അങ്ങനെയാണ്- സ്ഥാനാർഥിയെന്നാൽ അമ്മ.

എല്ലാവർക്കുവേണ്ടിയും അമ്മ പറയും. നേരത്തേ പാർട്ടി ഓഫീസിൽ കണ്ട മലയാളികളും കാര്യങ്ങൾ ഏറെ പറഞ്ഞെങ്കിലും ആരുടെയും പേരിൽ അത് വരാൻ താത്‌പര്യം കാണിച്ചില്ല. ഒരു തിരഞ്ഞെടുപ്പിനെക്കൂടി നേരിടുമ്പോൾ ഗൂഡല്ലൂരിലെ മലയാളികൾക്ക് പട്ടയം പരിഹാരം കാണാത്ത ഒരു പ്രശ്നമായി  ശേഷിക്കുന്നു.

കർഷകനായ ലൂയിസിന്റെ മരണം അവർക്ക് ഇന്നും വേദനിക്കുന്ന ഒർമയാണ്. 80-കളുടെ തുടക്കത്തിലാണ് ലൂയിസ് ആത്മാഹുതിചെയ്തത്. പട്ടയം കിട്ടാതെ, തലമുറകൾ കൈമാറിയ ഭൂമിയിൽനിന്ന് കുടിയൊഴിയേണ്ടിവരുമോ എന്ന ഭയമാണ് ലൂയിസിനെ ഈ കടുംകൈക്കു പ്രേരിപ്പിച്ചത്. ഗൂഡല്ലൂരിലെ ജനസംഖ്യയിൽ പാതിയോളം മലയാളികളാണ്.

ആരു ജയിക്കണമെന്ന് അവർക്കു തീരുമാനിക്കാം. നീലഗിരി ജില്ലയിലെ മൂന്നു മണ്ഡലങ്ങളാണ് കുന്നൂർ, ഊട്ടി, ഗൂഡല്ലൂർ. മൂന്നിടത്തും മലയാളിസാന്നിധ്യം ശക്തം. മണ്ഡലത്തിൽ എല്ലാവർക്കും പറയാൻ ഒരേവിഷയംതന്നെ. എല്ലാ തിരഞ്ഞെടുപ്പിലും ഇവ ആവർത്തിക്കപ്പെടുന്നു. തേയിലവിലയ്ക്ക് സ്ഥിരത, പതിവ് വികസനവാഗ്ദാനം, പട്ടയപ്രശ്നം തുടങ്ങിയവ. സിറ്റിങ് എം.എൽ.എ.യായ ഡി.എം.കെ.യിലെ ദ്രാവിഡമണിക്ക് താൻ വീണ്ടും ജയിക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

ഒപ്പമുള്ള കോൺഗ്രസ് താലൂക്ക് പ്രസിഡന്റ് മലയാളിയായ ഷിജുവിനും അക്കാര്യം ഉറപ്പ്. തമിഴ്നാട് പ്രൊട്ടക്‌ഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട്(ടി.പി.പി.എഫ്. ആക്ട്) ഭേദഗതിയാണ് എല്ലാ സ്ഥാനാർഥികളും വാഗ്ദാനംചെയ്യുന്ന ഒരുകാര്യം. അപൂർവം ഇടങ്ങളിലൊഴികെ ഗൂഡല്ലൂരിലെവിടെയും വസ്തുകൈമാറ്റം ഔദ്യോഗികമായി നടക്കുന്നില്ല. അത്യാവശ്യഘട്ടത്തിൽ നോട്ടറിയുടെ സാക്ഷ്യപത്രത്തോടെയുള്ള സമ്മതിപത്രം തയ്യാറാക്കി കൈമാറ്റംനടക്കുന്നു.

അതിന്റെ നിയമസാധുതയെപ്പറ്റിയൊന്നും ആർക്കും വലിയ പിടിപാടില്ല. പാലിന്റെ വില, വാങ്ങുന്നവർക്ക് രണ്ടുരൂപ കുറയ്ക്കുമെന്നാണ് ദ്രാവിഡമണിയുടെ മറ്റൊരു പ്രധാന വാഗ്ദാനം. കർഷകർക്ക് ഇപ്പോൾ നൽകുന്ന വില നൽകുകയും ചെയ്യും. ലിറ്ററിന് 24 രൂപയ്ക്ക്‌ പാൽ വാങ്ങി ആവിൻ 44 രൂപയ്ക്കു വിൽക്കുന്നു. അത് നിർത്തും.

പ്രധാന മത്സരം ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലാണെങ്കിലും ജനക്ഷേമമുന്നണി സ്ഥാനാർഥിയായി സി.പി.എമ്മിലെ തമിഴ്‌മണി, ബി.ജെ.പി.യിലെ അഡ്വ. പരശുരാമൻ എന്നിവരെല്ലാം സജീവമായി രംഗത്തുണ്ട്. ഇരുകക്ഷികൾക്കും തങ്ങളുടേതായ പോക്കറ്റുകളുമുണ്ട്. മൊത്തം എട്ടു സ്ഥാനാർഥികളുണ്ട് മത്സരരംഗത്ത്.