stalinചെന്നൈ: ജയലളിതയോ കരുണാനിധിയോ വിജയകാന്തോ ഒന്നുമല്ല, തമിഴകത്ത് ഇപ്പോൾ താരം. ഡി.എം.കെ. ട്രഷറർ എം.കെ. സ്റ്റാലിനാണ്. കഴിഞ്ഞ കുറച്ചുകാലമായി സ്റ്റാലിന്റെ വളർച്ച ത്വരഗതിയിലാണ്. 
ഇന്നിപ്പോൾ ജയലളിതയുടെയോ കരുണാനിധിയുടെയോ പ്രസംഗങ്ങൾ കേൾക്കുന്നതുപോലെ സ്റ്റാലിന്റെ വാക്കുകൾക്കും ജനങ്ങൾ കാതോർക്കാൻ തുടങ്ങി. പെരുമാറ്റത്തിലും വസ്ത്രധാരണരീതിയിലുമൊക്കെ സ്റ്റാലിൻ ഒന്നു മാറ്റിപ്പിടിച്ചിട്ടുണ്ട്. 

മൊത്തത്തിൽ സ്റ്റാലിന്റെ ഈ പുതിയ രൂപഭാവങ്ങൾ യുവജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മകളുടെ ഭർത്താവ് ശബരീശനാണ് അദ്ദേഹത്തെ ഇങ്ങനെയൊക്കെ മാറ്റിയെടുക്കാൻ മുൻനിരയിലുണ്ടായതെന്നാണ് പറയുന്നത്.
തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചിരുന്ന അദ്ദേഹം ഇപ്പോൾ കൂടുതലായും ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടന്നത് കളർ ഷർട്ടും ടീഷർട്ടും പാന്റ്‌സുമൊക്കെ ധരിച്ച് ന്യൂജൻ പയ്യൻമാരെപ്പോലെയാണ്. വല്ലപ്പോഴും ചൂട് തീരെ സഹിക്കാൻ പറ്റാതാവുമ്പോൾ അച്ഛനെപ്പോലെ കറുത്ത കണ്ണടയിടും.

ന്യൂജനറേഷന്റെ അഭിരുചിക്കനുസരിച്ച്  ഒരു രാഷ്ട്രീയ നേതാവെന്നനിലയിൽ  മാറ്റവും ആദ്യമായി ആഗ്രഹിക്കുന്നുണ്ട് സ്റ്റാലിൻ. ശീതീകരണ സംവിധാനമുള്ള കാറുകളിൽമാത്രം സഞ്ചരിച്ചിരുന്ന സ്റ്റാലിൻ ഇപ്പോൾ പൊതുവഴികളിലൂടെ അനായാസമായി നടക്കാൻ പഠിച്ചു. പലയിടങ്ങളിലും സ്കൂട്ടറും ഓട്ടോറിക്ഷയുമൊക്കെ ഓടിച്ചെത്തുന്ന സ്റ്റാലിനെ ജനം കണ്ടുകഴിഞ്ഞു. വഴിയോര ചന്തകളിലൂടെ നടക്കുകയും സൈക്കിൾ ഓട്ടുകയും ചെയ്യുന്ന അദ്ദേഹം വഴിവക്കുകളിലെ ചെറിയ ചായക്കടകളിൽക്കയറി സൊറ പറഞ്ഞ് ചായ മോന്താനും തുടങ്ങിയിട്ടുണ്ട്.

തമിഴകമുടനീളമുള്ള നമുക്കു നാമേ എന്ന പേരിൽ നടത്തിയ ജനസമ്പർക്ക പരിപാടിയാണ് സ്റ്റാലിനെ ഈ മാറ്റത്തിനുപ്രേരിപ്പിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.  ജയലളിതയെപ്പോലുള്ള നേതാവിനുമുമ്പിലും അവർ നയിക്കുന്ന ബൃഹത്തായ പാർട്ടിക്കുമുമ്പിലും പിടിച്ചുനിൽക്കാൻ ഇതല്ല, ഇതിലപ്പുറം ന്യൂ ജനറേഷൻ തന്ത്രങ്ങൾ അറുപത്തിമൂന്നുകാരനായ സ്റ്റാലിന് പയറ്റേണ്ടി വരുന്നതിൽ അദ്ഭുതമൊന്നുമില്ല.

 യുവജനതയെ കയ്യിലെടുക്കുക എന്നതാണ് സ്റ്റാലിന്റെ ഇപ്പോഴുള്ള മറ്റൊരു അടവുനയം. ലക്ഷക്കണക്കിന് കന്നിവോട്ടർമാർ ഇത്തവണ പോളിങ് ബൂത്തുകളിലെത്തുമ്പോൾ സ്റ്റാലിൻ അവരെക്കൂടി  മുന്നിൽക്കാണുന്നുണ്ട്. പ്രസംഗങ്ങളിൽ യുവാക്കളെ ചേർത്തുപിടിക്കാൻ സ്റ്റാലിൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം മുന്നോട്ടുവെക്കുന്നു.

ജനസമ്പർക്ക പരിപാടികളിൽ രാഷ്ട്രീയക്കാരന്റെ പരിവേഷത്തിലല്ല സ്റ്റാലിൻ തമിഴകത്ത് സഞ്ചരിച്ചതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടുംകേട്ടും അറിയുന്ന സാധാരണക്കാരനെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ജനസമീപനമെന്നും പാർട്ടി നേതാക്കൾ  സമ്മതിക്കുന്നുണ്ട്. ഈ യാത്രയിലെ തിരിച്ചറിവുകൾ ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക തയ്യാറാക്കാൻ ഡി.എം.കെ.യെ ഏറെ സഹായിച്ചിട്ടുമുണ്ട്.