karunanidhiചെന്നൈ: ഡി.എം.കെ.യുടെ കുലപതി കലൈഞ്ജർ കരുണാനിധി വീണ്ടും തിരുവാരൂരിൽ നിന്നു ജനവിധിതേടും. ജന്മനാടായ തിരുക്കുവളൈ ഉൾപ്പെട്ട ഈ മണ്ഡലത്തിൽ നിന്നാണ് കലൈഞ്ജർ 2011-ൽ നിയമസഭയിലെത്തിയത്. അരലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു ജയം. ഏപ്രിൽ 25-ന് തിരുവാരൂരിലെത്തി കലൈഞ്ജർ നാമനിർദേശപ്പത്രിക സമർപ്പിക്കും. ഇത് 13-ാം തവണയാണ് 92-കാരനായ കലൈഞ്ജർ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

തമിഴകത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവാരൂരിൽ കലൈഞ്ജർക്ക് കാര്യമായ വെല്ലുവിളി ഇക്കുറിയുമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.1952-ൽ 28-ാം വയസ്സിലാണ് കലൈഞ്ജർ ആദ്യപോരാട്ടത്തിനിറങ്ങിയത്. കരൂർ ജില്ലയിലെ കുഴിത്തലൈയിൽ നിന്നു കന്നിയങ്കത്തിൽ ജയിച്ചുകയറിയ കലൈഞ്ജർ പിന്നീടൊരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. ’57-ൽ തഞ്ചാവൂർ, ’62-ലും ’67-ലും ചെന്നൈയിലെ സെയ്ദാപെട്ട്, ’77-ലും ’80-ലും അണ്ണാനഗർ, ’89-ലും ’91-ലും ഹാർബർ, ’96, 2001, 2006 ചെപ്പോക്ക്‌ എന്നിങ്ങനെയായിരുന്നു കലൈഞ്ജറുടെ പോരാട്ടം.

ചെന്നൈയിൽ ഡി.എം.കെ.യുടെ ശക്തി കുറയുകയാണെന്ന തിരിച്ചറിവിൽ 2011-ൽ കലൈഞ്ജർ തിരുവാരൂരിലേക്ക് കളംമാറ്റി. രാജീവ്ഗാന്ധി വധത്തെത്തുടർന്ന് 1991-ൽ തമിഴകത്ത് ആഞ്ഞടിച്ച സഹതാപതരംഗത്തിൽ ഡി.എം.കെ. തകർന്നടിഞ്ഞപ്പോഴും കലൈഞ്ജറുടെ കാലിടറിയില്ല. എം.ജി.ആറിന്റെ മാസ്മരിക വ്യക്തിപ്രഭാവത്തിനുമുന്നിലും പരാജയമറിയാതെ കലൈഞ്ജർ പിടിച്ചുനിന്നു. 1984-ലെ തിരഞ്ഞെടുപ്പിൽ മാത്രമാണ് കലൈഞ്ജർ മത്സരിക്കാതിരുന്നത്.

1983-ൽ ശ്രീലങ്കൻ തമിഴ്‌പ്രശ്നം മുൻനിർത്തി കലൈഞ്ജർ എം.എൽ.എ.സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഉപരിസഭയായ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. (1986-ൽ എം.ജി.ആർ. സർക്കാർ കൗൺസിൽ നിർത്തലാക്കി) ഇക്കാലത്തിനിടയിൽ അഞ്ചുവട്ടം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദവിയും കലൈഞ്ജർ വഹിച്ചു.