ചെന്നൈ: ആറാം തവണയും സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേര ഉറപ്പിച്ച് എഐഎഡിഎംകെ അധ്യക്ഷ ജയലളിത. മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം എം.ജി.ആറിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ് ഭരണ തുടര്‍ച്ചയിലൂടെ ജയലളിത ചെയ്തിരിക്കുന്നത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 128 സീറ്റുമായിട്ടാണ് എഐഎഡിഎംകെ അധികാരത്തിലെത്തുന്നത്. ഡി.എം.കെ - കോണ്‍ഗ്രസ് സഖ്യം 103 സീറ്റ് നേടി. 

സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമില്ലാത്തതാണ് ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൈവരിക്കാന്‍ ജയലളിതയെ സഹായിച്ചത്. അനധികൃത സ്വത്തു സമ്പാദന കേസ് അടക്കം ജയലളിതയ്‌ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 

കൂടാതെ എഐഎഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ നേതൃത്വം നല്‍കി രൂപീകരിക്കുന്ന മുന്നണികള്‍ക്കല്ലാതെ മറ്റാര്‍ക്കും തമിഴകത്ത് വാഴാന്‍ കഴിയില്ലെന്നും ഈ ഫലം ഉറപ്പിക്കുന്നു. ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത്, എംഡിഎംകെ നേതാവ് വൈകോ, മറ്റ് ഇടത് പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ജനപക്ഷ മുന്നണിക്ക് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. 2011 ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് ഒപ്പം മത്സരിച്ച ഡിഎംഡികെ - 29, സിപിഎം - 10, സി.പി.ഐ - 9 എന്നിങ്ങനെ സീറ്റുകള്‍ നേടിരുന്നു. 

2011 ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 150 സീറ്റുകളാണ് നേടിയത്. അഞ്ച് വര്‍ഷം തമിഴകത്തെ സത്ഭരണത്തിനുള്ള അംഗീകാരമായാണ് ഭരണത്തുടര്‍ച്ച നല്‍കിയതെന്ന് ജയലളിത അവകാശപ്പെട്ടു. അഴിമതിയും കുടുംബാധിപത്യവും നിറഞ്ഞ ഡി.എം.കെ ഭരണം ജനങ്ങള്‍ തള്ളിക്കള്ളഞ്ഞതായും ജയലളിത പറഞ്ഞു. സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയ ഭരണമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം തമിഴ്‌നാട്ടില്‍

32 വര്‍ഷത്തിന് ശേഷം തമിഴ്‌നാടില്‍ ഒരു സര്‍ക്കാര്‍ അടുപ്പിച്ച് ഭരണത്തില്‍ വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തച്ചുടച്ചാണ് എഐഎഡിഎംകെയുടെ വിജയം. 
ആറാം തവണയാണ് ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. 

2011 ല്‍ മുഖ്യമന്ത്രിയായ ജയലളിതയ്ക്ക് അനധികൃത സ്വത്ത്‌സമ്പാദനകേസില്‍ ബെംഗളൂരു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് 2015 ല്‍ കര്‍ണാടക ഹൈക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് അഞ്ചാം തവണയും മുഖ്യമന്ത്രിയായി.