പുതുച്ചേരി: മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. നാരായണസ്വാമിയെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളായ ഷീലാ ദീക്ഷിത്, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. നിലവില്‍ നാരായണസ്വാമി എം.എല്‍.എ അല്ല. 

കിരണ്‍ബേദിയപ്പോലെ ഒരാളെ ഗവര്‍ണറായി നിയമിച്ചതിനാല്‍ മുതിര്‍ന്ന നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് സ്വാമിക്ക് നറുക്ക് വീണത്

30 അംഗ നിയമസഭയില്‍ 15 സീറ്റി നേടിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മറ്റ്  നേതാക്കളായ മുന്‍ മുഖ്യമന്ത്രി വൈദ്യലിംഗവും, പി.സി.സി. പ്രസിഡന്റ് നമശിവായവും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, നാരായണസ്വാമിയും നമശിവായവും തമ്മിലായിരുന്നു മത്സരം. ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് നാരായണസ്വാമിയെ വിജയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

കിരണ്‍ബേദിയപ്പോലെ ഒരാളെ കേന്ദ്ര സര്‍ക്കാര്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചതിനാല്‍ മുതിര്‍ന്ന നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച നമശിവായമാണ് മുഖ്യമന്ത്രിയാകേണ്ടതെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. 

യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു നാരായണസ്വാമി. എന്നാല്‍, 2014 ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ആര്‍. രാധാകൃഷ്ണനോട് പരാജയപ്പെട്ടു.