ചെന്നൈ: പുതുച്ചേരി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2011-ല്‍ എന്‍.രംഗസാമി കോണ്‍ഗ്രസ്വിട്ട് രൂപവത്കരിച്ച അഖിലേന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ്സാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് ബി.ജെ.പി.യുമായി സഖ്യത്തിലായിരുന്നു. ഈ സഖ്യം നിര്‍ത്തിയ ആര്‍.രാധാകൃഷ്ണന്‍ വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിലായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിനുശേഷം ഭരണപങ്കാളിത്തം രംഗസാമി നിഷേധിച്ചതോടെ എ.ഐ.എ.ഡി.എം.കെ. സഖ്യം വിട്ടു. രംഗസാമി പിന്നില്‍നിന്ന് കുത്തിയെന്നാണ് അന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിത പ്രതികരിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും നാടകീയമായി എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി എന്‍.രംഗസാമി നടത്തിയ നീക്കം 2011-ലെ സഖ്യം പുനരുജ്ജീവിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പക്ഷേ, ജയലളിത ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസ് - ഡി.എം.കെ. സഖ്യത്തിന് നിലവിലെ സാഹചര്യത്തില്‍ ചെറിയൊരു മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും രംഗസാമിക്കൊപ്പം നിന്നാല്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യത്തിന് പോരാട്ടം കടുപ്പമാവും.

സി.പി.എം., സി.പി.ഐ., എം.ഡി.എം.കെ., വി.സി.കെ. എന്നീ കക്ഷികളുടെ സഖ്യമായ ജനക്ഷേമ മുന്നണിയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. പാട്ടാളിമക്കള്‍ കക്ഷി പുതുച്ചേരിയിലും തനിച്ചുനീങ്ങാനാണ് സാധ്യത. മുപ്പതംഗ നിയമസഭയില്‍ കഴിഞ്ഞതവണ എന്‍.ആര്‍. കോണ്‍ഗ്രസ് -എ.ഐ.എ.ഡി.എം.കെ. സഖ്യം 20 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസ്സിന് ഏഴ് സീറ്റ് കിട്ടിയപ്പോള്‍ ഡി.എം.കെ. രണ്ടിടത്തും ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു.