ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശപത്രിക സമർപ്പിച്ചു തുടങ്ങിയെങ്കിലും പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി ഇനിയും തന്റെ പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടില്ല. അങ്ങ് മുകളിൽ നിന്നും അതായത് സ്വർഗത്തിൽ നിന്നും ഗുരുവിന്റെ അരുളപ്പാടിനു വേണ്ടി കാത്തിരിക്കുകയാണ് രംഗസാമിയെന്നാണ്  അനുയായികൾ പറയുന്നത്. 

അപ്പ പൈത്തിയസ്വാമിയെന്ന ആത്മീയ ഗുരുവിന്റെ സന്ദേശത്തിനായാണ് രംഗസാമി കാത്തിരിക്കുന്നത്. ഏത് സുപ്രധാന തീരുമാനമെടുക്കും മുമ്പും രംഗസാമി ഗുരുവിന്റെ വാക്കുകൾക്കായി കാതോർക്കും. 16 വർഷം മുമ്പ് മരിച്ച ഗുരുവിന്റെ സന്ദേശം ഉള്ളിന്റെയുള്ളിൽ തെളിയുമെന്നാണ് രംഗസാമിയുടെ വിശ്വാസം. 1990- ലാണ് രംഗസാമി ഈ ഗുരുവുമായി അടുത്തത്.

അന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച രംഗസാമി നീറ്റായി തോറ്റു. മാനസികസമ്മർദത്തിലാണ്ട രംഗസാമി രാഷ്ട്രീയം വിടാൻ ആലോചിച്ചു. അപ്പോഴാണ് സുഹൃത്തുക്കൾ പറഞ്ഞ് രംഗസാമി പൈത്തിയ സ്വാമിയുടെ അടുത്തേക്ക് പോയത്. പൈത്തിയം എന്നാൽ, തമിഴിൽ ഭ്രാന്ത് എന്നാണർത്ഥം. സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമായി പ്രവർത്തിച്ചിരുന്നതിനാലാണ് രംഗസാമിയുടെ ഗുരുവിന് ഈ പേരു വന്നതെന്നാണ് ഐതിഹ്യം. 

രാഷ്ട്രീയം വിടരുതെന്നും നിലിവിലുള്ള സർക്കാർ അധികം താമസിയാതെ വീഴുമെന്നും വീണ്ടും തിരഞ്ഞെടുപ്പ് വരുമെന്നും അപ്പോൾ ജയിക്കുമെന്നും സ്വാമി രംഗസാമിയോട് പറഞ്ഞു. പൈത്തിയസ്വാമി പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. അതോടെ രംഗസാമി പൈത്തിയസ്വാമിയെ ഗുരുവര്യനായി സ്വീകരിക്കുകയും ചെയ്തു.

2000-ൽ മരിക്കുമ്പോൾ പൈത്തിയസ്വാമിക്ക് 141 വയസ്സുണ്ടായിരുന്നെന്നാണ് രംഗസാമി അടക്കമുള്ള ശിഷ്യർ വിശ്വസിക്കുന്നത്. തമിഴ്‌നാട്ടിലെ സേലത്താണ് പൈത്തിയ സ്വാമിയുടെ സമാധി. രംഗസാമി ഗുരുവിന് പുതുച്ചേരിയിൽ തന്റെ വീടിനോട് ചേർന്ന് ഒരു അമ്പലം നിർമിച്ചിട്ടുണ്ട്. പൈത്തിയസാമിയുടെ ഗുരു അഴുക്ക്‌സ്വാമിയുടെ സമാധി പൊള്ളാച്ചിയിലാണ്. എന്തു തീരുമാനമെടുക്കും മുമ്പും രംഗസാമി ഈ രണ്ട് സ്ഥലങ്ങളിലും പോകും.

അടുത്തിടെ രംഗസാമി സേലത്തേക്കും പൊള്ളാച്ചിയിലേക്കും തീർഥയാത്ര പോയിരുന്നു. പിന്നീട് തിരുപ്പതിക്കും തിരുവണ്ണാമലൈക്കും പോയി അടുത്തിടെയാണ് പുതുച്ചേരിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യുമായിട്ടായിരുന്നു രംഗസാമിയുടെ പാർട്ടിയായ എൻ.ആർ. കോൺഗ്രസിന്റെ സഖ്യം.

ഇക്കുറി ജയലളിത സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. ആരുമായും കൂട്ടില്ലെന്നാണ് ജയലളിതയുടെ നിലപാട്. കോൺഗ്രസ്സാണെങ്കിൽ ഡി.എം.കെ. സഖ്യത്തിലാണ് മത്സരിക്കുന്നത്. പി.എം.കെ.യും ബി.ജെ.പി.യും തനിച്ചാണ് മത്സരം. ബി.ജെ.പി.യുമായി രംഗസാമി കൂട്ടുകൂടുമെന്ന് ശ്രുതിയുണ്ടായിരുന്നു. പക്ഷേ, ഇതുവരെ രംഗസാമി തീരുമാനമെടുത്തിട്ടില്ല. ഗുരുക്കന്മാരുടെ സമാധികൾ സന്ദർശിച്ചെങ്കിലും സന്ദേശം ഇനിയും എത്തിയിട്ടില്ലെന്നതാണ് കാരണം. രണ്ടു ദിവസത്തിനുള്ളിൽ സന്ദേശം വരാതിരിക്കില്ലെന്നും ഏപ്രിൽ 25-ഓടെ  രംഗസാമി നയം പ്രഖ്യാപിക്കുമെന്നുമാണ് അനുയായികൾ പറയുന്നത്.