പുതുച്ചേരി: ഒസുഡു മണ്ഡലത്തിൽവെച്ചാണ് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിയുമായി സംസാരിക്കാൻ കഴിഞ്ഞത്. വീട്ടിലെത്തുമ്പോൾ അദ്ദേഹം പൂജയിലായിരുന്നു. ഗുരു അപ്പാ പൈത്യംസാമിയുടെ പിറന്നാൾ ദിനമായിരുന്നു അന്ന്. ഗുരു കഴിഞ്ഞിട്ടേ രംഗസാമിക്ക് മറ്റെന്തുമുള്ളൂ. 1990-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ രംഗസാമിക്ക് ജയിക്കാനായില്ല.

നിരാശനായ അദ്ദേഹം രാഷ്ട്രീയം വിടാൻ തീരുമാനിച്ചു. പക്ഷേ, സേലത്തുവെച്ച് അപ്പാ പൈത്യം സാമിയെ കണ്ടതോടെ രംഗസാമിയുടെ ജീവിതം മാറിമറിഞ്ഞു. രാഷ്ട്രീയം വിടരുതെന്ന ഗുരുവിന്റെ വാക്കുകൾ ഊർജമായി. ഇന്നിപ്പോൾ താൻ കൈവരിച്ച നേട്ടങ്ങളെല്ലാം ഗുരുവിന്റെ അനുഗ്രഹമാണെന്ന് പറയാൻ രംഗസാമിക്ക് മടിയില്ല.

2000-ൽ ഗുരു മരിച്ചശേഷം ധന്വന്തരിനഗറിൽ വീടിനടുത്ത് രംഗസാമി ഗുരുവിന് ഒരമ്പലം പണിതിട്ടുണ്ട്. എന്തുകാര്യത്തിനിറങ്ങുംമുമ്പും ഈ കോവിലിലെത്തി തൊഴാൻ മറക്കാറില്ല. ഇക്കുറി തനിച്ച് നീങ്ങാനുള്ള തീരുമാനമെടുക്കുംമുമ്പ് രംഗസാമി സേലത്ത് ഗുരുവിന്റെ സമാധിയിൽ പോയിരുന്നു.

പുറംചട്ടക്കൂട് പൊളിച്ചുമാറ്റിയ മഹീന്ദ്ര ബൊലെറൊ മാക്സി ട്രക്കിലാണ് രംഗസാമിയുടെ പ്രചാരണം. കുറഞ്ഞത് പത്തുപതിനഞ്ച് പേരെങ്കിലും വണ്ടിക്കുള്ളിലായും വശങ്ങളിൽ തൂങ്ങിക്കിടന്നും ഒപ്പമുണ്ട്. ഒരു വിധത്തിൽ തിങ്ങിഞെരുങ്ങിയാണ് രംഗസാമിതന്നെ മുന്നിൽ നിൽക്കുന്നത്. 

കൈമുട്ടും കഴിഞ്ഞിറങ്ങിക്കിടക്കുന്ന അരക്കൈയൻ ഖദർ ഷർട്ടാണ് രംഗസാമിയുടെ ട്രേഡ്മാർക്ക് വേഷം. പുതുച്ചേരിയിൽ ഇതൊരു ഫാഷനാണെന്ന് പലരുടെയും വേഷം കണ്ടപ്പോൾ തോന്നി. വെള്ളത്തിൽ മീനെന്ന പോലെയായിരിക്കണം രാഷ്ട്രീയപ്രവർത്തകൻ കഴിയേണ്ടതെന്ന മാവോയുടെ വചനം മാംസം ധരിച്ചതുപോലെയാണ് രംഗസാമി.

പുതുച്ചേരിയിലെ ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ നിരവധി പ്രവർത്തകർക്കൊപ്പം പ്രചാരണം നടത്തുന്ന രംഗസാമിക്ക് നാട്യങ്ങൾ ഒട്ടുംതന്നെയില്ല. ഇപ്പോഴും തരംകിട്ടിയാൽ പഴയ ബൈക്കിൽ പുതുച്ചേരിയിലെ നിരത്തുകളിലൂടെ കറങ്ങും, തട്ടുകടകളിൽ പോയി ചായ കുടിക്കും. നാലാളുകൂടുന്നിടത്തൊക്കെ രംഗസാമിയുടെ വണ്ടിനിൽക്കും. മൈക്ക് കൈയിലെടുത്ത് ചങ്ങാതിമാരോട് വർത്തമാനം പറയുന്നപോലെ പ്രസംഗിക്കും. 

ജനം ആവശ്യപ്പെടുന്നത് നിറവേറ്റുന്ന സർക്കാറാണ് തന്റേതെന്ന് രംഗസാമി പറയുന്നു. ‘‘വാർധക്യപെൻഷൻ രണ്ടായിരം രൂപയിൽനിന്ന്‌ മൂവായിരമാക്കി. ഇനി അധികാരത്തിൽ വന്നാൽ നാലായിരമാക്കും. സൗജന്യമായി മിക്സിയും ഗ്രൈൻഡറും തന്നു. ഇനിയിപ്പോൾ വാഷിങ്‌മെഷീൻ വേണമെന്നാണ് നിങ്ങൾ പറയുന്നത്. വീണ്ടും അധികാരത്തിലേറ്റിയാൽ അതും തരും.’’ ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന മട്ടിൽ ജനം കൈയടിക്കുന്നു

ജഗ്ഗാണ് പാർട്ടിചിഹ്നം. പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത കൂറ്റനൊരു ജഗ്ഗും വഹിച്ചുകൊണ്ട് ഒരു ടെമ്പോ വണ്ടിക്ക് പിന്നാലെയുണ്ട്. ഒപ്പമുള്ള രണ്ട് പ്രവർത്തകരും കൈയിൽ ജഗ്ഗുകളേന്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യുമായി ചേർന്നാണ് രംഗസാമിയുടെ പാർട്ടി മത്സരിച്ചത്.

പക്ഷേ, ഫലം വന്നപ്പോൾ ഒരു സ്വതന്ത്രനെ കൂട്ടുപിടിച്ച് രംഗസാമി സ്വന്തംനിലയ്ക്ക് മന്ത്രിസഭയുണ്ടാക്കി. രംഗസാമി പിന്നിൽനിന്ന്‌ കുത്തിയെന്നാണ് അന്ന് ജയലളിത പറഞ്ഞത്. ഇത്തവണ നേരത്തേതന്നെ പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജയലളിത ഇതിന് പകരംവീട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന ബി.ജെ.പി.യും ഇക്കുറി രംഗസാമിക്കൊപ്പമില്ല.

മറുവശത്ത് കോൺഗ്രസ്-ഡി.എം.കെ. സഖ്യം ശക്തമാണ്. മാധ്യമപ്രവർത്തകരോട് ദീർഘസംഭാഷണം കുറവ്. എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ് പോരാട്ടം എന്ന് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു -‘‘നിങ്ങൾതന്നെ പറയൂ.’’ അഭിപ്രായവോട്ടെടുപ്പുകളെല്ലാംതന്നെ ഡി.എം.കെ.-കോൺഗ്രസ് മുന്നണി ഭൂരിപക്ഷം നേടുമെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ നടത്തംനിർത്തി ചുറ്റുമുള്ള ജനക്കൂട്ടത്തെനോക്കി വിരൽചൂണ്ടി- ‘‘പാരുങ്കോ, മക്കളെ പാരുങ്കോ, മക്കൾ എൻ കൂടത്താൻ.’’ ജനം തന്റെ കൂടെയാണെന്നും എതിരാളികളെ താൻ ഭയക്കുന്നില്ലെന്നും രംഗസാമി പറയുന്നു.

രംഗസാമി അവിവാഹിതനാണ്. അമ്മ മരിച്ചശേഷം ധന്വന്തരിനഗറിലെ വീട്ടിൽ തനിച്ചാണ് താമസം. രംഗസാമിയുടെ ഭരണമികവിനെ ചോദ്യംചെയ്യുന്നവർ പോലും വ്യക്തിപരമായി ഒരു അഴിമതി ആരോപണവും ഉന്നയിക്കുന്നില്ല. ഈ ക്ലീൻ പ്രതിച്ഛായയാണ് പിൻബലം. പക്ഷേ, കൂടെയുള്ളവർ അഴിമതിക്കാരാണെന്ന ആരോപണം ശക്തമാണ്. 

രംഗസാമി ഇതൊന്നും വകവെക്കുന്നില്ല. ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാറാണിതെന്നും ഈ സർക്കാർ തുടരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും പറയുന്നു. ഡി.എം.കെ.-കോൺഗ്രസ് മുന്നണി ശക്തമാണെന്നാണ് പൊതുവെയുള്ള നിരീക്ഷണമെന്ന് പറഞ്ഞപ്പോൾ രംഗസാമി മൃദുവായി ചിരിച്ചു. ‘‘എനിക്ക് പേടിയില്ല, ദാ... ഈ ജനമാണ് എന്റെ കൂട്ടണി.’’