ബാറുകള്‍ അടപ്പിച്ച മദ്യനയം ഉയര്‍ത്തിവിട്ട കോലാഹലങ്ങള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ കേരളത്തിനുള്ളില്‍, കണ്ണൂര്‍-കോഴിക്കോട് ജില്ലകള്‍ക്കിടയിലുള്ള  കൊച്ചുപ്രദേശമായ മയ്യഴിയില്‍ മദ്യനിരോധനവും മദ്യവര്‍ജനവും ഒരു വിഷയമേ അല്ല. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മയ്യഴിയിലെ വോട്ടര്‍മാരും മലയാളികളാണെങ്കിലും ഇവിടെ പ്രചാരണവിഷയങ്ങള്‍ തീര്‍ത്തും വ്യത്യസ്തം. 30,181 വോട്ടര്‍മാര്‍ മാത്രമുള്ള ഈ കൊച്ചുനാട്ടിലുള്ളതാകട്ടെ, 30 ബാറുകളും 34 മദ്യവില്പനശാലകളുമാണ്. പതിറ്റാണ്ടുകളായി, മാഹി അഥവാ മയ്യഴി എന്ന ആ ദേശത്തിന്റെ കൊടിയടയാളമായി മാറിയിരിക്കുകയാണ് ഈ മദ്യസുലഭത. ഈ നാട്ടിലേക്ക് ദിനംപ്രതി മദ്യം തേടിയെത്തുന്ന നൂറുകണക്കിനാളുകളില്‍ ഭൂരിഭാഗവും കേരളീയര്‍തന്നെ. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തിലെ 30 മണ്ഡലങ്ങളിലൊന്നാണ് മയ്യഴി. പത്ത് സ്ഥാനാര്‍ഥികളാണ് മയ്യഴിയില്‍ ഇത്തവണ മത്സരക്കച്ച മുറുക്കിയിരിക്കുന്നത്. 

മയ്യഴിയിലൂടെ കടന്നുപോയാല്‍ എല്ലാവരും ഒന്ന് അമ്പരക്കും. തിരഞ്ഞെടുപ്പ് ആരവങ്ങളോ ആഘോഷങ്ങളോ കാണാനാകില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയാണ് ഇവിടെ. പോസ്റ്ററുകളോ ബാനറുകളോ ചുവരെഴുത്തുകളോ ഒന്നും പാടില്ല. പത്തുപേരില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ അത് പ്രകടനമായി കണക്കാക്കും. അതിന് പ്രത്യേകാനുമതിയും വേണം. കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായപോലും നല്‍കരുത്. വരിഞ്ഞുമുറുക്കിക്കെട്ടിയ അവസ്ഥയിലാണ് മയ്യഴി. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് മയ്യഴിജനത. കേരളത്തിലേതുപോലെ 16-നാണ് വോട്ടെടുപ്പ്. 19-ന് വോട്ടെണ്ണും. 

പുതുച്ചേരി സംസ്ഥാന കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ് ഇ. വത്സരാജാണ് ഇത്തവണ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് മുന്നണിസ്ഥാനാര്‍ഥി. നിയമസഭയില്‍ തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസവുമായിറങ്ങിയ അദ്ദേഹത്തിനിത് തുടര്‍ച്ചയായി ഏഴാം മത്സരമാണ്. വത്സരാജ് പുതുച്ചേരി നിയമസഭയില്‍ ഗവ. ചീഫ് വിപ്പും മൂന്നുതവണ മന്ത്രിയുമായി. ആഭ്യന്തരവും ആരോഗ്യവുമടക്കം 11 വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മാഹി കേന്ദ്രഭരണ പ്രദേശത്ത് 2006 തിരഞ്ഞെടുപ്പ് വരെ മാഹി, പള്ളൂര്‍ എന്നീ രണ്ടു മണ്ഡലങ്ങളായിരുന്നു. 2011-ലാണ് ഇവ രണ്ടും ഏകീകരിച്ച് മാഹിമണ്ഡലം നിലവില്‍ വന്നത്. 2011-ല്‍ പോള്‍ ചെയ്തതിന്റെ 60.1 ശതമാനം വോട്ടുനേടി 6104 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വത്സരാജ് വിജയിച്ചത്. രണ്ടാം സ്ഥാനാര്‍ഥിയായ ടി.കെ. ഗംഗാധരന് കിട്ടിയതാകട്ടെ, 7193 വോട്ടും.

ഏറ്റവും ഒടുവില്‍ 1980-ലാണ് ഇടതുപക്ഷം മാഹിയില്‍ വിജയക്കൊടി പാറിച്ചത്. സി.പി.എമ്മിലെ കെ.വി. രാഘവനായിരുന്നു അത്. മാഹി ഗവ. കോളേജ് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച ഡോ.വി. രാമചന്ദ്രനെയാണ് ഇത്തവണ സി.പി.എം-സി.പി.ഐ. അടങ്ങുന്ന ഇടതുപക്ഷം സ്വതന്ത്രനായി രംഗത്തിറക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയില്‍ സാധാരണക്കാരുമായുള്ള അടുപ്പവും ദീര്‍ഘകാലം അധ്യാപകനായതിലൂടെയുണ്ടായ വ്യാപക ശിഷ്യവൃന്ദവും തുണയാകുമെന്നാണ് രാമചന്ദ്രന്റെ കണക്കുകൂട്ടല്‍. 
%ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരി സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ സി.പി.എം, എന്‍.ഡി.എ.യ്ക്കും താഴെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ നാണക്കേടില്‍നിന്ന് കരകയറാനാണ് അവരുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ മുന്നണിയായി മത്സരിച്ച ബി.ജെ.പി-എന്‍.ആര്‍. കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും തെറ്റിപ്പിരിഞ്ഞ്  മത്സരിക്കുകയാണ്. പി.ടി. ദേവരാജനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
വി.പി. അബ്ദുറഹ്മാന്‍ എന്‍.ആര്‍. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയാണ്. സി.കെ. ഭാസ്‌കര്‍ (എ.ഐ.എ.ഡി.എം.കെ), വി.വി. ഷാജ് (പാട്ടാളി മക്കള്‍ കക്ഷി), സി.കെ. ഉമ്മര്‍ (എസ്.ഡി.പി.ഐ.) എന്നീ സ്ഥാനാര്‍ഥികളെ കൂടാതെ സ്വതന്ത്രരായി കെ.ഇ. സുലോചന, പി. കാദര്‍കുട്ടി, ജാനകി ടീച്ചര്‍ എന്നിവരും  മത്സരരംഗത്തുണ്ട്. 

താന്‍ കൊണ്ടുവന്ന വികസനപദ്ധതികളാണ് വത്സരാജിന് ആത്മവിശ്വാസം പകരുന്നത്. സ്‌കൂള്‍തലം തൊട്ട് മെഡിക്കല്‍ വിദ്യാഭ്യാസമടക്കമുള്ള ഉന്നതവിദ്യാഭ്യാസം വരെ സൗജന്യമാക്കിയെന്നാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. മയ്യഴിപ്പുഴയോര നടപ്പാത, ശീതീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, ആയുര്‍വേദ മെഡിക്കല്‍ കോളേജ്, മാഹി സ്പിന്നിങ് മില്‍ നവീകരണം, മാഹി ട്രോമാ കെയര്‍ യൂണിറ്റ്, അഞ്ചരക്കണ്ടി പദ്ധതി വഴി മയ്യഴിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കല്‍ തുടങ്ങിയവയും വികസനനേട്ടങ്ങളില്‍ ചിലതു മാത്രം. തുടങ്ങിവെച്ച വികസനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് വത്സരാജിന്റെ ലക്ഷ്യം. വികസനം നടന്നെന്ന കാര്യം ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി വി. രാമചന്ദ്രനും നിഷേധിക്കുന്നില്ല. എന്നാല്‍, അവയെല്ലാം സാധാരണക്കാരെ അവഗണിച്ചുള്ളതായിരുന്നെന്നാണ് അഭിപ്രായം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍രംഗങ്ങളില്‍ ഇതുവരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് അഭിമുഖീകരിച്ചിട്ടില്ല. കുറേക്കാലമായി മയ്യഴിയില്‍ പുതിയ തൊഴില്‍സംരംഭങ്ങളില്ല. ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയിലുള്ള അതൃപ്തി തനിക്ക് അനുകൂലമാകുമെന്നാണ് രാമചന്ദ്രന്റെ വിശ്വാസം. 

ബി.ജെ.പി. സ്ഥാനാര്‍ഥി ദേവരാജനും തിരഞ്ഞെടുപ്പുരംഗത്ത് സക്രിയമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസറായി വിരമിച്ചയാളാണ്. ഇതുവരെ ജനപ്രതിനിധികളായവര്‍ മാഹിയുടെ വികസനത്തിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ദേവരാജന്‍ പറയുന്നു. കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ വികസനമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം എന്നതിനോട് പ്രമുഖ പാര്‍ട്ടികള്‍ക്കൊന്നും യോജിപ്പില്ല. പുതുച്ചേരിയിലെ മദ്യനയത്തിന് അനുസൃതമായ നയം മയ്യഴിയിലും തുടരണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് വത്സരാജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ കെ.വി. രാഘവന്‍ എം.എല്‍.എ.യായപ്പോഴാണ് ഇപ്പോഴുള്ളതിന്റെ പകുതിയും മദ്യഷാപ്പുകള്‍ അനുവദിച്ചത്. 

കോണ്‍ഗ്രസ് പുതിയ മദ്യഷോപ്പുകള്‍ അനുവദിക്കില്ലെന്നും വത്സരാജ് പറഞ്ഞു. പെട്ടെന്നുള്ള മദ്യനിരോധനം എളുപ്പമല്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. മദ്യത്തിനെതിരായ ബോധവത്കരണമാണ് വേണ്ടത്. അബ്കാരിനയം ശക്തമാക്കുകയും മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബയോഗങ്ങളും ഗൃഹസമ്പര്‍ക്കപരിപാടിയുമായി സ്ഥാനാര്‍ഥികള്‍ തിരക്കിലാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വീടുതോറും കയറി വോട്ടുതേടുന്നതിന് സ്ഥാനാര്‍ഥികള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മൂന്നുപതിറ്റാണ്ട് തികച്ച് ചരിത്രനേട്ടം കുറിക്കാന്‍ വത്സരാജ് മത്സരിക്കുമ്പോള്‍, പുതിയ ചരിത്രം കുറിക്കാനാണ് രാമചന്ദ്രന്റെ ചുവടുവെപ്പ്.