ഓപ്പണ്‍ വോട്ട്
താഴെ പുനത്തില്‍ ശാന്തേടത്തി... മരിച്ചുപോയ താഴെ പുനത്തില്‍ ഗോപാലേട്ടന്റെ ഭാര്യ. 58 വയസ്സായി. കണ്ണട വെക്കാതെ അസലായി പത്രം വായിക്കും. രാത്രി സീരിയലൊന്നും കാണാതെ വാര്‍ത്ത കാണും. മോന്റെ ഭാര്യ അശ്വതിക്ക് ആ കാര്യത്തില്‍ അമ്മായിയമ്മയോട് ഇത്തിരി നീരസമുണ്ട്. പക്ഷേ, അതിതുവരെ അവള് പുറത്ത് കാണിച്ചിട്ടില്ല. ഇപ്പോള്‍  അവളും സീരിയലൊക്കെ ഉപേക്ഷിച്ച് വാര്‍ത്താചാനലിലെ ചര്‍ച്ച കാണും. ''ഇമ്മക്കറിഞ്ഞൂടാത്തെ എന്തെല്ലം വിവരങ്ങളാ ഈ ചര്‍ച്ചേ പങ്കെടുക്കുന്നോല് പറേന്നേ... ഇല്ലേ അശ്വതിയേ...'' ശാന്തേടത്തിയുടെ ആ ചോദ്യത്തിന് അശ്വതി ശരിയാണെന്ന മട്ടില്‍ തലയാട്ടി.

സത്യത്തില്‍ ഡിഗ്രിവരെ പഠിച്ച അശ്വതിക്ക് ഒന്‍പതാംക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തിയ ശാന്തേടത്തിയെ പേടിയാണ്. പല കാര്യത്തിലും ശാന്തേടത്തിയുടെ അറിവ് അശ്വതിയെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭര്‍ത്താവായ സുധീറിനോട് അശ്വതി പലവട്ടം ഈ കാര്യം പറഞ്ഞിട്ടുമുണ്ട്. സുധീര്‍ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി, അമ്മയുടെ ആ അറിവാണ് എനിക്കുപകര്‍ന്ന് കിട്ടിയത്. അങ്ങനെയാണ് പി.എസ്.സി. പരീക്ഷ എഴുതി എനിക്ക് ജോലികിട്ടിയതും നിന്റെ അച്ഛന്‍ നിന്നെ എനിക്ക് വിവാഹം കഴിച്ചുതന്നതും. 

 


 

 

ഒരു ദിവസം വടക്കേ കോലായിലിരുന്ന് വരിക്കചക്ക പുഴുക്കിന് വേണ്ടി അമ്മായിയമ്മയും മരുമകളും കൂടി അരിഞ്ഞിടുമ്പോഴാണ് മുന്‍വശത്ത് നിന്ന് കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്... ''ഇഞ്ഞി അതാരാന്ന് പോയി നോക്കിയേ... അശ്വതിയേ..'' 

''അത് കുമാരേട്ടനും ശശിയേട്ടനും വേറെകൊറേ ആളുണ്ടായിരുന്നു...'' അശ്വതി തിരിച്ചുവന്നു പറഞ്ഞു...   

''പാര്‍ട്ടിക്കാറല്ലേ ഓലെന്തിനാ പിരിവിന് വന്നതാ..?  സുധീറിനെ കാണാന്‍ പറഞ്ഞൂടായിരുന്നോ..?''

''പിരിവിനൊന്നുമല്ല... ഇലക്ഷനല്ലേ... വോട്ടിന്റെ കടലാസും കൊണ്ട് വന്നതാ...''

ഇപ്രാവശ്യം മുതല് എല്ലേട്ത്തിലും ഇലക്ട്രോണിക് മിഷ്യനാപോലും വോട്ട് ചെയ്യാന്‍, ഒന്ന് ഞെക്കിയാ മതി, വോട്ട് ആരിക്കാ ചെയ്‌തേന്ന് കുറച്ച് സമയം കടലാസില് അച്ചടിച്ച് കാണിച്ച് തരുംമ്പോലും'' -അശ്വതി വിശദീകരിച്ചു.

''ആണോ... അപ്പോള്‍ പേപ്പറില്‍ വോട്ട് കുത്തുന്ന രീതിയെല്ലാം നിര്‍ത്തികളഞ്ഞോ...?''

''അങ്ങനെ മുഴുവനും നിര്‍ത്തിയിട്ടില്ല... കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇമ്മള് കടലാസിലല്ലേ വോട്ട് ചെയ്തത്. അമ്മയ്ക്ക് ഓര്‍മയില്ലേ.. ബ്ലോക്കിലെയും ജില്ലയിലെയും പഞ്ചായത്തിലെയും കൂടി മൂന്നാള്‍ക്ക് വോട്ട് ചെയ്തിട്ടില്ലേ..? ഇത്രപൈട്ടന്ന് മറന്നുപോയോ...?''

കുറച്ച് സമയത്തെ നിശബ്ദതയ്ക്കുശേഷം ശാന്തേടത്തി വിറയാര്‍ന്ന പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.. ''ഇക്കുറി എനക്കും ഒന്ന് വോട്ട് ചെയ്യണേനും... അഞ്ചാറ് കൊല്ലായില്ലേ ഞാന്‍ വോട്ട് ചെയ്യാത്തത്.''

ഒന്നും മനസ്സിലാകാതെ വിസ്മയ ഭാവത്തില്‍ അശ്വതി, ശാന്തേടത്തിയെ ഒന്നു നോക്കി  എന്നിട്ട് പറഞ്ഞു ''നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്, എന്നെ സുധീറേട്ടന്‍ കല്യാണം കഴിച്ചതിനുശേഷം മൂന്ന് തെരഞ്ഞെടുപ്പ് നടന്നു. അതിലൊക്കെ വോട്ട് ചെയ്യാന്‍ ഇമ്മള് രണ്ടാളുമല്ലേ അമ്മേ പോയത്..?'' 

''ഇമ്മള് രണ്ടാളും തന്നെയാ പോയത്... പക്ഷേ, വോട്ട് ഞാനല്ലാലോ ചെയ്തത്..!''

''ഏ..? പിന്നെയാരാ ചെയ്തത്..? അശ്വതി എത്തുംപിടിയും കിട്ടാതെ ശാന്തേടത്തിയെ നോക്കി.

എന്റെ വോട്ട് ഓപ്പണ്‍ വോട്ടായിട്ടല്ലേ ചെയ്തത്.. അതും പാര്‍ട്ടീന്റെ നേതാവ് കുമാരേട്ടന്‍...''

അശ്വതി: ''കണ്ണ് മര്യാദയ്ക്ക് കാണാത്ത കുമാരേട്ടനെന്തിനാ ഒരു പ്രശ്‌നവുമില്ലാത്ത അമ്മയുടെ ഓപ്പണ്‍ വോട്ട് ചെയ്യുന്നത്, ഞാന്‍ തന്നെ ചെയ്‌തോളൂന്ന് അമ്മയ്ക്ക് പറഞ്ഞൂടേ..?''

ശാന്തേടത്തി: ''ഇമ്മള് ഓലെ പേടിച്ചല്ലേ പറ്റൂള്ളു മോളെ.. ഓല് പറേന്നപോലെ കേട്ടിറ്റില്ലേങ്കില് ഒരുകാര്യവും പഞ്ചായത്തുന്നും വേറെ ഏതെങ്കിലും സ്ഥലത്തുനിന്നും ഓല് ചെയ്തും തരൂല്ല പോരാഞ്ഞിറ്റ് ഇടങ്ങാറാക്കുകയും ചെയ്യും. പിന്നെ ഇമ്മള് പാര്‍ട്ടിവിരുദ്ധരാന്നും ശത്രുക്കളാന്നും പറഞ്ഞ് നമ്മളെ ഒറ്റപ്പെടുത്തും...'' 

അശ്വതി: ''ഇത് ഒരുമാതിരി അടിമകളെപ്പോലെയാണല്ലോ... ഒരു ജനാധിപത്യരാജ്യത്ത് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ പറ്റൂല്ലാന്ന് പറഞ്ഞാല്... ഈ പാര്‍ട്ടിക്കാറെന്തിനാ അമ്മേനോട് ഇങ്ങനെ ചെയ്യുന്നത്..?''

ശാന്തേടത്തി: ''അതൊരു കഥയാ.., ഇമ്മളെ പറമ്പത്തെ വത്സന്റെ മോളെ മംഗലത്തിന്റെ തലേന്ന് ഉച്ചയ്ക്ക് ഞാളെല്ലാം നെരന്ന് നിന്ന് തേങ്ങ അരക്കുന്നേനും അന്നേരം ആരോ പറഞ്ഞതാ... ആ ചെക്കന്‍ നല്ലോര് നേതാവേനും നാട്ടുകാര്‍ക്ക് രാഷ്ട്രീയം നോക്കാണ്ട് സഹായംചെയ്യുന്ന മനുഷ്യനേനും എന്നൊക്കെ.. അന്നേരം ഞാന്‍ പറഞ്ഞ് ഇമ്മള് പാര്‍ട്ടി എന്തെല്ലാ ഈ ചെയ്യുന്നേ... തങ്കം പോലത്തെ ആ മനുഷ്യനെ മുഖം വെട്ടിത്തറിച്ച് കൊല്ലുക എന്നല്ലെം പറഞ്ഞാ എന്താ അവസ്ഥ..  ആടെണ്ടായിരുന്ന ഒന്ന് രണ്ടാളൊഴിച്ച് എല്ലാരും ഇങ്ങനേല്ലം ചെയ്താ പാര്‍ട്ടി ഉണ്ടാവൂല്ലാന്ന് പറഞ്ഞ്. രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ റേഷന്‍ പീട്യേ പോയപ്പം ഇമ്മളെ സുജാത എന്റേടത്ത് വന്നിറ്റ് പറഞ്ഞ്, എല്ല ശാന്തേടത്തിയേ ഇങ്ങള് എന്തല്ലാ ഈ കളിക്ക്ന്ന്, ബ്രാഞ്ച് കമ്മിറ്റീല് ഇങ്ങളെപറ്റി വല്യ ചര്‍ച്ചണ്ടേനും... ഇത് കേട്ടപ്പോള് ഞാനാകെ വെയര്‍ത്ത് തലചുറ്റുന്നപോലെയായി...'' ഞാന്‍ ചോദിച്ച് 'എന്തേനും സുജാതെ, ഞാനതിന് ഒന്നും ചെയ്തിറ്റില്ലാലോ..?''  ''ചെയ്തിറ്റില്ലാന്നോ..? ഇങ്ങള് കള്ളം പറയേനും തൊടങ്ങിയോ ശാന്തേടത്തി. ബത്സേട്ടന്റെ മോളെ കല്യാണത്തിന് ഇങ്ങള് ഇമ്മളെ പാര്‍ട്ടീനെക്കൊണ്ട് എന്തല്ലാ പറഞ്ഞത്... ഞാന്‍ കേട്ടിറ്റില്ലേ... ഞാനാരോടും ഒരക്ഷരം പറഞ്ഞിട്ടില്ല. വേറാരോ ചെന്ന് പാര്‍ട്ടി സെക്രട്ടറിനോട് പറഞ്ഞതാ...  

അതിന് ശേഷമാണ് അശ്വതീ... എന്റെ വോട്ട് ഓപ്പണ്‍ വോട്ടാക്കിയത്. പിന്നെ, സെക്രട്ടറീനോട് പോയിപ്പറഞ്ഞത് സുജാത തന്നെയാണ്. അത് കുമാരേട്ടന്‍ സുധീറിനോട് പറഞ്ഞിന്. സുജാതയും ഓളെ ഭര്‍ത്താവും പാര്‍ട്ടീനെക്കൊണ്ട് എന്തെല്ലം നേടീന്. ഓള് അംഗനവാടീല്, ഭര്‍ത്താവ് സൊസൈറ്റീല്. ഇപ്പം ഓളെ മോന ബേങ്കില് കയറ്റാന്‍ വേണ്ടിയാ ഇങ്ങനെ ഓരോരുത്തറെപ്പറ്റി പറഞ്ഞുകൊടുക്കുന്നത്.

പിന്നെ, ഇമ്മളെ പാര്‍ട്ടി മാത്രമല്ല ഒരോരത്തര്‍ക്ക് ഊക്ക്ള്ളേടത്തില് എല്ലാരും ഇങ്ങനെ ഓപ്പണ്‍വോട്ട് ചെയ്യിക്ക്ന്നുണ്ട്. എന്ത് ചെയ്യാനാ..?''
അശ്വതി: ''ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്ന തെരഞ്ഞെടുപ്പുകമ്മിഷന്‍ ഇതൊന്നും കാണുന്നില്ലേ... ഇങ്ങനെ ഭീഷണിപ്പെടുത്തി ഓപ്പണ്‍ വോട്ട് ചെയ്യിക്കുന്നത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കല് തന്നെയല്ലേ..? ഇതിനെ തടഞ്ഞില്ലെങ്കില് ജനാധിപത്യം അര്‍ഥമില്ലാതായിപ്പോകും...''

''വാര്‍ത്തയും ചര്‍ച്ചയും കണ്ടിറ്റ് ഇഞ്ഞിയും ഉഷാറായല്ലോ അശ്വതിയേ... നന്നായി...''- ശാന്തേടത്തി പറഞ്ഞുനിര്‍ത്തി. ഇപ്രാവശ്യത്തെയും വോട്ട് ഓപ്പണ്‍വോട്ടായി ചെയ്യാതെ താന്‍ തന്നെ ചെയ്യും എന്ന് മനസ്സില്‍ ദൃഢനിശ്ചയമെടുത്ത്  അടുപ്പത്തുള്ള ചോറ് വാര്‍ക്കാന്‍ ശാന്തേടത്തി അടുക്കളയിലേക്ക് പോയി.