MODIകേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയാണ് ഇ-ചുമർ നിറയെ. സാധുവിന്റെ മുഖപുസ്തകത്തിലും ബുജികളുടെ ട്വിറ്ററിലും ‘പോ മോനെ മോദി’ ഹാഷ് ടാഗ് തരംഗം. കേരളത്തിൽനിന്ന് ഗുജറാത്തുവഴി സൊമാലിയയിലേക്കുള്ള ദൂരം അളക്കുന്ന തിരക്കിലാണ് ‘പോസ്റ്റു’കാർ. ഏതായാലും വിവർത്തിച്ച് ചിരിപ്പിച്ചവർ തത്കാലം രക്ഷപ്പെട്ടു.  

അയലത്തെ ഓഫർ

തമിഴ്‌നാട്ടിലും ഇത് തിരഞ്ഞെടുപ്പുകാലം. അതുവഴിപോയ ഏതോ മലയാളി ആ കിനാവ് പങ്കുവെച്ചു. തമിഴ്‌നാട്ടിൽ ജനിച്ചിരുന്നെങ്കിൽ! അതേറ്റുപിടിച്ചവരേറെ.  ‘ഹോ, വല്ല തമിഴ്‌നാട്ടിലും ജനിച്ചാ മതിയാർന്നു. രണ്ടുരൂപയ്ക്ക് അമ്മാ ഇഡ്‌ലി, അഞ്ചുരൂപയ്ക്ക് അമ്മാ ലഞ്ച്, മൂന്നുരൂപയ്ക്ക് അമ്മാ കുപ്പിവെള്ളം... പിന്നെ അമ്മേടെ വക ഫ്രീ ടി.വി., ഫ്രീ മിക്സി, ഫ്രീ ഗ്രൈൻറർ.

ഇനി ഫ്രീ മൊബൈൽഫോൺ, ഫ്രീ വൈഫൈ. സ്കൂട്ടർ വാങ്ങാൻ 50 ശതമാനം സബ്‌സിഡി... ഹോ ഇടയ്ക്കിടെ ‘അമ്മ വാഴ്‌കെ’ എന്നുപറയണമെന്നല്ലേ ഉള്ളൂ... ഇവിടെ എന്താ ഉള്ളത്... തുടരട്ടെ, വളരട്ടെ, ഇപ്പം വരും, ശര്യാക്കിത്തരും, വഴിമുട്ടും, വഴികാട്ടും... വാചകമടി മാത്രം...’