കോഴിക്കോട്: പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.എസിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ്. അതിനാല്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ലെന്ന വി.എസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു. പിണറായി തന്നെ കുറ്റപ്പെടുത്തുന്നത് ദുഷ്ടലാക്കോടെയാണ്. ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യംവെച്ചാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

1977 ല്‍ ഇടതുമുന്നണിയും ജനസംഘവും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കെ.ജി മാരാരും പിണറായിവിജയനും ഒരേ മുന്നണിയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി കിട്ടാന്‍ കാരണം ഈ ബന്ധമായിരുന്നു. 

1989 ല്‍ രാജീവ്ഗാന്ധിയെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ ഇവര്‍ വീണ്ടും ഒന്നിച്ചു. 2008 ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം ബിജെപിയുമായി കൂട്ടുകൂടി. ഏറ്റവും ഒടുവില്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനും ഇടതുപക്ഷം കൂട്ടുനിന്നെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.