അഞ്ചുകൊല്ലത്തിനിടെ കൈകാര്യം ചെയ്തത് എത്ര വകുപ്പുകള്‍? മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചാണെങ്കില്‍ അദ്ദേഹത്തിന് വള്ളിപുള്ളി തെറ്റുകയുമില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും ഭരണപക്ഷത്തിലെ പിണക്കങ്ങളുമൊന്നും തിരുവഞ്ചൂരിനെ അസ്വസ്ഥനാക്കാറില്ല. സോഷ്യല്‍മീഡിയയെ ചിരിച്ചുതള്ളുകയും ചെയ്യുന്നു. പ്രവര്‍ത്തനമികവും ജനപിന്തുണയുമാണ് എല്ലാ ആരോപണങ്ങള്‍ക്കും അദ്ദേഹം നല്കുന്ന മറുപടി. വികസനകാര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വോട്ടാകുമെന്നും അത് തുടര്‍ഭരണത്തിന് വഴിയൊരുക്കുമെന്നും തിരുവഞ്ചൂര്‍ പറയുന്നു.
സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നിട്ടില്ലെങ്കിലും കോട്ടയത്ത് രണ്ടാമതൊരു അങ്കത്തിനുള്ള തയാറെടുപ്പ് തിരുവഞ്ചൂര്‍ തുടങ്ങിക്കഴിഞ്ഞു. എതിരാളിയെ വിമര്‍ശിക്കുന്നതിലല്ല, മറിച്ച് അഞ്ച് വര്‍ഷത്തില്‍ മണ്ഡലത്തിലുണ്ടായ വികസനമാണ് അദ്ദേഹത്തിന്റെ ആയുധം. പടിയിറങ്ങുന്നതിന് മുമ്പ് ഒരു തിരിഞ്ഞുനോട്ടവും ഒപ്പം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും വിവരിക്കുകയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...
മന്ത്രി എന്ന നിലയില്‍ എടുത്തുകാട്ടുന്ന പ്രവര്‍ത്തനങ്ങള്‍?
2011 മേയ് മാസം അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. ഇന്ന് കാലാവധി തീരുമ്പോള്‍, എട്ടു വകുപ്പുകള്‍ ഞാന്‍ കൈകാര്യം ചെയ്തു. തൃപ്തികരമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായി എന്നാണ് കരുതുന്നത്. ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട വകുപ്പുകള്‍ ആഭ്യന്തരവും ഗതാഗതവുമാണ്.
കെ.എസ്.ആര്.ടി.സി തകര്‍ന്ന ഒരു വകുപ്പായിരുന്നു. പല ആളുകളും പല വിധത്തിലും കൈകാര്യം ചെയ്തിട്ടും പിക്അപ്പ് ലഭിച്ചില്ല. ശമ്പളം പോലും കൃത്യമായി കൊടുക്കാനുള്ള സാമ്പത്തികമില്ല, ജീവനക്കാര്‍ അസംതൃപ്തര്‍, വണ്ടികളുടെ ദൗര്‍ലഭ്യം, എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ക്കിടയിലേക്കാണ് ഞാന്‍ എത്തിച്ചേരുന്നത്.
നഷ്ടം കുറയ്ക്കുക, ഒപ്പം ആധുനികവത്കരണം എന്ന കാഴ്ചപ്പാടാണ് ഞാന്‍ നടപ്പിലാക്കിയത്. ഹഡ്കോയില്‍ നിന്ന് വായ്പയെടുത്ത് കൂടുതല്‍ വണ്ടികള്‍ വാങ്ങി. സ്വന്തം വര്‍ക്ക്ഷോപ്പുകളില്‍ അവ പണിതിറക്കി. ആധുനിക ബസ്സുകള്‍ ഉള്‍പ്പെടെ 1700 വാഹനങ്ങള്‍ വാങ്ങി. സംസ്ഥാന സര്‍വീസുകള്‍ വ്യാപിപ്പിച്ചു. തമിഴ്നാടുമായുള്ള കരാറില്‍ പുതിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി, 35,000 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. കൂടാതെ കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, പോണ്ടിച്ചേരി സര്‍ക്കാരുമായി പുതിയ കരാറുകളും ഒപ്പുവച്ചു.
ജീവനക്കാരുടെ അസംതൃപ്തിയായിരുന്നു മറ്റൊരു പ്രധാനപ്രശ്നം. 1965ലാണ് കെ.എസ്.ആര്.ടി.സി രൂപവത്കരിക്കുന്നത്. എന്നാല്‍ ഇതുവരെ പെന്ഷന് ഫണ്ട് എന്നൊന്നില്ലായിരുന്നു. സര്‍ക്കാരും കെ.എസ്.ആര്.ടി.സിയും അമ്പത് ശതമാനം വീതം സംഭാവന ചെയ്തുള്ള ധനസമാഹാരണം രൂപീകരിച്ചു. യാത്രക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ആശയത്തിലൂടെയും പണം കണ്ടെത്തി. 480 കോടിരൂപയുടെ പെന്ഷന് പദ്ധതി, ഒരു പെന്ഷന് ഫണ്ടിലൂടെ സമാഹരിച്ചത് കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ്.
സാമ്പത്തികബാധ്യതയുള്ള സമയത്തും കെ.എസ്.ആര്.ടി.സി കാട്ടിയ സാമൂഹികപ്രതിബദ്ധത എടുത്തുപറയേണ്ട ഒന്നാണ്. ഇന്ധനവില കൂടിയപ്പോഴും ഓര്‍ഡിനറി ടിക്കറ്റിന് ഒരു രൂപ കുറച്ചു. 1.35 ലക്ഷം കുട്ടികള്‍ക്ക് സൗജന്യയാത്ര ഒരുക്കി. ഇന്ത്യയില്‍ ഒരിടത്തും ഇങ്ങനെയൊരു ഇളവില്ല.
വിവിധ പ്രശ്നങ്ങളാല്‍ വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ വിമാനത്താവളത്തില്‍ നിന്ന് സൗജന്യമായി വീട്ടിലെത്തിച്ചു. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ സര്‍വീസും മറ്റൊരു നാഴികക്കല്ലാണ്. മുല്ലപ്പെരിയാര്‍ പോലെയുള്ള തര്‍ക്കങ്ങള്‍ നിലനില്ക്കുമ്പോള്, ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടാന്‍ ഇത് വളരെയധികം സഹായകരമായി.
ഞാന്‍ മന്ത്രിയായി ചുമതലയെടുക്കുമ്പോള്‍ കെ.എസ്.ആര്.ടി.സിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം 105 കോടി രൂപയായിരുന്നു. ഇന്നത് 42 കോടിരൂപയായി കുറഞ്ഞിരിക്കുകയാണ്. നോണ്‍ ഓപ്പറേറ്റീവ് സെക്റ്ററില്‍ നിന്നും പുതിയതായി ആരംഭിച്ച 11 ടെര്‍മിനല്‍സില്‍ നിന്നും അധികവരുമാനമുണ്ടാകും. അങ്ങനെ പടിപടിയായി കെ.എസ്.ആര്.ടി.സിയെ 'നോ പ്രോഫിറ്റ് നോ ലോസി'ലെത്തിക്കാം.
ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് ആഭ്യന്തരവകുപ്പിന്റെ മന്ത്രിയായിരിക്കുമ്പോഴാണ്. കേരളത്തില്‍ ധാരാളം സംഘര്‍ഷങ്ങള്‍ നടന്ന കാലഘട്ടമാണത്. എന്നാല്‍ ഒരു തുളളിച്ചോര പൊടിയാതെ എല്ലാം പരിഹരിക്കാന്‍ സാധിച്ചു.
ടി.പി ചന്ദ്രശേഖരന് വധക്കേസാണ് പ്രധാനപ്പെട്ട ഒന്ന്. ആദ്യമായാണ് ഒരു രാഷ്ട്രീയകൊലപാതകത്തില്‍ ഗൂഢാലോചനാകുറ്റത്തിന് മൂന്നാളുകള്‍ക്ക് ജീവപര്യന്തം ശിക്ഷലഭിക്കുന്നത്. പിന്നീട് ഒരു വര്‍ഷത്തേക്ക് ആ പ്രദേശങ്ങളിലൊന്നും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. കേസുനടത്തിപ്പിനെ കുറിച്ച് ടി.പിയുടെ വിധവ രമ വരെ നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നത്. ഇവിടെയൊരു സര്‍ക്കാരുണ്ട്, ഒരു നീതിന്യായ വ്യവസ്ഥയുണ്ട് എന്നെല്ലാം ജനങ്ങള്‍ക്ക് ബോധ്യമായി. പാര്‍ട്ടി ഓഫീസില്‍ നിന്ന് പേരെഴുതിക്കൊടുത്ത് പ്രതികളെ എത്തിച്ചുകൊടുക്കുന്നപോലെയുള്ള തിരിമറികള്ക്കൊന്നും ആരും കൂട്ടുനില്‍ക്കില്ല എന്ന അവസ്ഥ എത്തിച്ചേര്‍ന്നു.
ഷൂക്കൂര്‍ വധക്കേസിലും അതുപോലെ തന്നെ. രണ്ടു കേസിലും ശക്തവും മാതൃകാപരവുമായ നടപടികളാണ് ആഭ്യന്തരവകുപ്പ് എടുത്തത്. സംസ്ഥാനത്തോടും വളര്‍ന്നുവരുന്ന തലമുറയോടും സര്‍ക്കാരിന് ഒരു ബാധ്യതയുണ്ട്. ആ ബാധ്യത കണക്കിലെടുത്തായിരുന്നു ഈ നടപടികള്‍. രാഷ്ട്രീയമായി എതിര്‍ത്തവര്‍ പോലും അന്നത്തെ ഞങ്ങളുടെ നടപടികളെ ബഹുമാനത്തോടെ കണ്ടിരുന്നു.
ഒരു ലക്ഷം പേരെ അണിനിരത്തി ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ഒരു പൊടിപോലും പറക്കാതെ ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിച്ചതും ആഭ്യന്തരവകുപ്പിന്റെ വലിയ വിജയങ്ങളിലൊന്നാണ്.
ഒരുസമയത്ത് 'എ' ഗ്രൂപ്പില്‍ ഒറ്റപ്പെട്ട അവസ്ഥ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉണ്ടായിരുന്നു. വരും തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥിത്വത്തെ ഇത് ബാധിക്കുമോ?
ആരുമായിട്ടും എനിക്ക് അസ്വാരസ്യമില്ല. എതിരാളികള്‍ രാഷ്ട്രീയമായി വിമര്‍ശിക്കും. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. ആഭ്യന്തരവകുപ്പില്‍ നിന്ന് സ്ഥാനമാറ്റമുണ്ടായപ്പോള്‍ ഒരക്ഷരം പോലും ഞാന്‍ മിണ്ടിയില്ല. പാര്‍ട്ടിയെ ഇതുപോലെ അനുസരിച്ച വേറെ ആരെങ്കിലും കേരളത്തിലുണ്ടായിട്ടുണ്ടോ? അന്ന് എങ്ങനെയാണ് ഞാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാം. എന്നെ ഞാനാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്.
സിനിമാവകുപ്പിലൂടെയാണ് തിരുവഞ്ചൂര്‍ സോഷ്യല്‍മീഡിയയുടെ 'ഇര'യാകുന്നത്. ഇനി ഒരു തവണകൂടി സിനിമാവകുപ്പ് ലഭിച്ചാല്‍ സ്വീകരിക്കാന്‍ മടിക്കുമോ?
അടുത്തയിടെ കോട്ടയത്ത് നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി പ്രസംഗിച്ചപ്പോള്‍, ആന്റോ ആന്റണി എം.പിയുടെ പേര് തെറ്റിയാണ് പറഞ്ഞത്. ഇരുപതിലധികം കാമറകളും നൂറുകണക്കിന് ആളുകളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ആരും ഇക്കാര്യത്തില്‍ വിമര്‍ശനവുമായി രംഗത്തുവന്നില്ല. ഇതെല്ലാം അജണ്ട വെച്ചുള്ള ആക്രമണങ്ങളാണ്.
രണ്ടാമതും ഞാന്‍ സിനിമാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത്തവണ കളിയാക്കാന്‍ ആര്‍ക്കും ഒന്നും ലഭിച്ചില്ല. കിട്ടാത്തതിന്റെ മോഹഭംഗം പോലെയുള്ള കളിയാക്കലുകള്‍ പിന്നീട് ചിലയിടങ്ങളില്‍ കാണാന്‍ സാധിച്ചു. അവരുടെ മനസ് എന്നെതന്നെ വട്ടംചുറ്റി നില്‍ക്കുകയാണ്. എനിക്ക് ഇതിലെല്ലാം സന്തോഷമാണ് തോന്നാറ്. കാരണം ഞാന്‍ ഒരു പ്രധാന വ്യക്തിയായതുകൊണ്ടാണല്ലോ അവര്‍ എന്നെ കളിയാക്കുന്നത്.