പി.പി.മുകുന്ദന്‍കോഴിക്കോട്: മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ബി.ജെ.പി.യിൽ തിരിച്ചെടുത്തതിന്റെ സന്തോഷത്തിലായിരുന്നു പി.പി. മുകുന്ദൻ. പത്തുവർഷം സംഘടനയിൽനിന്ന് വിട്ടുനിന്നപ്പോഴും പാർട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോകാൻ മുകുന്ദൻ തയ്യാറായില്ല. തന്നെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ പാർട്ടിയിൽ‌ ഉള്ളപ്പോൾ, ഇന്നല്ലെങ്കിൽ നാളെ  തിരിച്ചുവരാനാവുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

തിരിച്ചെടുക്കാൻ പാർട്ടി തീരുമാനിച്ച വിവരം കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ച ഉടൻ ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു

? മുകുന്ദൻ.തിരിച്ചെടുക്കാനുള്ള തീരുമാനത്തെ എങ്ങനെ നോക്കിക്കാണുന്നു 

ഞാൻ എന്നും ബി.ജെ.പി. പ്രവർത്തകനായിരുന്നു. ഇപ്പോൾ നേതൃത്വം തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷം. 

? പാർട്ടിയിൽനിന്ന് മാറിനിൽക്കാൻ എന്തായിരുന്നു കാരണം

ബി.ജെ.പി.യു-1ടെ ദക്ഷിണേന്ത്യൻ സംഘടനാസെക്രട്ടറി എന്ന ചുമതലയാണ് ഏറ്റവും അവസാനം പാർട്ടിയിൽ വഹിച്ചത്. 2006-ൽ ആ ചുമതല ഒഴിഞ്ഞപ്പോൾ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങിയെങ്കിലും ഇവിടെ ചുമതലയൊന്നും നൽകിയില്ല. അങ്ങനെയാണ് വിട്ടുനിൽക്കുന്ന സ്ഥിതി ഉണ്ടായത്. എങ്കിലും എന്നും ബി.ജെ.പി. പ്രവർത്തകനായി തുടർന്നു.

? പത്തുവർഷം ചുമതലകൾ ഇല്ലാതിരുന്നപ്പോൾ അത് മാനസികമായി തളർത്തിയോ

1965-ൽ വീടുവിട്ട് ആർ.എസ്.എസ്. പ്രചാരകനായി. 1991 വരെ സംഘത്തിന്റെ സമ്പർക്കപ്രമുഖ് ചുമതല വഹിച്ചു. പിന്നീടാണ് ബി.ജെ.പി.യിലേക്ക് ആർ.എസ്.എസ്. നിയോഗിച്ചത്. ആ കാലങ്ങളിൽ വർഷത്തിൽ പരമാവധി പത്തുദിവസംപോലും വീട്ടിൽ വരാറില്ല. മുഴുവൻസമയ പ്രവർത്തകനായിരുന്നു. 1996-ൽ സംഘടനയിൽനിന്ന് മാറ്റിനിർത്തിയതുകാരണം പ്രായമായ അമ്മയോടൊപ്പം എട്ടുവർഷം കൂടെ താമസിക്കാൻ സാധിച്ചു. അത് ജീവിതത്തിലെ ഏറ്റവുംവലിയ അനുഭൂതിയായി കാണുന്നു. പാർട്ടിയിൽനിന്ന് വിട്ടുനിന്നതുകൊണ്ടാണ് ഇത് സാധിച്ചത്.

? ബി.ജെ.പി. ഇത്തവണ അക്കൗണ്ട് തുറക്കുമോ
  
ഇതുവരെ ചോദ്യം ബി.ജെ.പി. അക്കൗണ്ട് തുറക്കുമോ എന്നായിരുന്നെങ്കിൽ ഇത്തവണ ചോദ്യം എത്രസീറ്റ് നേടുമെന്നതാണ്. ആ നിലയിലേക്ക് കാര്യങ്ങൾ മാറി. അഞ്ചുസീറ്റ് വരെ കിട്ടുമെന്ന് പ്രവചിക്കുന്നവരുണ്ട്. തൂക്കുസഭയ്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബി.ജെ.പി.യെ മാറ്റിനിർത്തി ആർക്കും ഭരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും.

? പതിനഞ്ചുവർഷം കേരളത്തിലെ സംഘടനാസെക്രട്ടറിയുടെ ചുമതല വഹിച്ച താങ്കൾ കുമ്മനത്തിന്റെ നേതൃത്വത്തെ എങ്ങനെ വിലയിരുത്തുന്നു

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ഒരു വർഷം മുൻപ് നിയമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി മുന്നൊരുക്കം നടത്താൻ കഴിയുമായിരുന്നു. എങ്കിലും കുമ്മനം നല്ല സംഘാടകനാണ്.

? നരേന്ദ്രമോദിയുമായി നേരത്തേ അടുപ്പമുണ്ടോ

മോദി ഗുജറാത്തിലും കേരളത്തിൽ ഞാനും ഒരേ കാലഘട്ടത്തിൽ സംഘടനാ ചുമതല വഹിച്ചിട്ടുണ്ട്. അക്കാലത്ത് നല്ല ബന്ധമായിരുന്നു. പിന്നീട് സംഘടനയിൽനിന്ന് അകന്നപ്പോൾ പരസ്പരം കണ്ടിട്ടില്ല. എങ്കിലും രണ്ടുവർഷം മുൻപ്  അമ്മ മരിച്ച വിവരമറിഞ്ഞ് മോദി ഫോണിൽവിളിച്ച്  സംസാരിച്ചിരുന്നു.

? പാർട്ടിയിൽ ഏത് ചുമതല വഹിക്കാനാണ് ആഗ്രഹിക്കുന്നത്

ചുമതല തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഒരു ഓർഗനൈസർ എന്ന നിലയിലാണ് 50 വർഷം പ്രവർത്തിച്ചത്. ഏതെങ്കിലും പദവി വേണമെന്ന മോഹമില്ല. എന്തുചുമതല ഏല്പിച്ചാലും സന്തോഷം.