Khushbooചെന്നൈ: 2014 നവംബറിലാണ് ഡി.എം.കെ. വിട്ട് നടി ഖുഷ്ബു കോൺഗ്രസ്സിൽ ചേർന്നത്. എം.കെ. സ്റ്റാലിനുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ഡി.എം.കെയിൽനിന്ന്‌ ഖുഷ്ബു പുറത്താവാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒന്നരവർഷത്തിനിപ്പുറം ഇപ്പോൾ ഖുഷ്ബു തമിഴകത്തും ദേശീയതലത്തിലും കോൺഗ്രസ്സിലെ ശ്രദ്ധേയസാന്നിധ്യമാണ്. 

? തമിഴകത്ത് കോൺഗ്രസ്-ഡി.എം.കെ. മുന്നണിയുടെ സാധ്യതകൾ

വൻ മുന്നേറ്റമാണ് ഞങ്ങളുടെ മുന്നണിയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 155-നും 160-നുമിടയിൽ സീറ്റുകൾ കോൺഗ്രസ്-ഡി.എം.കെ. സഖ്യത്തിന് കിട്ടുമെന്നാണ് കണക്കുകൂട്ടൽ. തമിഴ്‌നാട്ടിൽ അടുത്ത സർക്കാർ ഞങ്ങളുടെ മുന്നണിയുടേതായിരിക്കും.

? ജയലളിതസർക്കാറിനെതിരെ ശക്തമായ തരംഗമൊന്നുമില്ല. പ്രതിപക്ഷം വിഘടിച്ചു നിൽക്കുന്നു. ഈ സാഹചര്യത്തിലും ഡി.എം.കെ. മുന്നണി വിജയിക്കുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്

ഞാൻ തമിഴകത്തിലൂടെ പലവട്ടം സഞ്ചരിച്ചുകഴിഞ്ഞു. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങൾക്കിടയിൽ ജയലളിതസർക്കാറിനെതിരെ കടുത്ത അമർഷമുണ്ടെന്നാണ്. കഴിഞ്ഞ അഞ്ചുവർഷം ഒരു വികസനവും തമിഴ്‌നാട്ടിലുണ്ടായിട്ടില്ല. ഒരു കോടിയോളം യുവാക്കളാണ് തമിഴ്‌നാട്ടിൽ തൊഴിൽരഹിതരായുള്ളത്. അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ഒരു സർക്കാറിനാണ് ജയലളിത നേതൃത്വംനൽകുന്നത്.  ജനവിധി ഈ സർക്കാറിനെതിരായിരിക്കും.

? താങ്കൾ ഇത്തവണ ജയലളിതയ്ക്കെതിരെ ആർ.കെ. നഗറിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ, കോൺഗ്രസ് സ്ഥാനാർഥിപട്ടിക വന്നപ്പോൾ താങ്കളുടെ പേരുണ്ടായിരുന്നില്ല. സീറ്റുകിട്ടാത്തതിൽ നിരാശയുണ്ടോ

ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവാണ് ഞാൻ. വലിയൊരു ഉത്തരവാദിത്വമാണ് സോണിയാജിയും രാഹുൽജിയും എന്നെ ഏല്പിച്ചിരിക്കുന്നത്. 2011-ലും 2014-ലും ഞാൻ സ്ഥാനാർഥിയാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇനിയിപ്പോൾ 2019-ലും ഇതേ അഭ്യൂഹമുണ്ടാവും. കോൺഗ്രസ്സിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സീറ്റ് കിട്ടുന്നുണ്ടോയെന്നതല്ല.

? തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്‌പര്യമില്ലെന്നാണോ

അതല്ല. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഞാൻ അനുസരിക്കും.

? ഹൈക്കമാൻഡ് പറഞ്ഞിരുന്നെങ്കിൽ ജയലളിതയ്ക്കെതിരെ മത്സരിക്കുമായിരുന്നോ

തീർച്ചയായും. ഹൈക്കമാൻഡ് പറഞ്ഞാൽ അച്ചടക്കമുള്ള പ്രവർത്തകയെന്നനിലയ്ക്ക് എനിക്ക് അനുസരിക്കാൻ ബാധ്യതയുണ്ട്.

? സ്ത്രീകൾക്കെതിരെ കൃത്യമായ പക്ഷപാതം രാഷ്ട്രീയത്തിലുണ്ടെന്ന് ഒരിക്കൽ ജയലളിത പറഞ്ഞിരുന്നു. താങ്കളുടെ അനുഭവം

രാഷ്ട്രീയത്തിൽ അതിജീവിക്കണമെങ്കിൽ തൊലിക്കട്ടികൂടിയേ തീരൂ. സ്ത്രീകളെ സ്വഭാവഹത്യക്കിരയാക്കുകയാണ് എതിരാളികൾ ആദ്യം ചെയ്യുക. തൊലിക്ക് കട്ടിയില്ലെങ്കിൽ നിങ്ങൾ തകർന്നുപോവും. സമൂഹത്തിലെ എല്ലായിടത്തുമെന്നപോലെ രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്.

? കോൺഗ്രസ് പൊതുവേ തകർച്ചയുടെ വക്കിൽനിൽക്കുമ്പോഴാണ് താങ്കൾ പാർട്ടിയിലെത്തിയത്. എന്തുകൊണ്ട് ബി.ജെ.പി. വേണ്ടെന്നുവെച്ചു

കോൺഗ്രസ് എന്റെ രക്തത്തിലുള്ളതാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും സ്വാധീനം എന്റെ കുടുംബത്തിലുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്സിലേക്കുള്ള വരവ് വീട്ടിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. കോൺഗ്രസ് ഒരു മുങ്ങുന്ന കപ്പലാണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാൻ കഴിവുള്ള ദേശീയപാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ്സിന്റെ വിജയത്തിലാണ് ഇന്ത്യയുടെ ഭാവി.

? ഡി.എം.കെ. വിട്ടത് പാർട്ടി നേതൃത്വവുമായി, പ്രത്യേകിച്ച് സ്റ്റാലിനുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലായിരുന്നോ

ഡി.എം.കെ. വിട്ടതിന്റെ കാരണം ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

? ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ അതിന്റെ കാരണം അറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ

ജനസേവനം തുടരുമ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആശയപരമായി കോൺഗ്രസ്സും ഡി.എം.കെയും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. മതേതരത്വവും സോഷ്യലിസവും രണ്ടു പാർട്ടികളുടെയും മുദ്രാവാക്യങ്ങളാണ്.

? ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പുകളാണ് തമിഴ്‌നാട്ടിലെ കോൺഗ്രസ്സിൽ. തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന്റെ ഭാവിയെക്കുറിച്ച്

ഏറെ ജനകീയനായ  ഇ.വി.കെ.എസ്. ഇളങ്കോവനാണ് ഇന്നിപ്പോൾ തമിഴ്‌നാട്ടിൽ കോൺഗ്രസ്സിനെ നയിക്കുന്നത്. നിരവധിപേർ പാർട്ടിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പാർട്ടിയിപ്പോൾ ഒറ്റക്കെട്ടാണ്. ഗ്രൂപ്പിസമൊക്കെ പഴങ്കഥയാണ്.

? തമിഴ്‌നാട്ടിൽ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് സമയമായോ

തിരഞ്ഞെടുപ്പുഫലം വന്നാലേ അതിനെക്കുറിച്ച് പറയാനാവൂ. എന്തായാലും ശക്തമായ പ്രതിപക്ഷം തീർച്ചയായും വേണം. ജയലളിത ഇത്രമാത്രം ഏകാധിപത്യപ്രവണത കാണിക്കുന്നത് ശക്തമായ പ്രതിപക്ഷമില്ലാത്തതുകൊണ്ടാണ്.

? കേരളത്തിൽ കോൺഗ്രസ് ഭരണം തുടരുമോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിൽ പോവാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ അവസ്ഥയെക്കുറിച്ച് എനിക്ക് നേരിട്ട് വിവരമില്ല. പക്ഷേ, ഉമ്മൻചാണ്ടിസർക്കാർ അധികാരത്തിൽ വീണ്ടും തിരിച്ചെത്തുമെന്നാണ് ഞാൻ കരുതുന്നത്. ഇത്രമാത്രം ജനകീയനായ ഒരു മുഖ്യമന്ത്രി മറ്റെവിടെയാണുള്ളത്. പ്രവർത്തിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത്. അതിനുള്ള അംഗീകാരം കേരളജനത നൽകുമെന്നാണ് എന്റെ വിശ്വാസം.