bennyഷ്ടപ്പെട്ട സ്ഥാനാർഥിത്വം അവസരമാക്കി മാറ്റാനാണ് ബെന്നി ബെഹനാന്റെ ശ്രമം. സ്ഥാനാർഥിയായിരുന്നെങ്കിൽ തൃക്കാക്കരയിൽ മാത്രമായി ഒതുങ്ങിപ്പോവുമായിരുന്നു. ഇപ്പോൾ സംസ്ഥാനത്തുടനീളം യു.ഡി.എഫിന്റെ മുഖ്യപ്രചാരകനായിരിക്കുകയാണ് ബെന്നി. എല്ലാ മണ്ഡലങ്ങളിലും പ്രസംഗിക്കാൻ സ്ഥാനാർഥികൾ തന്നെ നേരിട്ട് ക്ഷണിക്കുന്നുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എത്തിയപ്പോൾ ആറ് മണിക്കൂറിനുള്ളിൽ കൺെവൻഷനുകളും കുടുംബയോഗങ്ങളുമായി അഞ്ച് പരിപാടികളിൽ പങ്കെടുത്തു. തൃശ്ശൂരിലേക്കു പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ‘മാതൃഭൂമി’യുമായി സംസാരിച്ചപ്പോൾ...

 ? അവസാനനിമിഷം മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്ന സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞോ 

തൃക്കാക്കരയിൽനിന്ന് മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റിയും എന്റെ പേര് മാത്രമേ നിർദേശിച്ചിരുന്നുള്ളൂ. ഡൽഹിയിൽ എത്തിയപ്പോൾ പകരം പുതിയൊരു പേരുവന്നു. ഇക്കാര്യം കെ.പി.സി.സി. പ്രസിഡന്റ് നേരിട്ട് അറിയിച്ചിരുന്നെങ്കിൽ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു. സ്ഥാനാർഥിയായില്ലെങ്കിലും പ്രചാരണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

 ? കെ.പി.സി.സി. പ്രസിഡന്റ് ഇതിനുള്ള കാരണം പിന്നീട് അറിയിച്ചിരുന്നോ

ഇതുവരെ എന്നെ മാറ്റിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റുമായി നേരത്തേയും ഇപ്പോഴും നല്ല ബന്ധമാണ്. വി.എം. സുധീരനാണ് എന്നെ ഒഴിവാക്കിയത് എന്ന് അതുകൊണ്ടുതന്നെ വിശ്വസിക്കുന്നില്ല. അങ്ങനെ ഒഴിവാക്കാൻ പ്രസിഡന്റുമായി ചെറിയ അഭിപ്രായവ്യത്യാസം പോലും ഇതുവരെ ഉണ്ടായിട്ടില്ല. സീറ്റ് വിഷയം ഞാൻ അന്നുതന്നെ വിട്ടു. പാർട്ടിയുടെയും മുന്നണിയുടെയും സാധ്യതകൾക്ക് കോട്ടമുണ്ടാക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.

 ? പി.ടി. തോമസിനെ തൃക്കാക്കരക്കാർ സ്വാഗതം ചെയ്യുമോ

പി.ടി. തോമസ് മികച്ച സ്ഥാനാർഥിയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഉടൻ ഞാൻ പി.ടി.യെ വിളിച്ച് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അടിയന്തരമായി കുടുംബയോഗങ്ങൾ വിളിച്ചുചേർത്ത് എല്ലായിടത്തും ഞാനും പങ്കെടുത്തു. എന്നെ മാറ്റിയതുകൊണ്ട്  ഊഹാപോഹങ്ങൾ പ്രചരിക്കാൻ അവസരം നൽകാതിരിക്കാൻ പ്രത്യേകം മുൻകരുതലെടുത്തു.

 ? യു.ഡി.എഫിൻറെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു

യു.ഡി.എഫിൽ സീറ്റ് ചർച്ച നടന്ന സമയത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് ശരിയാണ്. എല്ലാ മണ്ഡലത്തിലും മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ചിലയിടത്ത് സ്ഥാനാർഥികൾ മണ്ഡലവുമായി ഒന്നുകൂടി സെറ്റ് ആവാനുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇത് മറികടക്കാനാവും.  

? എല്ലാ ജില്ലകളിലും പ്രചാരണത്തിന് പോവുമ്പോൾ എന്താണ് പ്രധാനവിഷയമായി അവതരിപ്പിക്കുന്നത്

തുടർഭരണം ഉണ്ടാവുമെന്നാണ് യു.ഡി.എഫ്. ഉറപ്പിച്ചുപറയുന്നത്. കേരളത്തിൽ ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണിത്. തുടർഭരണം ഉണ്ടാവുമെന്ന് ഞങ്ങൾ പറയുമ്പോൾ, ഉണ്ടാവില്ലെന്നാണ് എൽ.ഡി.എഫ്. പ്രചരിപ്പിക്കുന്നത്. എന്തായാലും തുടർഭരണം എന്ന വിഷയമാണ് തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയം. ഇത് മുഖ്യവിഷയമായി മാറ്റാനായത് യു.ഡി.എഫിന്റെ നേട്ടമാണ്.

യാത്രപറഞ്ഞിറങ്ങാൻ നോക്കുമ്പോൾ കോഴിക്കോട് ഡി.സി.സി. പ്രസിഡൻറ് കെ.സി. അബു മുറിയിലെത്തി. അവസാനനിമിഷം സീറ്റ് കിട്ടാതെ പട്ടികയിൽനിന്ന് പുറത്തായതിന്റെ നേരിയ വിഷമം വെച്ചുകൊണ്ട് അബു പറഞ്ഞു. ജില്ലയിലെ 13 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ജയിപ്പിക്കേണ്ട ചുമതലയുള്ളതുകൊണ്ട് ഞാൻ 13 മണ്ഡലത്തിലെയും സ്ഥാനാർഥിയെപ്പോലെയാണ് ഇപ്പോൾ. ബെന്നിയാണെങ്കിൽ ഇപ്പോൾ 140 മണ്ഡലത്തിലെയും സ്ഥാനാർഥിയാണ്. അടുത്ത തിരഞ്ഞെടുപ്പ് വരുന്പോൾ ‘എല്ലാം ശരിയാവും’ എന്ന് പറഞ്ഞ് ബെന്നി യാത്രപറഞ്ഞു.