ജി. ദേവരാജൻദേശീയതലത്തിൽ ഇടതുപക്ഷ ആശയങ്ങളുടെ ശ്രദ്ധേയനായ പ്രചാരകനായ ജി. ദേവരാജൻ യു.ഡി.എഫ്. വേദികളിലേക്ക് വരികയാണ്. അദ്ദേഹം ദേശീയ സെക്രട്ടറിയായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ യു.ഡി.എഫുമായി സഹകരിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. പതിറ്റാണ്ടുകളായി ഒപ്പംനിന്ന ഇടതുമുന്നണിയെ വിട്ടുപോകാനുള്ള കാരണങ്ങളെപ്പറ്റി ദേവരാജൻ സംസാരിക്കുന്നു...

? നയംമാറ്റത്തിലേക്ക് നയിച്ചത് സീറ്റ് കിട്ടാത്തതാണോ

സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല നയംമാറ്റം. മാന്യമായ പരിഗണന നൽകാൻ സി.പി.എം. തയ്യാറാകാത്തതിനാലാണ്. അടിയന്തരാവസ്ഥക്കാലത്തടക്കം 30 വർഷം ഒപ്പംനിന്നു. ജനറൽ സെക്രട്ടറിമാരായ ചിത്തബസുവും ദേബബ്രത ബിശ്വാസും ഇ.എം.എസ്. മുതൽ കോടിയേരി വരെയുള്ള നേതാക്കളോട് കേരള ഘടകത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മുന്നണിയിൽ എടുക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ഇത്തവണ ഏതെങ്കിലും ഒരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. സീറ്റുതരാഞ്ഞപ്പോൾ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അതും തള്ളി. 

? മുന്നണിയിൽ എടുക്കാത്തതിന്റെ കാരണം എന്താണ്

കാരണം സി.പി.എം. പറയണം. രാഷ്ട്രീയമായി ഞങ്ങൾ ഇടതുപക്ഷ സ്വഭാവമില്ലാത്തവരാണോ. പാർട്ടിക്ക് ശക്തിയില്ലാത്തതാണ് കാരണമെങ്കിൽ ശക്തന്മാർ തമ്മിലാണോ മുന്നണി ഉണ്ടാക്കുന്നത്.  ഇടതുപക്ഷത്തിനൊപ്പം ഇപ്പോഴുള്ളവരെല്ലാം ശക്തരാണോ.

?എന്താണ് ഈ അവഗണനയ്ക്ക് പിന്നിൽ

മറ്റ് ഇടതുപക്ഷപാർട്ടികളെ അംഗീകരിക്കാൻ സി.പി.എമ്മിന് മനസ്സില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ ആർ.എസ്.പി.യെ പുറത്താക്കി. ഇത്തവണ ഫോർവേഡ് ബ്ലോക്കിനെ ആട്ടിയകറ്റി. അടുത്ത ഉൗഴം സി.പി.ഐ.യുടേതാണ്. ഇടതുപക്ഷ ഐക്യമെന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തോട് യാതൊരു ആത്മാർഥതയുമില്ല. ദേശീയനേതൃത്വം പറഞ്ഞാൽ കേൾക്കാത്ത സംസ്ഥാന നേതൃത്വമാണ് സി.പി.എമ്മിനുള്ളത്.

? എന്തുകൊണ്ട് യു.ഡി.എഫിലേക്ക്
രണ്ട് കേന്ദ്രങ്ങളിലായി കേരളരാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കയാണ്. രണ്ടുമുന്നണികളും തമ്മിൽ രാഷ്ട്രീയ അകലം കുറവാണ്. ഒറ്റയ്ക്ക് നിൽക്കുന്നത് ഇവിടെ പ്രായോഗികമല്ല. യു.ഡി.എഫ്. ഞങ്ങളെ അംഗീകരിക്കാൻ തയ്യാറാണ്. പാർട്ടിയെ ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രത്യേക താത്പര്യമെടുത്തു. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ പ്രചാരണത്തിനിറങ്ങേണ്ടത് ഞങ്ങളുടെകൂടി ആവശ്യമാണ്.