ജെയ്ക് ജനിച്ചകാലം മുതല്‍ ഉമ്മന്‍ചാണ്ടിയാണ് പുതുപ്പള്ളിയുടെ എം.എല്‍.എ. 11-ാമത്തെ തവണയും തുടര്‍ച്ചയായി വിജയം ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ ജനപ്രിയ നേതാവ് ഇറങ്ങുമ്പോള്‍, എതിരാളിയായി രംഗത്തുവരുന്നത് ഈ 25-കാരനാണ്. സിന്ധുജോയിക്കു ശേഷം ഉമ്മന്‍ചാണ്ടിയെ നേരിടാനായി സി.പി.എം രംഗത്തിറക്കുന്ന മറ്റൊരു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ് ജെയ്ക് സി. തോമസ്. എതിരാളിയുടെ രാഷ്ട്രീയപാരമ്പര്യമോ, വിജയചരിത്രമോ ഒന്നും ഈ ചെറുപ്പക്കാരനെ ആവലാതിപ്പെടുത്തുന്നില്ല. എതിരാളി എത്രവലിയവനാണെങ്കിലും മുഖത്തുനോക്കി സത്യം വിളിച്ചുപറയുന്നതിന് ഭയമില്ല എന്ന് വിപ്ലവവീര്യം ചോരാത്ത വാക്കുകള്‍. സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്ന കോട്ടയത്തെ യുവപോരാളിയുമായി ഒരു അഭിമുഖം.

 

ജെയ്കിന്റെ പേര് സി.പി.എം കോട്ടയം ജില്ല സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. കേരളരാഷ്ട്രീയത്തിലെ പ്രമുഖ നേതാവിനെതിരെയാണ് മത്സരിക്കുന്നത്. നാലുപതിറ്റാണ്ടായി തുടര്‍ച്ചയായി പുതുപ്പള്ളി എം.എല്‍.എയും. ഇത്രയും ജനപിന്തുണയുള്ള ഉമ്മന്‍ചാണ്ടിയെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്? 

ഉമ്മന്‍ചാണ്ടി 1970 മുതല്‍ എം.എല്‍.എയാണ്. 11-ാമത്തെ തവണയാണ് അദ്ദേഹം പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുന്നത്. എന്നാല്‍ 10 തവണ മത്സരിച്ചപ്പോഴും പുതുപ്പള്ളിക്കാര്‍ കണ്ടതോ അറിഞ്ഞതോ ആയ ഉമ്മന്‍ചാണ്ടിയല്ല ഇപ്പോഴുള്ളത്. ഈ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയും അതുതന്നെയാണ്. ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് ഉമ്മന്‍ചാണ്ടിയുടെ മുഖം വികൃതമായിരിക്കുകയാണ്. സുതാര്യമെന്നുപറഞ്ഞ് നടപ്പിലാക്കിയ പലതും സുതാര്യമല്ലെന്ന് അനാവരണം ചെയ്യപ്പെട്ടു. 140 നിയോജകമണ്ഡലങ്ങളിലും ചര്‍ച്ചയാവുന്ന അഴിമതിയാരോപണങ്ങളുടെയും  താക്കോല്‍സ്ഥാനത്തുനില്‍ക്കുന്നയാളുടെ മണ്ഡലത്തില്‍ ഇവയെല്ലാം ചര്‍ച്ചചെയ്യപ്പെടും. അതിനോടുള്ള പ്രതികരണമാകും ഈ തിരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടിക്കെതിരായി വീഴുന്ന ഓരോ വോട്ടും അഴിമതിക്കും അനീതിക്കുമെതിരെയുള്ള പ്രതിഷേധമാകും.

ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നവര്‍ ചാവേറാണെന്ന് പൊതുവെ പറയപ്പെടാറുണ്ട്. ചെറുപ്രായത്തില്‍ ഇത്ര പ്രമുഖനായ നേതാവിനെതിരെ മത്സരിക്കുമ്പോള്‍ ആശങ്കയുണ്ടോ? നാട്ടുകാരുടെ പ്രതികരണം എങ്ങനെയുണ്ട്?

അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണ്. അല്ലാതെ ചാവേറാകും എന്ന ഭീതിയല്ല. എസ്.എഫ്.ഐയിലൂടെ വളര്‍ന്ന നേതാവാണ്. എത്ര വലിയ ആളിന്റെയും മുഖത്തുനോക്കി സത്യം വിളിച്ചുപറയുന്നതിന് ഭയമില്ല. അതിന് പ്രാപ്തനാക്കിയത് എസ്.എഫ്.ഐയാണ്. തിരഞ്ഞെടുപ്പിലും ആരേയും ഭയപ്പെടുന്നില്ല. സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ വിളിച്ചു. നാട്ടുകാരും സുഹൃത്തുക്കളും അവരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണത്തിന് എത്രത്തോളം പ്രധാന്യം നല്‍കുന്നു? 

ഫെയ്‌സ്ബുക്കിലൂടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുള്ളയാളാണ് ഞാന്‍. സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പ്രധാന്യമുള്ള കാലമാണിത്. ഐ.ടി പോലെ രാഷ്ട്രീയം പറയാന്‍ വേദി കിട്ടാത്ത ഒട്ടേറേ സ്ഥലങ്ങളിലേക്ക് സമൂഹമാധ്യമങ്ങളിലൂടെ കടന്നുചെല്ലാനാകും. എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി ശരിയല്ല എന്നും എന്തുകൊണ്ട് ഇടത് ശരിയാണെന്നും അവരോട് വിശദീകരിക്കാനാവും. അതിനാല്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണവും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പങ്കുവഹിക്കും.  

(കോട്ടയം സി.എം.എസ് കോളേജില്‍ പഠിച്ച ജെയ്ക് സി. തോമസ് ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.എ പൂര്‍ത്തിയാക്കി. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. എസ്.എഫ്.ഐയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ് മാഗസിന്റെ എഡിറ്ററുമാണ്.)