ബി.ജെ.പി.യുടെ യുവസംഘത്തില്‍ പ്രമുഖനാണ് അനുരാഗ് ഠാക്കൂര്‍. ബി.സി.സി.ഐ. സെക്രട്ടറികൂടിയായ യുവമോര്‍ച്ചയുടെ മുന്‍ ദേശീയ അധ്യക്ഷന്‍. അമിത് ഷാ ഏല്‍പ്പിച്ച ചുമതലയുമായി കേരള രാഷ്ട്രീയത്തിന്റെ പിച്ചിലാണിപ്പോള്‍ അനുരാഗ്.
തിരഞ്ഞെടുപ്പിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം ആദ്യം കൈകൂപ്പി. ഇത് കേരളത്തിലെ പ്രവര്‍ത്തകര്‍ക്കുള്ള എന്റെ പ്രണാമമാണ്. കാരണവും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആര്‍.എസ്.എസ്സിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ള ഇടമാണ് കേരളം. 
 അധികാരം സ്വപ്നങ്ങളില്‍പ്പോലും ഇല്ലാതിരുന്ന കാലത്ത് ഈ ആശയവുമായി ധൈര്യത്തോടെ മുന്നോട്ടുപോയവരെ പ്രണമിക്കാതെ കേരളത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. 

 ബി.ജെ.പി.ക്ക് കേരളത്തിലുള്ള പരിമിതി എന്താണ്?
രണ്ട് മുന്നണികള്‍ക്കും ഇടയില്‍ ഇടം കണ്ടെത്തുകയായിരുന്നു പ്രധാനം. ഇക്കുറി ശക്തമായ മുന്നണി ബി.ജെ.പി.ക്കുണ്ട്. കേരളത്തില്‍ സി.പി.എമ്മിന്റെ ശാരീരികമായ ആക്രമണങ്ങളെ നേരിട്ടാണ് പാര്‍ട്ടി വളര്‍ന്നത്. ധാരാളം പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. ഇപ്പോള്‍ അധികാരം നേടും എന്ന രീതിയിലേക്ക് വന്നിട്ടുണ്ട്. പരിമിതികള്‍ അതിജീവിച്ചുവരികയാണ്. 

 സംസ്ഥാനത്ത് ബി.ജെ.പി.-കോണ്‍ഗ്രസ് ധാരണയുണ്ടെന്നാണ് സി.പി.എം. ആരോപിക്കുന്നത്?
ബംഗാളില്‍ ആരാണ് ധാരണയിലുള്ളത്. ഇത് മറച്ചുവെക്കാനാണ് സി.പി.എമ്മിന്റെ വ്യാജപ്രചാരണം. 

 കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ?
അക്കൗണ്ട് തുറക്കുകയല്ല, ഭരണകക്ഷിയാകാന്‍ പോവുകയാണ്. കുമ്മനം രാജശേഖരന്‍, മോദിജിയെപ്പോലെ നിസ്വാര്‍ഥ രാഷ്ട്രീയത്തിന്റെ ഉടമയാണ്. 

ബി.ജെ.പി. സ്ഥാനാര്‍ഥിയായുള്ള ശ്രീശാന്തിന്റെ വരവ് വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്രിക്കറ്റില്‍ അദ്ദേഹത്തിനുള്ള വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ. സെക്രട്ടറി എന്ന നിലയില്‍ ഇടപെടുമോ?
ശ്രീശാന്ത് മത്സരിക്കാന്‍ തയ്യാറായത് സന്തോഷകരമാണ്. അദ്ദേഹത്തെ ജയിപ്പിക്കാന്‍ ഞാനും രംഗത്തിറങ്ങും. വിലക്ക് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പുചട്ട ലംഘനമാകും.

 ജെ.എന്‍.യു., ഹൈദരാബാദ് സര്‍വകലാശാല പ്രശ്‌നങ്ങള്‍ ബി.ജെ.പി.ക്ക് അവമതി ഉണ്ടാക്കിയില്ലേ?
ഇത് മോദി സര്‍ക്കാറിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ബോധപൂര്‍വമായുണ്ടാക്കിയ  പ്രചാരണമാണ്. രാജ്യത്തിനുപുറത്ത് ഭാരതത്തിന് അപകീര്‍ത്തി ഉണ്ടാകുകയാണ് ഇതുമൂലമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ട വിഷയങ്ങളല്ല ഇതൊന്നും.
രാജ്യത്തിനെതിരെ കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റും ഒറ്റക്കെട്ടായി നില്‍ക്കുന്ന സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. അഫ്സല്‍ ഗുരു, പാര്‍ലമെന്റ് ആക്രമണ വിഷയങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എവിടെയാണ്. മോദിയെ ആക്രമിക്കാന്‍ ആരുമായും കൂട്ടുചേരുകയാണ് രാഹുല്‍.