പരമ്പരാഗത രീതികള്‍ വിട്ട് പുത്തന്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തല മുതിര്‍ന്ന നേതാവ് വി.എസ് അച്ച്യുതാനന്ദന്റേയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേയും തിരഞ്ഞെടുപ്പ് പ്രചരണം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനുമാണ് ഇരുവരുടെയും പുതിയ തിരരഞ്ഞെടുപ്പ് പ്രചരണായുധം. സോഷ്യല്‍ മീഡിയാ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ച് വരുന്ന രണ്ട്‌പേരും ലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണ്‍ / സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും 18 കാരായ പുതിയ വോട്ടര്‍മാരെയുമാണ് പ്രധാനമായും ഇതുവഴി ലക്ഷ്യം വെക്കുന്നത്.

VS Achuthanandan App

വി.എസ് അച്ച്യുതാനന്ദന്‍

അടുത്തിടെയാണ് വി.എസ് അച്ച്യുതാനന്ദന്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടും വെബ്‌സൈറ്റും ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ് വി.എസ്സിന് ലഭിച്ചത്. ഇപ്പോഴിതാ വി.എസ്സ് സ്വന്തം മൊബൈല്‍ ആപ്പും പുറത്തിറക്കിയിരിക്കുകയാണ്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐ.ടി. വിദഗ്ധരായ ഒരുസംഘം ചെറുപ്പക്കാരാണ് വി.എസ്സിന് വേണ്ടി മൊബൈല്‍ ആപ്പ് ഒരുക്കിയത്. 

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് വി.എസിന്റെ പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇത് ലഭ്യമാണ്. വി.എസ് അച്ച്യുതാനന്ദന്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. വിഎസിന്റെ മുഖമാണ് ആപ്പിന്റെ ഐക്കണ്‍. പ്രസ് നോട്ട്, ഓഡിയോ ഗാലറി, ഫോട്ടോ ഗാലറി എന്നിവയാണ് ഈ ആപ്പില്‍ ലഭ്യമാവുക. 

നിലവില്‍ ഫേസ്ബുക്ക് പേജ് വലിയ വിജയമാണ്. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഒരോ വ്യക്തികളിലേക്കും നേരിട്ടെത്താനുള്ള ശ്രമത്തിലാണ് വി.എസ്. 

Kummanam Appകുമ്മനം രാജശേഖരന്‍

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെ.പി നേരത്തെ ദേശീയ തലത്തില്‍ പരീക്ഷിച്ച് വിജയം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയാണ് കുമ്മനത്തിന്റെ മൊബൈല്‍ ആപ്പും. നരേന്ദ്രമോദിയും പ്രചരണങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ ഉപയോഗപ്പെടുത്തിയിരുന്നു. 

കുമ്മനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകകളും കുമ്മനവുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സംവിധാനവും,  ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും എല്ലാം ഈ ആപ്പില്‍ ലഭ്യമാണ്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രചരണ വേളയില്‍ നാട്ടുകാര്‍ക്കൊപ്പം കുമ്മനം എടുക്കുന്ന സെല്‍ഫികള്‍ ഉള്‍പ്പെടുത്തി 'സെല്‍ഫി വിത്ത് കുമ്മനം', നയ രേഖ, ബി.ജെ.പിയിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍, ബി.ജെ.പി അംഗത്വം തുടങ്ങിയവ ആപ്പില്‍ ലഭ്യമാണ്.