കോഴിക്കോട്: വി.എസ്.അച്യുതാനന്ദനും മുഹമ്മദ് മുഹസിനും. പതിനാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയതും കുറഞ്ഞതുമായ അംഗങ്ങള്‍. വി.എസിന് പ്രായം 92. മുഹസിനാകട്ടെ മുപ്പതും. രണ്ട് തലമുറയെ പ്രതിനിധീകരിക്കുന്ന ഇവരുടെ സാന്നിധ്യമാവും നിയമസഭയിലെ പ്രധാന പ്രത്യേകത.

രണ്ട് കാലഘട്ടങ്ങളിലായാണ് നടന്നതെങ്കിലും പോരാട്ടവീര്യം തന്നെയാണ് ഇരുവരുടേയും മുഖമുദ്ര. പുന്നപ്ര വയലാര്‍ സമരനായകന്‍ എന്ന പേരാണ് വി.എസിനെങ്കില്‍ അടുത്തിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നേതാവ് എന്ന പേരാണ് മുഹസിനുള്ളത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നായകരിലൊരാള്‍ എന്ന പട്ടം തന്നെയാണ് അദ്ദേഹത്തെ പട്ടാമ്പിയിലെ ഇടത് സ്ഥാനാര്‍ത്ഥി എന്നതിലേക്ക് നയിച്ചത്.

2016 നിയമസഭയിലെ സീനിയറും ജൂനിയറും ഒരേ ജില്ലയില്‍ നിന്ന് ജനവിധി തേടിയാണ് നിയമസഭയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. മലമ്പുഴയില്‍ നിന്നും 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 73,299 വോട്ടോടെയാണ് വി.എസ് വിജയിച്ചത്. 2006-ല്‍ 23,440 വോട്ട് ലഭിച്ചിരുന്ന സ്ഥാനത്താണിത്.

സീനിയര്‍ നേതാക്കളുണ്ടായിട്ടും എന്തുകൊണ്ട് ഇത്രയും ചെറുപ്പമായ, വിദ്യാര്‍ത്ഥി നേതാവായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി എന്ന് ചോദിച്ചവര്‍ക്ക് മാന്യമായ രീതിയില്‍ത്തന്നെ ജയിച്ചു കാണിച്ചുകൊടുക്കുകയാണ് മുഹസിന്‍ ചെയ്തത്. കന്നിയങ്കത്തില്‍ 7404 വോട്ടിന്റെ ഭൂരിപക്ഷമാണ് മുഹസിന്‍ നേടിയത്. 64,025 ആണ് ലഭിച്ച ആകെ വോട്ട്.

പ്രചാരണഘട്ടത്തില്‍ കേരളജനത ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയവയില്‍ ഇവരുടെ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. പ്രവര്‍ത്തന പാരമ്പര്യവും ചെറുപ്പത്തിന്റെ ആവേശവും കേരള നിയമസഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാം.