തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ഏപ്രില്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏപ്രില്‍ ആദ്യത്തോടെ സ്ഥാനാര്‍ഥികളെ മുഴുവന്‍ പ്രഖ്യാപിക്കാന്‍ കഴിയുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.

ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് 28 ന് താനും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകും.

ഭൂമിയുമായി ബന്ധപ്പെട്ട ചില വിവാദ തീരുമാനങ്ങള്‍ യു.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില തീരുമാനങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ചിലതില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.