തിരുവനന്തപുരം: ഇറ്റലിയിലാണ് ജനിച്ചത് എന്നത് കൊണ്ട് മോദിയും ആര്‍.എസ്.എസും തന്നെ വേട്ടയായാടുകയാണെന്നും തന്റെ അവസാന ശ്വാസവും രക്തവും ഭാരതത്തിന് വേണ്ടിയായിരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മോദിക്ക് തന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാം, തന്റെ സ്വഭാവത്തെ ചോദ്യം ചെയ്യാം, എന്നാല്‍ തന്റെ ആത്മാഭിമാനത്തെയും ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും ചോദ്യം ചെയ്യാന്‍ പറ്റില്ല -സോണിയ പറഞ്ഞു.

തിങ്കളാഴ്ച തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സോണിയ മോദിക്ക് വികാര നിര്‍ഭരമായി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനത്തിടെ ഇറ്റലിക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞ് മോദി സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.

48 വര്‍ഷമായി താന്‍ ഇന്ത്യയുടെ മരുമകളാണ്. ഇന്ത്യയാണ് എന്റെ വീടും കുടുംബവും. എന്റെ ചിതാഭസ്മവും ചേരേണ്ടത് ഇവിടെയാണ്. ഇക്കാര്യം മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് അറിയാം എന്നാല്‍ ജനങ്ങള്‍ക്കതിന് കഴിയുമെന്നും സോണിയ പറഞ്ഞു.

വികസനത്തിന്റെയും നേട്ടങ്ങളുടെയും ഭാരണമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവെച്ചതെന്ന് സോണിയ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷം ഇതെല്ലാം തടസപെടുത്താന്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും രീതി അക്രമത്തിന്റെ രീതിയാണെന്നും അവര്‍ ആരോപിച്ചു. ഇത് അനുവദിക്കരുതെന്നു പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ വികസന തുടര്‍ച്ചയ്ക്ക് ഇനിയും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും മെയ് 16 ഇതിനുളള വേദിയായി എല്ലാവരും കാണണമെന്നും കൂട്ടിച്ചേര്‍ത്തു.