കൊച്ചി: ഏതോ ഒരിടത്തിരുന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയാകെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു എന്നു നാം കരുതുന്ന ഒരാളുണ്ട്; തിരഞ്ഞെടുപ്പ് നിരീക്ഷകന്‍. ആളെയങ്ങനെ പുറത്ത് കാണാനാവില്ല. എന്നാല്‍, എല്ലായിടത്തുമുണ്ട്. ടി.എന്‍. ശേഷനെന്ന, എല്ലാവരേയും വരച്ചവരയില്‍ നിര്‍ത്തിയ പഴയ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതിനിധികളാണ് നമുക്കവര്‍. കാണാമറയത്തിരുന്ന് തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നു അവര്‍.
 
പണവും സമ്മാനങ്ങളും കൊടുത്ത് വോട്ടര്‍മാരെ ആരെങ്കിലും സ്വാധീനിക്കുന്നുണ്ടോയെന്ന് കണ്ണിലെണ്ണയുമൊഴിച്ച് നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.എന്നാല്‍, പുതിയ കാലത്ത് കാര്യങ്ങള്‍ മാറി. നിരീക്ഷകര്‍ ജനങ്ങളോടൊപ്പം ഉണ്ടാകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. അവരുടെ കണ്‍വെട്ടത്തു ഉണ്ടാകണം. അവരെ കാണണം, കേള്‍ക്കണം. ഈ നിര്‍ദ്ദേശം വരുംമുമ്പ് തന്നെ വടക്കേയിന്ത്യയിലും മറ്റും ജനങ്ങളോടൊപ്പം നിന്ന് അവരുടെ വിശ്വാസം പിടിച്ചുപറ്റി, അവരെ പോളിങ്ബൂത്തില്‍ എത്തിച്ച ഒരു നിരീക്ഷകന്‍ നമുക്കുണ്ട് - രാജുനാരായണ സ്വാമി.

16 സംസ്ഥാനങ്ങളിലായി 29 തിരഞ്ഞെടുപ്പുകളില്‍ നിരീക്ഷകനായിരുന്നു, സ്വാമി. ത്രിപുര മുതല്‍ ഗുജറാത്ത് വരേയും ഹിമാചല്‍പ്രദേശ് മുതല്‍ തമിഴ്‌നാട് വരേയും വ്യാപിച്ചുകിടക്കുന്നു, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സേവന ദേശം. എത്ര സങ്കീര്‍ണ പ്രശ്‌നമുള്ള സ്ഥലത്തെ തിരഞ്ഞെടുപ്പായിരുന്നാലും 'സ്വാമി തന്നെ വരണം' എന്ന് കമ്മിഷന്‍ പറയുമ്പോള്‍, ആ ഉത്തരവാദിത്വം തനിക്കുള്ള വലിയ അംഗീകാരമായാണ് അദ്ദേഹം കണക്കാക്കുന്നത്.

നക്‌സലെറ്റ് ഭീഷണിയുള്ളതിനാല്‍, പതിവായി ഒരാളും വോട്ട് ചെയ്യാനെത്താത്ത ജാര്‍ഖണ്ഡിലെ ചില ബൂത്തുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഫലം കണ്ടു. ജനങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കി. ആവശ്യമായ സുരക്ഷാ യത്‌നങ്ങള്‍ ഏര്‍പ്പെടുത്തി. അവരില്‍ വിശ്വാസമുണ്ടാക്കി. അവര്‍ വന്ന് വോട്ട് ചെയ്തു. അഗര്‍ത്തല രാംനഗറില്‍ അതിര്‍ത്തിരക്ഷാ സേനയോടൊപ്പം രാത്രികളില്‍ അദ്ദേഹം പട്രോളിങ്ങിനിറങ്ങി. സേനയ്ക്കും ജനത്തിനും ആത്മവിശ്വാസമുണ്ടാക്കി, അത്. സ്വാമിയുടെ ഗുരുസ്ഥാനം ടി.എന്‍. ശേഷനാണ്.
 
നിരീക്ഷകന്‍ എന്താകണം? സ്വാമി പറയുന്നു....

* തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും റൂളുകളും നിരീക്ഷകന്‍ അറിഞ്ഞിരിക്കണം. ഇതെല്ലാം കാണാതെ പഠിച്ചിരിക്കണമെന്നല്ല. അറിഞ്ഞിരിക്കണം. 'കംപെന്‍ഡിയം ഓഫ് ഇന്‍സ്ട്രക്ഷന്‍സ്' വായിച്ചിരിക്കണം.

* ആര്‍ക്കൊക്കെ പോളിങ് ബൂത്തില്‍ പ്രവേശിക്കാം, സ്ഥാനാര്‍ഥിക്ക് എത്രനേരം ബൂത്തില്‍ നില്‍ക്കാം, ഗണ്‍മാന് പ്രവേശിക്കാമോ.... തുടങ്ങി പ്രധാനമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുണ്ട്. അവ നിരീക്ഷകന്‍ അറിയണം. ഇതൊക്കെ അറിയാമെങ്കില്‍ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാവില്ല. ഉണ്ടായാല്‍ത്തന്നെ പെട്ടെന്ന് പരിഹരിക്കാം.

* നിയമം അതിന്റെ വഴിക്കുതന്നെയാണെന്നു ഉറപ്പ് വരുത്തണം.

* പക്ഷപാതി ആയിരിക്കരുത്. എന്നു മാത്രമല്ല, ഒരു പക്ഷത്തേയും ആളല്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തുകയും വേണം.

* നിയമലംഘനം കണ്ടാല്‍ ഒട്ടും വൈകരുത്, ഉടന്‍ നടപടിയെടുക്കണം. അങ്ങനെയായാല്‍ ലംഘനം ഇല്ലാതാകും. ഒന്നു കണ്ണടക്കുകയാണെങ്കിലോ, തുടര്‍ന്നുകൊണ്ടേയിരിക്കും.

* വൈകുന്നേരം 4 മുതല്‍ 6 വരെ പൊതുസ്ഥലത്ത് ജനങ്ങളെ കാണണമെന്ന കമ്മിഷന്റെ നിര്‍ദ്ദേശം കൃത്യമായും പാലിക്കണം.

* ചുമതലയുള്ള നിയോജക മണ്ഡലത്തില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരിക്കണം. ജനങ്ങള്‍ക്ക് തോന്നണം, നിരീക്ഷകന്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെയെത്താമെന്ന്.

* ചെക്ക്‌പോസ്റ്റുകളില്‍ കൂടെക്കൂടെ സന്ദര്‍ശനം നടത്തണം.

* ജില്ലാ കളക്ടറുമായി അടുത്ത ബന്ധം സൂക്ഷിക്കണം.