സമിലും കേരളത്തിലുമേറ്റ തിരിച്ചടിക്കിടയിലും കോണ്‍ഗ്രസിന് ആശ്വാസമായത് പുതുച്ചേരിയിലെ ഫലമാണ്. പുതുച്ചേരിയില്‍ എന്‍.രംഗസ്വാമിയെ മറികടന്ന് വീണ്ടും അധികാരം പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യം 30 അംഗ സഭയില്‍ കോണ്‍ഗ്രസ് പതിനഞ്ചും സഖ്യകക്ഷിയായ ഡി. എം.കെ. രണ്ടും സീറ്റ് നേടി.

രംഗസ്വാമി നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസിന് എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെയ്ക്ക് നാലും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു.

കഴിഞ്ഞ തവണ ഓള്‍ ഇന്ത്യ എന്‍. ആര്‍. കോണ്‍ഗ്രസിന് 15 ഉം കോണ്‍ഗ്രസിന് ഏഴും എ.ഐ.എ.ഡി.എം.കെയ്ക്ക് അഞ്ചും ഡി.എം.കെ.യ്ക്ക് രണ്ടും സീറ്റാണ് ലഭിച്ചത്.

മുഖ്യമന്ത്രി എന്‍.രംഗസ്വാമി ഇന്ദിരാനഗര്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്കും അടിതെറ്റി. മന്ത്രിമാരായ പി.രാജവേലു, എന്‍.ജി.പന്നീര്‍സെല്‍വം, സ്പീക്കര്‍ വി.സഭാപതി, എ.ഐ.എ.ഡി.എം.കെ. നേതാവ് പി. കണ്ണന്‍ എന്നിവര്‍ക്കെല്ലാം അടിതെറ്റി. മാഹിയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. വി.രാമചന്ദ്രനോട് പരാജയപ്പെട്ടു.

പുതുച്ചേരി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.ലക്ഷ്മി നാരായണന്‍, കോണ്‍ഗ്രസ് നേതാവ് എ. നമശിവായ എന്നിവര്‍ വിജയിച്ചു.