തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു. പിണറായി തന്നെയാണ് മുഖ്യമന്ത്രി എന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി.എസ്സിനെ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പൊളിറ്റ് ബ്യൂറോ അംഗവും പിണറായി വിജയന്‍ മാത്രമായിരുന്നു. സി.പി.എമ്മിന്റെ സംഘടനാരീതി അനുസരിച്ച് പി.ബി അംഗമാണ് സാധാരണ മുഖ്യമന്ത്രിപദത്തിലേക്ക് വരുക. ഇത്തവണ ആ പതിവ് പിണറായിലേക്ക് എത്തി. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട പിണറായി നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ പാര്‍ലമെന്ററിരംഗത്തേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 36,905 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് പിണറായി ഇത്തവണ വിജയിച്ചത്.

ജനവിധി കൂടി മുന്നണിക്ക് അനുകൂലമായതോടെ ആ മടങ്ങിവരവില്‍ പിണറായിയെ തേടി മുഖ്യമന്ത്രിപദവും എത്തിയിരിക്കുന്നു. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗവും തുടര്‍ന്ന്  ചേരുന്ന എല്‍.ഡി.എഫ് യോഗവും സര്‍ക്കാര്‍ എന്ന് അധികാരമേല്‍ക്കണമെന്ന് തീരുമാനിക്കും.