തിരുവനന്തപുരം:  തന്റെ അടുപ്പക്കാരാണെന്ന് പറഞ്ഞു നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്ന് നിയുക്തമുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ഞാൻ അടുത്തദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്റെ അടുത്തയാളുകളെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്.

അതിലൊരാൾ ഈയടുത്ത ദിവസം ഹൈദരാബാദിൽ പോയി. അടുത്ത മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പോയതെന്ന് ഇദ്ദേഹം മറ്റൊരാളോട് പറഞ്ഞു. കേട്ടയാൾക്ക് എന്നെ അറിയാം. ഉടൻ എന്നെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞു. ആരുടെയും പേരുപറയുന്നില്ല. എങ്കിലും ഇപ്പോൾത്തന്നെ അവർക്ക് കാര്യം മനസ്സിലായിക്കാണും. ഇമ്മാതിരി അവതാരങ്ങളെ സൂക്ഷിക്കണം. അവർക്ക് എന്റെ രീതി അറിയില്ലായിരിക്കും.’’ -പിണറായി വിജയൻ പറഞ്ഞു.

ഇത്തരം വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ മടിക്കരുതെന്ന് പിണറായി മാധ്യമപ്രവർത്തകരോടും പറഞ്ഞു. അഴിമതി എല്ലാതലങ്ങളിലുമുണ്ട്. ഇവയെല്ലാം ഒഴിവാക്കാൻ ശ്രമിക്കും. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ സംബന്ധിച്ച ചോദ്യത്തിന് പേഴ്‌സണൽ സ്റ്റാഫും മന്ത്രിമാരെപ്പോലെ കറകളഞ്ഞവരും പരിശുദ്ധരുമായിരിക്കണമെന്നും പിണറായി പറഞ്ഞു.