തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദന്‍. സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതൃത്വം രാവിലെ തന്നെ വി.എസിനെ അറിയിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് പത്ത് മണിയോടെ വി.എസ് യോഗത്തിന് എത്തി. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം നേതാക്കള്‍ വി.എസിനെ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തീരുമാനം അറിഞ്ഞ വി.എസ് യോഗത്തില്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. പിന്നീട് കന്റോണ്‍മെന്റ് ഹൗസിലേക്ക് പോകാനിറങ്ങിയ വി.എസിനോട് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.