തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, പദ്മജ വേണുഗോപാല്‍, കെ.മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണവുമായി തൃശൂരില്‍ മത്സരിച്ച് തോറ്റ പദ്മജയാണ് ആദ്യം രംഗത്തെത്തിയത്. മന്ത്രി സി.എന്‍.ബാലകൃഷ്ണനെ പ്രചാരണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും കണ്ടില്ലെന്ന് പദ്മജ അഭിപ്രായപ്പെട്ടു. ജില്ലയില്‍ ശക്തമായ കോണ്‍ഗ്രസ് നേതൃത്വമില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി. വോട്ട് രേഖപ്പെടുത്തിയ ശേഷം സി.എന്‍ ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന തെറ്റാണ്. കാലുപിടിച്ചിട്ടും മുതിര്‍ന്ന നേതാക്കള്‍ സഹായിച്ചില്ല. തിങ്കളാഴ്ച കെ.പി.സി.സിക്ക് പരാതി നല്‍കും. 

പാര്‍ട്ടിയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വര്‍ഗീയതയെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഉത്തരവാദിത്വം ഒരാളുടെ തലയില്‍കെട്ടിവെക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

അഴിമതിയോടും വര്‍ഗീയതയോടുമുള്ള മൃദുസമീപനം വിനയായി എന്ന് വി.ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നു എന്ന ധാരണയുണ്ടായില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ പോലും അപഹസിക്കപ്പെട്ടു. പാര്‍ട്ടിയില്‍ തുറന്ന പരിശോധന അനിവാര്യമാണ്. സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു.