ആലപ്പുഴ: പൂഞ്ഞാറില്‍ എല്‍.ഡി.എഫിന്റെ പിന്തുണ കിട്ടിയേക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയില്‍ പി.സി ജോര്‍ജ് എതിര്‍പ്പുകള്‍ അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ സജീവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെ ജോര്‍ജിന് യാതൊരു ഉറപ്പും മുന്നണി നല്‍കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞത് ജോര്‍ജിന് തിരിച്ചടിയായി.

സി.പി.എമ്മിനുള്ളിലെ എതിര്‍പ്പുകള്‍ ഏത് വിധേനയും പരിഹരിക്കാനുള്ള കൂടിയാലോചനകളിലാണ് ജോര്‍ജ്. പി.സിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വിശ്വസ്തന്‍ എം.ഭാസ്‌കരന്‍പിള്ള ഇന്ന് കോടിയേരിയുമായി ചര്‍ച്ചനടത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഭാസ്‌കരന്‍പിള്ള കോടിയേരിയെ കണ്ടത്. കൂടിക്കാഴ്ചയിലും യാതൊരു ഉറപ്പും കിട്ടിയില്ലെന്നാണ് വിവരം.

26ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം തീരുമാനം അറിയിക്കാം എന്ന മറുപടിയാണ് 10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ കോടിയേരി നല്‍കിയത്. ജോര്‍ജിന് അനുകൂലമായി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വാദിച്ചത് കോടിയേരിയായിരുന്നു. 

പിണറായി വിജന്റേയും കോട്ടയം ജില്ലയിലെ നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ് ജോര്‍ജിന് വിനയായത്. ജോര്‍ജിനോടുള്ള കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ എതിര്‍പ്പും പാര്‍ട്ടിക്ക് മുന്നിലുണ്ട്. പുതുതായി എല്‍.ഡി.എഫിലേക്ക് വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കിയില്ലെങ്കിലും അവര്‍ക്ക് ഉറപ്പ് നല്‍കിയ നാല് സീറ്റുകളില്‍ ഒന്ന് പൂഞ്ഞാര്‍ നല്‍കുന്നതും സി.പി.എം ആലോചിക്കുന്നുണ്ട്.