തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളം സൊമാലിയ പോലെയാണെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു. പേരാവൂരില്‍ കുട്ടികള്‍ മാലിന്യം കഴിച്ചതായ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇക്കാര്യം ശരിയല്ലെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

കേരളത്തിന്റെ സോളാര്‍ പദ്ധതി അഭിമാനകരമാണെന്ന് മോദി പറഞ്ഞിരുന്നു. അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ഇക്കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചതാണ്. പിന്നീടിതെങ്ങനെയാണ് അപമാനകരമായത്?

നാളെ കേരളത്തിലെത്തുമ്പോള്‍ തെറ്റായ പ്രസ്താവനകള്‍ പ്രധാനമന്ത്രി പിന്‍വലിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തെ അപമാനിക്കാനായി ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി സ്വന്തം പദവി താഴ്ത്തിക്കെട്ടുകയാണ് ചെയ്തത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ട് രണ്ട് വര്‍ഷമായി. ഇതുവരെ അതില്‍ നടപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.