BJP

കോഴിക്കോട്: കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടത് നേതാക്കളും രംഗത്ത് വന്നതോടെ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രതിപക്ഷ നേതാവ്  വി.എസ്. അച്യുതാനന്ദന്റെ സൊമാലിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് കുമ്മനം ബി.ജെ.പിക്കെതിരായ പ്രചരണങ്ങള പ്രതിരോധിക്കുന്നത്. അട്ടപ്പാടിയെ സോമാലിയ ആക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍ ആണെന്ന് രണ്ടു വര്‍ഷം മുമ്പ് വി.എസ് പ്രസ്താവിച്ചിരുന്നുവെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ചൂണ്ടിക്കാട്ടുന്നത്.

അച്യുതാനന്ദന്‍ അട്ടപ്പാടിയെ സോമാലിയയോടുപമിച്ചപ്പോള്‍ ആരും അട്ടപ്പാടിയെ അപമാനിച്ചു എന്ന് പറഞ്ഞില്ലെന്നും കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലെ ശിശു മരണ നിരക്ക് സോമാലിയയിലെ ശിശു മരണ നിരക്കിലും ആശങ്കാജനകമാണ് എന്ന് പറഞ്ഞതിന് വിവാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുമ്മനം പറയുന്നു.

അട്ടപ്പാടി സോമാലിയ തന്നെ എന്ന് വി.എസ് അന്ന് പറഞ്ഞപ്പോള്‍ കേരളത്തെ മോദി സൊമാലിയ എന്ന് വിളിച്ചതേയില്ല എന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുക എന്നത് മാത്രമായി തങ്ങളുടെ രാഷ്ട്രീയ ദൗത്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന ഇടതുപക്ഷം, യു.ഡി.എഫ് വിരുദ്ധതയുടെ നാടകാഭിനയം അവസാനിപ്പിച്ച് ഭരിക്കുന്ന കോണ്‍ഗ്രസിനെ പരസ്യമായി ആശ്ലേഷിക്കുന്നു എന്നും കുമ്മനം ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളെല്ലാം വിഴുങ്ങിയവര്‍, ഇന്ന് ഉമ്മന്‍ ചാണ്ടിക്ക് കീഴിലെ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനവും ഭൂമിയിലെ സ്വര്‍ഗവുമാണെന്ന് നിസങ്കോചം വാദിക്കുന്നു.ബംഗാളില്‍ മാത്രമല്ല, ഇവിടെയും കാര്യത്തോടടുക്കുമ്പോള്‍ ഞങ്ങള്‍ ഒന്ന് തന്നെയെന്ന് തെളിയിക്കുന്നതായും കുമ്മനം ആരോപിക്കുന്നു.

പോസ്റ്റ് വായിക്കാം