ramaഒഞ്ചിയത്തെ ടിപി ഹൗസിലെ ഫോണ്‍ ഇപ്പോഴും അസമയത്ത് മുഴങ്ങുന്നുണ്ട്. പണ്ട് അതെടുക്കാന്‍ ചന്ദ്രശേഖരന്‍ ഉണ്ടായിരുന്നു. ആവശ്യങ്ങള്‍ പരിഹരിക്കാന്‍. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍. ആശുപത്രിക്കിടയ്ക്കകളില്‍ രക്തം കൊടുക്കാന്‍, സഖാക്കളെ സാന്ത്വനിപ്പിക്കാന്‍, ഭീഷണികളെ ചിരിച്ചു തള്ളാന്‍.

നാലാണ്ട് മുമ്പ് ടിപിയെ ഇല്ലാതാക്കി. ചന്ദ്രശേഖരന്റെ മുഴങ്ങുന്ന ശബ്ദം നിലച്ചു. ദേഹം ചിത ഏറ്റുവാങ്ങി.

ഈ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ മത്സരിക്കുന്നുണ്ട് . വടകര മണ്ഡലത്തില്‍. മറ്റൊരു പേരില്‍. ചിഹ്നം ഗ്ലാസ്. പേര് കെകെ രമ, ടിപി ഹൗസ്.  അക്രമം തിരഞ്ഞെടുപ്പ് വിഷയമാകുന്ന ഒരു പക്ഷേ സംസ്ഥാനത്തെ തന്നെ ഒരേയൊരു മണ്ഡലമാണിന്ന് വടകര.

ചതുഷ്‌കോണ മത്സരമാണ് വടകരയില്‍. ഇടതിനായി മുതിര്‍ന്ന നേതാവ് സികെ നാണു. യുഡിഎഫിനായി സഹകരണ രംഗത്തെ സ്വാധീനവും പ്രാഗത്ഭ്യവും കൈമുതലാക്കി മനയത്ത് ചന്ദ്രന്‍. ബിജെപിക്ക് വേണ്ടി തുളുമ്പുന്ന യുവത്വവുമായി അഡ്വ എം രാജേഷ് കുമാര്‍.

സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടേറ്റുമുട്ടുന്നു എന്നതാണ് എല്ലാ തിരഞ്ഞെടുപ്പിലും വടകരയുടെ സവിശേഷത. ഇരു മുന്നണികളുടേയും തോളിലേറി സോഷ്യലിസ്റ്റുകള്‍ നിയമസഭയിലേക്ക് പ്രവേശിക്കുന്നു വടകരയുടെ മണ്ണില്‍. 

ഇത്തവണ കാര്യങ്ങളില്‍ മാറ്റമുണ്ട്. പ്രചാരണത്തിലെങ്കിലും. കെകെ രമയെ സിപിഎം എത്രത്തോളം പേടിക്കുന്നു എന്ന് തുടക്കത്തിലേ വ്യക്തമായി. നാമനിര്‍ദേശ പത്രിക കൊടുക്കുന്ന ഘട്ടത്തില്‍ തന്നെ. രണ്ട് അപര രമമാരെയാണ്  രംഗത്ത് ഇറക്കിയത്. ഇരുവര്‍ക്കും കണ്ണടയും വച്ചു കൊടുത്തു. ബാലറ്റില്‍ പടം വരുമ്പോള്‍ കണ്ണട കണ്ട് തെറ്റിയാണെങ്കിലും സാക്ഷാല്‍ രമയ്ക്കുള്ള വോട്ടുകള്‍ ചിതറണം.

ഈ ഭയമാണ് രമയ്ക്ക് തുടക്കത്തില്‍ തുണയായത്. 51 വെട്ട് വെട്ടി കൊന്നിട്ടും സിപിഎമ്മിന് ചന്ദ്രശേഖരനോടുള്ള പക മാറിയിട്ടില്ലെന്ന് തുറന്നടിക്കാന്‍ ഇത് രമയെ സഹായിച്ചു. പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ചുവപ്പിനെതിരെ നിലപാടെടുത്ത് കുറഞ്ഞു തുടങ്ങിയ ജനവികാരം വീണ്ടും ശക്തമായി. 

രമയോ? രാവിലെ ഇറങ്ങുന്നു കെകെ രമ, ടിപി ഹൗസ്. എപ്പോഴും  ഒപ്പുമുണ്ടാകും ഒരു സംഘം. ആബാലവൃദ്ധം. ചെറുകിടാങ്ങള്‍ തൊട്ട് പ്രായം ചെന്നവര്‍ വരെ. ഇണക്കുന്നത് ഒരൊറ്റ വികാരം. ടിപി ചന്ദ്രശേഖരന്‍. ആര്‍എംപി എന്ന പാര്‍ട്ടി പോലും ഇവിടെ പിന്നിലാണ്. പാര്‍ട്ടിയില്‍ അല്ല, ടിപിയിലാണ് വടകര തിരഞ്ഞെടുപ്പ്.

രമയ്ക്ക്  മുഖവുര വേണ്ട വടകരയില്‍. അച്ഛന്റെ കൈ പിടിച്ച് സമരത്തിനിറങ്ങിയ കുട്ടിക്കാലമുണ്ട്. എസ്എഫ്‌ഐയുടെ ശുഭ്രപതാകയേന്തി തെരുവിലിറങ്ങിയ കൗമാരമുണ്ട്. ഡിവൈഎഫ്‌ഐക്ക് വേണ്ടി പ്രതിഷേധത്തിന്റെ പടപ്പാട്ട് പാടിയ യൗവനമുണ്ട്. പിന്നെ ടിപിയുടെ വീട്ടുകാരിയായി ഒപ്പം നിന്ന ഭൂതകാലമുണ്ട്. വോട്ടു തേടി രമ വീട്ടിലെത്തുമ്പോള്‍ കടലിരമ്പുന്നു. 

ചിഹ്നം ഗ്ലാസാണ്. എന്നാല്‍ ചഷകം നിറഞ്ഞും ഒഴുകും ഈ കണ്ണീര്‍ച്ചാലുകള്‍. രമ വരുമ്പോള്‍, പലര്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റമാണ്. പല കാലങ്ങളിലെ പല രമമാര്‍. പല കാലത്തും പാറ പോലെ നിന്ന ടിപി ചന്ദ്രശേഖരന്‍. പോയത് ചരിത്രമാണ്. ഈ തിരഞ്ഞെടുപ്പിലും ചുവപ്പിന്റെ ആരൂഢത്തിലുണ്ട് ടിപിയുടെ ആത്മാവ്.

വടകരയിലെ കണ്ണകി

ചെറിയ പ്രകടനം പോലെ രമയും സംഘവും വടകരയില്‍ എമ്പാടും വീടു കയറുന്നു. പതിനായിരത്തിലേറെ വീടുകളില്‍ നേരിട്ടെത്തി രമ വോട്ടു ചോദിച്ചു കഴിഞ്ഞു. ശേഷിക്കുന്ന മേഖലകളില്‍ രമയുടെ സംഘാംഗങ്ങള്‍ ചെന്നെത്തിക്കഴിഞ്ഞു. ഇത്രയേറെ സ്‌ക്വാഡ് വര്‍ക്ക് നടത്തിയ മറ്റൊരു സ്ഥാനാര്‍ത്ഥി ഉണ്ടാവില്ല, വടകരയിലും മറ്റെവിടെയെങ്കിലും.

ഒന്നര ലക്ഷത്തിലേറെ വോട്ടുണ്ട് മണ്ഡലത്തില്‍. ഒന്നേകാല്‍ ലക്ഷമെങ്കിലും പോളിംഗ് ബൂത്തിലെത്തും. 40,000 വോട്ടിലേറെ നേടിയാല്‍ ജയിക്കാം എന്നര്‍ത്ഥം. 30000 അടിസ്ഥാന വോട്ടുകളുണ്ട് ഇടതുപക്ഷത്തിന്. ഇത് ഇക്കുറി നെടുകേ പിളരുമെന്ന് ആര്‍എംപി കണക്കകൂട്ടുന്നു. 25000 ല്‍ കൂടുതലാണ് യുഡിഎഫിന്റെ സ്വത്ത്. ഇതിലും ഗണ്യമായ വിഭാഗം രമ പ്രതീക്ഷിക്കുന്നു. ബിജെപി 20000 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. ഇത്രതന്നെ വരും ആര്‍എംപിക്കാരുമെന്ന് പാര്‍ടി കണക്ക്. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ചോരപ്പാടുകള്‍ ചന്ദ്രശേഖരന്റേതാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരു മാസത്തിലേറെ നിരന്തരം തലക്കട്ടായ കൊലപാതകം. പ്രതികളുടെ പാര്‍ട്ടിയും പാര്‍ട്ടിക്കൂറുമെല്ലാം ചര്‍ച്ചയായ കാലം. 

ചന്ദ്രശേഖരന്‍ മുന്നോട്ടു വച്ചത് ഇടതു ബദലാണ്. കുറേക്കൂടി സത്യസന്ധമായി പറഞ്ഞാല്‍ ബദല്‍ സിപിഎമ്മാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ ചുവടുകള്‍ തിരുത്താനായിരുന്നു ടിപിയുടെ ശ്രമം.

വടകര പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. കടത്തനാട്ടില്‍ ജനാധിപത്യം പുതിയ ചുവടുവയ്ക്കുമോ? വടകരയുടെ വിധിയെഴുത്ത് സാധ്യതകള്‍ പകരുന്നതാണ്.