തിരുവനന്തപുരം: തുടര്‍ഭരണം എന്ന മനക്കോട്ട തകര്‍ന്നതിനെക്കാളും കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നത് ഈ തിരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ കോണ്‍ഗ്രസിന് സീറ്റൊന്നുമില്ല എന്ന യാഥാര്‍ഥ്യമാണ്. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഒരു കോണ്‍ഗ്രസുകാരനും ഇത്തവണയും നിയമസഭയിലെത്താനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ നാല് ജില്ലകളിലും സ്ഥിതി ഇത് തന്നെയായിരുന്നു. ഈ നാല് ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും, ആലപ്പുഴയിലും, മലപ്പുറത്തും, തൃശൂരിലും, വയനാട്ടിലും ഓരോ എം.എല്‍.എമാര്‍ മാത്രമായി കോണ്‍ഗ്രസിന്റെ അംഗബലം ചുരുങ്ങി. 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായി വരുന്ന കൊല്ലത്ത് ഇത്തവണ ഏറെ പ്രതീക്ഷവച്ചെങ്കിലും ഒരാളും ജയിച്ചുവന്നില്ല. 2011 ല്‍ ജില്ലയില്‍ എട്ട് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒരിടത്തും ജയിച്ചില്ല. ഇത്തവണയും എട്ട് സീറ്റില്‍ മത്സരിച്ച് എട്ടിടത്തും ദയനീയമായി തോറ്റു. യു.ഡി.എഫുകാരനായ ഒരു എം.എല്‍.എയുമില്ലാത്ത ജില്ലയായി കൊല്ലം ഇത്തവണ മാറി.

ഇടുക്കിയില്‍ യു.ഡി.എഫ് പക്ഷത്ത് രണ്ട് പേരുണ്ടെങ്കിലും അത് രണ്ടും കേരള കോണ്‍ഗ്രസുകാരാണ്. തൊടുപുഴയില്‍ പി.ജെ. ജോസഫും, ഇടുക്കിയില്‍ റോഷി അഗസ്റ്റിനും. ഇടുക്കിയിലെ മറ്റ് മൂന്നു സീറ്റുകളായ ദേവികുളത്തും, ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലായി കോണ്‍ഗ്രസ് തുടര്‍ച്ചയായി തോറ്റു. 

കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫിനുള്ള രണ്ട് അംഗങ്ങളും ലീഗിന്റെ അക്കൗണ്ടിലാണ്. മഞ്ചേശ്വരവും, കാസര്‍കോടും. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മൂന്നുതിരഞ്ഞെടുപ്പുകളിലായി ഒരും കോണ്‍ഗ്രസുകാരന്‍ പോലും നിയമസഭയിലെത്തിയിട്ടില്ല. 2001 ലെ തിരഞ്ഞെടുപ്പില്‍ എ.സുജനപാലും, പി ശങ്കരനും ജയിച്ചശേഷം ഒരുകോണ്‍ഗ്രസുകാരനും നിയമസഭാ ടിക്കറ്റ് കിട്ടിയിട്ടില്ല. ഇവിടെ നിന്ന് ഇത്തവണ ജയിച്ച രണ്ട് പേര്‍ എം.കെ മുനീറും(കോഴിക്കോട് സൗത്ത്), പാറയ്ക്കല്‍ അബ്ദുള്ളയും(കുറ്റ്യാടി) ലീഗുകാരാണ്. 

ഈ നാല് ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും, ആലപ്പുഴയിലും, മലപ്പുറത്തും, തൃശൂരിലും, വയനാട്ടിലും ഓരോ എം.എല്‍.എമാര്‍ മാത്രമായി ചുരുങ്ങി. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂര്‍ തട്ടകവും കൂടി കൈവിട്ടതോടെ മലപ്പുറത്തെ കോണ്‍ഗ്രസ് സാന്നിധ്യം വണ്ടൂരിലെ എ.പി അനില്‍കുമാറില്‍ ഒതുങ്ങി. പത്തനംതിട്ട ആറന്മുളയിലെ ശിവദാസന്‍ നായരുടെ തോല്‍വിയോടെ അടൂര്‍പ്രകാശില്‍(കോന്നി) ജില്ലയിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം ഒതുങ്ങി. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും(ഹരിപ്പാട്), തൃശൂരില്‍ അനില്‍ അക്കരയും(വടക്കാഞ്ചേരി), വയനാട്ടില്‍ ഐ.സി ബാലകൃഷ്ണനും(സുല്‍ത്താന്‍ബത്തേരി)മാത്രമായി പ്രാതിനിധ്യം