നിയമസഭാ തിരഞ്ഞെടുപ്പില്‍ 45,587 വോട്ടിന് തൊടുപുഴയില്‍ എതിരാളിയെ തോല്‍പിച്ച പി ജെ ജോസഫ് ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായി. എല്‍ ഡി എഫിലെ അഡ്വ. റോയ് വാരിക്കാട്ടിനെ പിന്തള്ളിയാണ് പി ജെ ജോസഫ് നേട്ടം കൈവരിച്ചത്. പി ജെ ജോസഫ് 76,564 വോട്ടാണ് നേടിയത്. 

43 വോട്ടിന്റെ മേല്‍ക്കൈ നേടിയ വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയാണ് ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുടമ. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് അനില്‍ അക്കര വിജയിച്ചത്. 

സി.പി.എമ്മിലെ ഇ പി ജയരാജനാണ് മികച്ച ഭൂരിപക്ഷത്തില്‍ രണ്ടാമന്‍. മട്ടന്നൂരില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 43,381 വോട്ടാണ്. യുഡിഎഫിലെ കെ പി പ്രശാന്തായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. കല്യാശ്ശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി വി രാജേഷിന് 42,891 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കടുത്തുരുത്തിയില്‍ നിന്ന മോന്‍സ് ജോസഫ് 42,256 വോട്ടിനാണ് ജയിച്ചത്. 

പയ്യന്നൂരില്‍ നിന്നുള്ള സി കൃഷ്ണന്‍ (40,263), ജയിംസ് മാത്യു, തളിപ്പറമ്പ്(40,617), പി ആയിഷ പോറ്റി, കൊട്ടാരക്കര(42,632) എന്നിവര്‍ 40,000 ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി. 89 വോട്ടിന്റെ മുന്നേറ്റവുമായി യു ഡി എഫിലെ പി ബി അബ്ദുള്‍ റസാഖാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ രണ്ടാമന്‍. മഞ്ചേശ്വരത്ത് നിന്ന് ബി ജെ പി യുടെ കെ സുരേന്ദ്രനെ തോല്‍പിച്ചാണ് അദ്ദേഹം 89 എന്ന നേരിയ ഭൂരിപക്ഷവുമായി വിജയിച്ചത്.