johnതൃശ്ശൂര്‍: യു.ഡി.എഫില്‍ ഒരു സീറ്റ് ഉറപ്പാക്കിയ സി.എം.പി. കുന്നംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണാകും സ്ഥാനാര്‍ത്ഥിയെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നിടത്താണ് സി.എം.പി. മല്‍സരിച്ചത്. നെന്മാറയില്‍ എം.വി. രാഘവനും കുന്നംകുളത്ത് സി.പി. ജോണും നാട്ടികയില്‍ വികാസ് ചക്രപാണിയും. ഒരിടത്തും ജയിക്കാനായില്ല. 

തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നത പിളര്‍പ്പിലാണ് അവസാനിച്ചത്. ഒരു വിഭാഗം ഇടതുമുന്നണിക്കൊപ്പം കൂടി. വിലപേശലിനുള്ള  കരുത്ത് നഷ്ടപ്പെട്ടതിനൊപ്പം, ജയസാദ്ധ്യതയില്ലാത്ത സീറ്റുകള്‍ പിടിച്ചുവാങ്ങി തോല്‍ക്കേണ്ടെന്ന  ചിന്തയും പാര്‍ട്ടിക്കുള്ളിലുണ്ട്. കഴിഞ്ഞ തവണ സി.എം.പി.ക്കു വിട്ടു നല്‍കിയ മൂന്നു സീറ്റില്‍ രണ്ടും തൃശ്ശൂര്‍ ജില്ലയില്‍ നിന്നായിരുന്നു. 

നാട്ടികയില്‍ മല്‍സരിച്ച വികാസ് ചക്രപാണി ഇപ്പോള്‍ എതിര്‍പക്ഷത്താണ്. നിലവിലെ സാഹചര്യത്തില്‍ നാട്ടിക സീറ്റ് വിട്ടു നല്‍കാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. കുന്നംകുളത്ത് സി.പി. ജോണ്‍ സ്ഥാനാര്‍ത്ഥി ആകുന്നതിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും  അനുകൂലമെന്നറിയുന്നു. പ്രാദേശികമായുണ്ടായ  നേരിയ എതിര്‍പ്പും ഇല്ലാതാക്കാന്‍ നേതാക്കളുടെ ഇടപെടലോടെ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 481 വോട്ടിനാണ് സി.പി. ജോണ്‍ സി.പി.എമ്മിലെ ബാബു എം. പാലിശ്ശേരിയോടു പരാജയപ്പെട്ടത്.  അന്ന് അപരനായി മല്‍സരിച്ച ജോണ്‍ പിടിച്ചത് 860 വോട്ടാണ്. വീണ്ടുമൊരു ബലപരീക്ഷണത്തിനുള്ള അവകാശവാദത്തിന് വോട്ടിലെ  ഈകണക്കുകളും സി.എം.പി. മുന്നോട്ടു വെയ്ക്കുന്നു.  തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം പ്രഖ്യാപനം ഉണ്ടാകും.